(നവകാല്പനികതയുടെ പാട്ടുകാരൻ, അനിൽ പനച്ചൂരാനെ അനുസ്മരിക്കുന്നു: പി. ശിവപ്രസാദ്)

അനിൽ നല്ല കൂട്ടുകാരനായിരുന്നു. അവന്റെ കവിതയുടെ മസൃണത പോലെയും പാട്ടുകളുടെ ലാളിത്യം പോലെയുമുള്ള സൗഹൃദം.1986 മുതൽ കുറെയേറെക്കാലം കവി ഇടക്കുളങ്ങര ഗോപനും എനിക്കുമൊപ്പം ആലപ്പുഴ-കൊല്ലം ജില്ലകളിലെ വിവിധ സാംസ്കാരിക പരിപാടികളിൽ സംഘടനകനായും പങ്കാളിയായും അവൻ ഒപ്പമുണ്ടായിരുന്നു. മുഖത്ത് നോക്കി, വെട്ടിത്തുറന്ന്, കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്ന അവൻ അങ്ങനെ പലരുടെയും ശത്രുത വാരിക്കൂട്ടി. ഒപ്പം, ഏത് ആൾക്കൂട്ടത്തിലും സ്വന്തം ശബ്ദം വേറിട്ടതാക്കാൻ പരിശ്രമിച്ച് വിജയിക്കുകയും ചെയ്തു. ചൊൽക്കവിതകളുടെ അക്കാലത്ത് കടമ്മനിട്ടയോട് അതിയായ ആരാധന സൂക്ഷിച്ചുകൊണ്ട്, കവിതകൾ പാടി അവൻ വേദികളിൽ നിറഞ്ഞു. ആദ്യകാലത്തെ ‘മൂത്ത് പഴുക്കാത്തത്’ എന്ന വിമർശനം ഏറ്റുവാങ്ങിയ കവിതകളും ആസ്വാദകർ ഏറ്റെടുത്തു. അങ്ങനെയൊരു കാലത്താണ് അനിലിന്റെ ആദ്യ കവിതാസമാഹാരം ഓച്ചിറ പന്ത്രണ്ടു വിളക്കുത്സവത്തിന്റെ തിരക്കുകൾക്കിടയിൽ, വമ്പൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ ഞങ്ങളുടെ പ്രിയകവി കടമ്മനിട്ട രാമകൃഷ്ണൻ പ്രകാശനം ചെയ്തത്. പെട്ടെന്ന് തയ്യാറാക്കിയതിന്റെ എല്ലാവിധ പോരായ്മകളും ഉണ്ടായിരുന്നു ആ പുസ്തകത്തിന്. എങ്കിലും, ആ പുസ്തകം അനിലിന്റെ കാവ്യജീവിതത്തിലേക്കുള്ള മികച്ച ഒരു പടിവാതിലായി പരിണമിച്ചു.


തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നടന്ന സാഹിത്യ അക്കാദമി കവിതാ ശില്പശാലയിൽ ഒന്നിച്ച് പങ്കെടുത്തതും, എൻ്റെ വിവാഹത്തിന് സ്വയം വരച്ച വർണ്ണചിത്രത്താൽ അവൻ ആശംസ നേർന്നതും…. ഒക്കെയൊക്കെ മങ്ങാത്ത ഓർമ്മകളാണ്. ‘വിവാഹത്തിന് ആശംസ നേരുമ്പോൾ, പാമ്പ് തവളയെ വിഴുങ്ങുന്ന പ്രതീകാത്മകത്വം പരീക്ഷിക്കാൻ എങ്ങനെ മനസ്സുവന്നെടാ കാലാ…’ എന്ന എന്റെ ചോദ്യത്തിന്, പാമ്പോ താവളയോ, ഒന്ന് മറ്റൊന്നിനെ വിഴുങ്ങാതെ വഴിയില്ല എന്ന അവൻ നസ്യം പറഞ്ഞു ചിരിച്ചു. ‘ധൂർജ്ജടി’ എന്ന വാക്ക് (ഭാരമേറിയ ജടയോട് കൂടിയവന്‍, ശിവൻ്റെ ഒരു പര്യായം) അന്ന് എന്നെ പേരായിട്ട് വിളിക്കുമായിരുന്ന രണ്ട് സ്നേഹിതരിൽ ഒരാൾ അനിലായിരുന്നു. അല്പം നിർബ്ബന്ധബുദ്ധിയായി ചിലപ്പോൾ തോന്നുമെങ്കിലും എല്ലാവരോടും സ്നേഹമായിരുന്നു. എന്നാൽ, ഒരഭിപ്രായം ആർക്കെങ്കിലും ഇഷ്ടപ്പെടില്ല എന്ന കാരണത്താൽ ഒരിക്കലും പറയാതിരിക്കില്ല എന്നത് അവന്റെ പ്രഖ്യാപിത നിലപാടായിരുന്നു. അത്തരത്തിൽ കൃത്യതയില്ലാതെ എടുത്ത ഒരു നിലപാട് അവനെ കുഴക്കിയ ഒരു സംഭവം ഓർമ്മവരുന്നു. ഒരിക്കൽ കോഴിക്കോട് ബീച്ചില്‍ ഡി.സി. ബുക്‌സ് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ നടന്ന സംവാദത്തിലെ ‘ലൗ ജിഹാദ്‘ പരാമര്‍ശം കവിയെ വിമർശനവിധേയനാക്കുകയുണ്ടായി. ആ കേസുകൾ അന്വേഷിച്ച കേരളപോലീസും വിധി പ്രസ്താവിച്ച ഹൈക്കോടതിയും അതൊരു കെട്ടുകഥയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇത്തരം ചിലതുകൂടി ആ വ്യക്തിത്വത്തിന്റെ ഒപ്പമുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുകയായിരുന്നു.

