Is Love Enough? SIR

വൻ ചിത്രങ്ങളുടെ പിന്നണിയിൽ അധികമൊന്നും കണ്ടിട്ടില്ലാത്ത ഒരു സംവിധായികയും പ്രേക്ഷകർക്ക് താരതമ്യേന അപരിചിതരായ നടീനടന്മാരും ചേർന്ന് ഒരുക്കിയ ഒരു കൊച്ചു ചിത്രം, പതിയെ, ചെറിയ ഫെയിമുകളിലൂടെ, ഒരു ക്ലാസ്സിക് ഭാവമാർജ്ജിച്ച് പ്രേക്ഷക മനസ്സിലേക്ക് കയറി അവിടെയങ്ങനെ ഇരിപ്പുറപ്പിക്കുന്ന അനുഭവമാണ് Is love enough SIR എന്ന ചിത്രം തരുന്നത് എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല.

എത്രയൊക്കെ ലിബറൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമൂഹത്തിൽപ്പോലും നിലനില്ക്കുന്ന വർഗ്ഗവിവേചനം ഒരു മെട്രോ സിറ്റിയിലെ ഫ്ലാറ്റിന്റെ പശ്ചാത്തലത്തിൽ ഭംഗിയായി പറഞ്ഞിരിക്കുന്നു. വളർന്നു വരുന്ന മധ്യവർഗ്ഗത്തിന്, ‘കാംവാലിബായി ‘മാരില്ലാതെ ജീവിക്കാൻ ബുദ്ധിമുട്ടാണ് – പ്രത്യേകിച്ചും ജീവിതം അത്രമേൽ വേഗത്തിലോടിത്തളരുന്ന മെട്രോ കളിൽ. ഗ്രാമങ്ങളിൽ നിന്ന് വീട്ടുജോലിക്കായി നഗരങ്ങളിൽ ചേക്കേറുന്ന സ്ത്രീകൾ, അവരെ കാത്തിരിക്കുന്ന അസംഖ്യം പ്രതിബന്ധങ്ങളെ നേരിട്ടും ആ ജീവിതത്തിൽ പിടിച്ചു നില്ക്കുന്നതിന് നമുക്കെല്ലാം അറിയാവുന്നതു പോലെയുള്ള ഒരേയൊരു മുഖ്യ കാരണമേയുള്ളൂ – പണം. ഗ്രാമങ്ങളിൽ, തങ്ങളയച്ചു കൊടുക്കുന്ന പണം കാത്തിരിക്കുന്ന കുടുംബം. അവരുടെ എണ്ണമറ്റ ആവശ്യങ്ങൾ. 

രത്ന എന്ന യുവവിധവയും അങ്ങനെയൊരാളാണ് – കൈവളയിടാൻ വൈധവ്യം അനുവദിക്കാത്ത, എന്നാൽ ഗ്രാമത്തിന്റെ നോട്ടമെത്താത്തിടത്ത് വളയിട്ട് ചന്തം നോക്കുന്നവൾ. രത്നയായി തിലോത്തമ ഷോം അതിശയകരമായ പ്രകടനമാണ് നടത്തിയിരിക്കുന്നത്. പതിഞ്ഞ താളത്തിലുള്ള ബോഡി ലാംഗ്വേജും അങ്ങേയറ്റം വിധേയത്വം നിറഞ്ഞ പെരുമാറ്റവും സൂക്ഷിക്കുമ്പോഴും അവൾ തികഞ്ഞ ശുഭാപ്തി വിശ്വാസിയാണ്. അടുക്കും ചിട്ടയോടും കൂടി അശ്വിൻ എന്ന US – returned വീട്ടുടമയുടെ വീടും ജീവിതചര്യകളും കൂറോടെ പരിപാലിക്കുന്നവളാണ് രത്ന. ഒരു കൈവഴിയിൽ വച്ച് അപ്രതീക്ഷിതമായി ജീവിതം വഴിമാറിപ്പോകുന്ന അശ്വിന്, തന്റെ കൊച്ചു ജീവിതം തന്നെ പഠിപ്പിച്ച ശുഭചിന്തകൾ അവൾ പകർന്നു കൊടുക്കുന്നു. പതിനഞ്ചാം വയസ്സിൽ തുടങ്ങി മാസങ്ങൾക്കുള്ളിൽ അവസാനിച്ച വിവാഹ ജീവിതവും തുടർന്ന് ഒന്നും പ്രതീക്ഷിച്ചു കൂടെന്ന് വിധിക്കപ്പെടുന്ന വൈധവ്യവും കടന്ന്, ഫാഷൻ ഡിസൈനർ എന്ന തന്റെ ചിരകാല സ്വപ്നത്തിലേക്ക് യാത്ര ചെയ്യുന്ന അവളെ അശ്വിൻ ഒട്ടൊരു ബഹുമാനത്തോടെ തന്നെ കാണുന്നു.