ഇഷ്ടപ്പെട്ട പാട്ടുകൾ:
ആയിരക്കണക്കിന് മൊബൈൽ ഫോണുകളുടെ റിങ്-ടോണായി മാറിയ “ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം” (അറബിക്കഥ) എന്ന പാട്ടാണ് പനച്ചൂരാൻ എന്ന പാട്ടെഴുത്തുകാരനെ അടയാളപ്പെടുത്തിയതെങ്കിലും, എനിക്ക് അതിലേറെയിഷ്ടം അതേ സിനിമയിലെ “താരകമലരുകൾ വിരിയും പാടം ദൂരെ” എന്ന പാട്ടാണ്. “ഉറങ്ങാതിരിക്കിലും ഉറങ്ങിയെന്നാകിലും നീയെൻ കിനാവിലെ ചെന്താരകം” എന്നൊക്കെയുള്ള ലളിതകൽപ്പനകൾ അസ്സലായിരുന്നു. “വ്യത്യസ്തനാമൊരു ബാർബറാം ബാലനെ” (കഥ പറയുമ്പോൾ) ഇഷ്ടപ്പെടാത്ത ആരും ഉണ്ടാകാൻ വഴിയില്ല. അതിലെ ഭാഷാപ്രയോഗം വളരെ വ്യത്യസ്തവും രസകരവുമായിരുന്നു. “ബാലൻ ഒരു കാലൻ, മുടിമുറിശീലൻ, അതിലോലൻ, മുഖവടിവേലൻ..” എന്ന പ്രയോഗം ആലോചനാമൃതമായി.


“കുഴലൂതും പൂന്തെന്നലേ, മഴനൂൽ ചാർത്തി കൂടെ വരുമോ?” (ഭ്രമരം), എന്ന പാട്ടിൽ “പനിമതിയുടെ കണം വീണ നെഞ്ചിൽ താളം, പുതുമഴയുടെ മണം തന്നു എന്നും ശ്വാസം, എന്റെ ജന്മ സുകൃതാമൃതമായ് കൂടെവന്നു നീ പൊൻകതിരേ..” എന്നിങ്ങനെ പ്രണയവും രതിയും ഇഴചേരുന്ന ദൃശ്യത്തിന് ഉത്തമഗീതമായി ആ പാട്ട്. “ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട് കാത്തുനിന്നതാര്?” (മാണിക്യക്കല്ല്), എന്ന പാട്ടിൽ “മഞ്ചാടിത്തുരുത്തിലെ കുഞ്ഞാറ്റക്കുരുവിക്ക് മകരനിലാവിൻ മനസ്സറിയാം.. വല്ലാതെ വലയ്ക്കുന്ന കണ്ണോട്ടമേൽക്കുമ്പോൾ മനസ്സിന്റെ ജാലകം തുറന്നുപോകും..” എന്നൊക്കെ മനസ്സ് തുറക്കുന്ന അവസ്ഥ മനോഹരമാക്കിയ ഭാവവിന്യാസം. ഇത്തരം ധാരാളം പാട്ടുകൾ അനിലിന്റെ പ്രതിഭയായി എടുത്തു പറയാൻ സാധിക്കും.

ഇഷ്ടപ്പെട്ട  കവിതകൾ:
വലയിൽ വീണ കിളികൾ, ചാന്ദ്രായനം, പ്രണയകാലം, അനാഥൻ ഉൾപ്പെടെയുള്ള കവിതകളൊക്കെ ജനപ്രിയമായിരുന്നു. രാഷ്ട്രീയ നിലപാടുകളിൽ ഒരു സന്ദേഹിയെപ്പോലെ പലപ്പോഴും കൂടുവിട്ട് കൂടുമാറുന്ന മനസ്സായിരുന്നു അനിലിന്റേത്. അത് രക്സ്തസാക്ഷികളുടെ ഇടത്തു നിന്ന് എതിർപക്ഷത്തേക്കും. കവിതകൾ ആത്മാലാപത്തോടൊപ്പം മികച്ച വിമർശനം കൂടിയായിരുന്നു.

“ശിലപോല്‍ തറഞ്ഞു കിടന്നൊരെന്‍ ജീവിതം
യുഗപൌരുഷത്തിന്റെ ചരണ സംസ്പര്‍ശത്താല്‍
തരളിതമാക്കിയ പ്രണയമേ…
നീയെനിക്കൊരു മുദ്രപോലുമേകാതെ
നഖം കൊണ്ടൊരു പോറല്‍,
ഒരു വെറും ദന്തക്ഷതം അല്ലെങ്കില്‍
ഓമനിക്കാനൊരു മുറിവെങ്കിലും
പകര്‍ന്നേകാതെ മറയുന്നുവോ…?
എന്ന് പറഞ്ഞു തകര്‍ന്നു കിടപ്പവള്‍
പുണ്യ പുസ്തകത്തിലെ ശാപശിലയാം അഹല്യയല്ലാ…. 
(കവിത: ഒരു മഴ പെയ്തെങ്കിൽ)

പാമരം പൊട്ടിയ വഞ്ചിയില്‍ ആശകള്‍
എങ്ങോട്ടെന്നില്ലാതെ യാത്രപോകെ,
പേക്കാറ്റു വീശുമ്പോള്‍ തുഞ്ചത്തിരിക്കുവാന്‍
ആരോരും ഇല്ലാത്തോരേകാകി ഞാന്‍…
വേദനയാണെനിക്കിഷ്ട്ടം
പതിവായി കരയാതിരിക്കുന്ന കഷ്ടം
നോവിന്റെ വീഥിയില്‍ ഏകനായ്‌ പോകുവാന്‍
നോയമ്പെടുത്തു സഹര്‍ഷം..
(കവിത: പൂക്കാത്ത മുല്ലയ്ക്ക്)

ജീവിതം വെറും മൂന്നക്ഷരം
മഹാ മഠയത്തരം
മരണം മധുരമന്ത്രാക്ഷരം
മൌനം പോലെ മഹത്തരം
ദളിത ഹൃദയനിണമൂറ്റുന്ന ജീവിത-
ദുരിതമൊക്കെമൊടുക്കുന്നൊരഷൌധം
ജീവിതം വെറും മൂന്നക്ഷരം
മഹാ മഠയത്തരം …….വിരലൊടിച്ചു ചമതയാ‍ക്കി
മോഹമൂലങ്ങള്‍ ചുട്ടടെക്കുന്നു
കരളെടുത്തൊരു കവിതയാക്കുവാന്‍
കിളി വരുന്നിതാ.
(കവിത: ശാന്തിവനം തേടി)

ഞാനാണ് കര്‍ണ്ണന്‍
ഒരുപാട് നാളായ് കരയുന്ന അവര്‍ണ്ണന്‍
കരളില്‍ വര്‍ണ്ണങ്ങളരുതാത്തവന്‍
പിറന്നതേത് വര്‍ണ്ണത്തിലാണെറിയാത്തവന്‍
അടികൊണ്ട് വാടിയ കവിളില്‍ ഒരമ്മയുടെ
കടംകൊണ്ട കണ്ണീര്‍ തടാകം കിനിയുന്നൂ…
ഓരോ തെരുവിലും എന്‍ ശപ്തജന്മങ്ങള്‍
ഓമനകളല്ലാതെ വളരുന്നൂ.
(കവിത: കർണ്ണൻ)