പരമ്പരാഗതമായി ‘ബായി’മാരോട് പുലർത്തേണ്ടതെന്ന് വിശ്വസിക്കപ്പെടുന്ന ചില ഫ്യൂഡലിസ്റ്റ് പെരുമാറ്റങ്ങൾ, അത് തന്റെ സുഹൃത്തുക്കളിൽ നിന്നാണെങ്കിൽപ്പോലും, രത്നയെ അവയിൽ നിന്നൊക്കെ രക്ഷിക്കാൻ അശ്വിൻ ഒരുമ്പെടുന്നുണ്ട്. മാനുഷികതക്ക് പ്രാധാന്യം നല്കുന്ന രണ്ടു പേർ തമ്മിൽ പരസ്പരം Emotionally available ആകുന്നതോടെ അവർക്കിടയിൽ ഉടലെടുക്കുന്ന രസതന്ത്രം വളരെപ്പതിയെ പ്രേക്ഷകരിലേക്കും സംവദിക്കപ്പെടുന്നു. യാഥാസ്ഥിതിക സമൂഹത്തിൽ ഇത്തരമൊരു ബന്ധം വിലക്കപ്പെട്ട ഒന്നാണ്. താനനുഭവിക്കുന്ന കരുതലും പിന്തുണയും സത്യസന്ധമാണെന്ന് എത്രയൊക്കെ മനസ്സിലാക്കിയാലും സമൂഹത്തെ ഭയന്ന് പലപ്പോഴും ഒളിച്ചോടേണ്ടി വരുമെന്ന് നാം വീണ്ടും കാണുകയാണ്. എത്രയോടിയാലും ഒളിക്കാനിടമില്ലെന്ന് തിരിച്ചറിയുന്ന രണ്ടു പേർ ഒടുക്കം ഒരു ഫോൺകോളിനിരുപുറങ്ങളിലിരുന്ന് ‘അശ്വിൻ’ എന്ന ഒറ്റ വിളിയിൽ ഒത്തുചേരുന്നതിലും ഭംഗിയായി ഈ ചിത്രം അവസാനിപ്പിക്കുന്നതെങ്ങനെ!

രത്ന എന്ന കഥാപാത്രത്തിന്  അശ്വിനേക്കാൾ പ്രാധാന്യം നല്കിയിട്ടുണ്ട്. അവളുടെ ചിന്തകൾ, മാനസികാവസ്ഥകൾ, ഭാവമാറ്റങ്ങൾ തുടങ്ങിയവയെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്. അശ്വിന്റെ ഫ്ലാറ്റിലെ നിശ്ശബ്ദതയിൽപ്പോലും രത്നയുടെ ചലനങ്ങളാണ് നമ്മുടെ ശ്രദ്ധയെ ആകർഷിക്കുന്നത്. വിവേക് ഗോംബർ അവതരിപ്പിച്ച നായക കഥാപാത്രം ഉപരിവർഗ്ഗ സംസ്ക്കാരത്തിന്റെ ഭാഗമായി കരുതപ്പെടുന്ന പാർട്ടികളിലും സ്ക്വാഷ് പോലുള്ള കളികളിലും ആനന്ദം കണ്ടെത്തുന്ന വെറും സാധാരണമെന്നു പറയാവുന്ന ജീവിതം നയിക്കുന്നയാളാണ്. തന്റെ ദരിദ്രാവസ്ഥകളെക്കുറിച്ച് ബോധ്യമുണ്ടെങ്കിൽത്തന്നെയും  ഏതു സാഹചര്യത്തിലും രത്ന തന്റെ അന്തസ്സിന് പ്രാധാന്യം നല്കുന്നവളാണ്, ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നവളാണ്.  തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് ഒറ്റക്ക് യാത്ര ചെയ്യുന്നവളാണ്. ലളിതമായ, ഒപ്പം  അധികാരപ്രയോഗങ്ങളില്ലാത്ത മനോഹരമായ പ്രണയത്തിന്റെ രംഗങ്ങൾ തിലോത്തമ ഷോമും വിവേക് ഗോംബറും അവരുടെ കരിയറിലെ മികച്ച പ്രകടനങ്ങൾ കൊണ്ട് ഭംഗിയാക്കിയിരിക്കുന്നു. 

അത്രമേൽ പക്വതയോടെ ഒരു ബന്ധത്തെ കൈകാര്യം ചെയ്യുന്ന, അതിസൂക്ഷ്മതലങ്ങൾ വരെ  വിട്ടു പോകാതെ നെയ്തെടുത്ത ഒരു തിരക്കഥ, രത്നയുടേയും അശ്വിന്റേയും രസതന്ത്രം ഭംഗിയായി സന്നിവേശിപ്പിച്ച സംവിധാനം. കഥ, തിരക്കഥ, സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്  Rohena Gera എന്ന സംവിധായികയാണ്. 2003 മുതൽ ബോളിവുഡിൽ തിരക്കഥാകൃത്തായി പ്രവർത്തിക്കുന്ന Rohena Gera സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും സജീവ പങ്കാളിയാണ്. 2013 ൽ Rohena യുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ What is love got to do with it? എന്ന ഡോക്യുമെന്ററി ചിത്രം മുംബൈ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധിക്കപ്പെട്ടു. Is love enough SIR  2018 ലെ 71-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ  പ്രദർശിപ്പിക്കപ്പെട്ടു. ന്യൂയോർക്ക് ഇൻഡ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡും മികച്ച നടിക്കുള്ള അവാർഡും SIR നേടി. വേൾഡ് സിനിമ ആംസ്റ്റർഡാം ഫെസ്റ്റിവലിലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്ക്കാരം, ഗാൻ ഫൗൺഡേഷൻ അവാർഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ഈ ചിത്രത്തെ തേടി എത്തി.  2020 നവംബറിലാണ് ഈ ചിത്രം ഇന്ത്യയിൽ തിയറ്റർ റിലീസിനെത്തിയത്.

തിരക്കേറിയ മുംബൈ നഗര ദൃശ്യങ്ങൾ മനോഹരമായി കോർത്തിണക്കിയിട്ടുണ്ട്. ത്രസിപ്പിക്കുന്ന സംഘട്ടനങ്ങളോ തീവ്രമായ സസ്പെൻസോ ഒന്നുമില്ലാത്ത ഒരു ചെറു ചിത്രം പ്രേക്ഷകമനസ്സിൽ ഇടം നേടുന്നത്, ആ ചിത്രം  സത്യസന്ധമായി അവരോട് സംവദിക്കുന്നതു കൊണ്ടാണ്. തീർച്ച.

യമുന


Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!