പ്രണയം – പ്രണയനിരാസം, വിപ്ലവം-വിപ്ലവനിരാസം, ആസക്തി-അനാസക്തി, മതേതരത്വം-മാതാത്മകത്വം എന്നിങ്ങനെ നിരവധി വൈപരീത്യങ്ങളുടെ ആകെത്തുകയാണ് അനിൽ പനച്ചൂരാൻ. അത് കവിതയിലും ജീവിതത്തിലും അങ്ങനെത്തന്നെ പ്രകടമായി എക്കാലവും നിലനിന്നു. അവയോടൊക്കെ നമുക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അക്കാര്യത്തിൽ പരാതിയില്ല.

‘എപ്പോഴും പെയ്തുകൊണ്ടിരിയ്‌ക്കേണ്ടുന്ന ഒന്നാണ് പ്രണയം. ഹൃദയത്തിന്റെ ലാവണ്യലഹരിയായ്, ജീവന്റെ ഇന്ധനമായ്, തീര്‍ച്ചയായും ഞാനതിന്റെ പൊരുള്‍ തേടുന്നയാളാണ്.’ എന്ന് കവി തന്നെ സമ്മതിച്ചിട്ടുണ്ട്. ‘എഴുത്തച്ഛൻ മുതലിങ്ങോട്ട് സമകാലികരായ കവികൾ വരെ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അവരെല്ലാം ജീവിതത്തെ കരുക്കൾ നിരത്തി കീഴടക്കിയതിനേക്കാൾ കരുക്കളായി സ്വയം മാറിയവരാണ്. എഴുത്തച്ഛന്റെ “കരളില്‍ വിവേകം കൂടാതെ കണ്ടൊരു നിമിഷം ബത കളയരുതാരും, മരണം വരുമിനിയെന്നുനിനച്ചിഹ മരുവുക സതതം…” എന്നിങ്ങനെ ചിന്തിക്കാൻ മടിക്കുന്നതെന്തിന്’ എന്നും കവി ചോദിച്ചിട്ടുണ്ട്. ജീവിതത്തിന് നല്ലൊരു കാവ്യബിംബം ഏതെന്ന് ചോദിച്ചാൽ, ‘മറവിയുടെ കുണ്ടിനിടവഴിയില്‍ നിന്ന് കയറൂരിയെത്തുന്ന മൂരിക്കിടാവാണു ജീവിതം’ (കവിത: വാരഫലം) എന്ന് പറയും ഈ കവി.

‘ജീവിതം- വെറും മൂന്നക്ഷരം’ എന്നും മറ്റൊരു കവിതയില്‍ (ശാന്തി വനം തേടി) പ്രയോഗിച്ചിട്ടുണ്ട്. ശാന്തി എന്നാല്‍ ആത്മശാന്തി മാത്രം. ജീവിതമെന്നത് സത്യമോ, സമസ്യയോ എന്ന് ചോദിച്ചാൽ, ‘രണ്ടായാലും അതിനെ സാക്ഷാത്കരിക്കുകയാണ് നാമെല്ലാം’ എന്നതാണ് കവിയെ നയിക്കുന്ന ചിന്ത. ജനിമൃതികള്‍ക്കപ്പുറവും ഇപ്പുറവും അറിയാതുള്ള ഒരു യാത്രയാണിത് എന്ന ചിന്ത. അതാണു ജീവിതം. മറവിയുടെ അനന്തമായ ജന്മങ്ങള്‍ കടന്ന് ഒരു പുതിയ കുണ്ടïനിടവഴിയിലൂടെ മൂരിക്കിടാവായി പശുജന്മം വീണ്ടും കടന്നുവരികയാണ്. ഓരോ വ്യക്തിയിലും ഇത്തരം ഒരവർത്തനമുണ്ടെന്ന് കവി പറയും. അത്തരമൊരു ജീവിതചക്രത്തിൽനിന്ന് മെല്ലെ വ്യതിചലിച്ച് ചിറകടിച്ച് പറക്കുന്ന ഭ്രമരമായി കവിയുടെ മനസ്സ് പിന്നെയും സഞ്ചരിക്കുന്നതായി കരുതാനാണ് എനിക്കിഷ്ടം.

– പി. ശിവപ്രസാദ്


Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!