Home Interviews കുന്നോളം സ്വപ്നങ്ങൾ കാണുക, ലക്ഷ്യത്തിൽ എത്താൻ പരിശ്രമിക്കുക. സ്വപ്നം കാണുന്നതിനു Tax കൊടുക്കണ്ടല്ലോ.

കുന്നോളം സ്വപ്നങ്ങൾ കാണുക, ലക്ഷ്യത്തിൽ എത്താൻ പരിശ്രമിക്കുക. സ്വപ്നം കാണുന്നതിനു Tax കൊടുക്കണ്ടല്ലോ.

0

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലെ സ്ലീവാച്ചന്റെ പെങ്ങളായെത്തി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് സ്മിനു സിജോ. സ്വാഭാവികതയുള്ള അഭിനയമാണ് സ്മിനുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. തന്റെ അഭിനയ ജീവിതത്തെ കുറിച്ച് സിനിമവാർത്തകളോട് മനസ് തുറക്കുകയാണ് സ്മിനു സിജോ.

സ്മിനു സിജോ. ഇന്ന് റിലീസ്സാകുന്ന എല്ലാ മലയാള സിനിമയിലും നിർണായക റോളിൽ താങ്കൾ ഒരു കഥാപാത്രം ആയിട്ടുണ്ട്. എങ്ങിനെ ആണ് ഇങ്ങിനെ തിരക്കായത്?

അയ്യോ, ഞാൻ അത്ര വല്യ തിരക്കുള്ള ആളായിട്ടില്ല, വെറും ഒരു സാധരണക്കാരി. ദൈവാനുഗ്രഹത്തൽ കുറേ നല്ല സിനിമയുടെ ഭാഗമകാൻ കഴിഞ്ഞു. നല്ല കഴിവുള്ള സംവിധായകരുടെ ഡയറക്ഷനിൽ അഭിനയിക്കാൻ പറ്റി, പിന്നെ കഴിവും പ്രശസ്തിയും ഉള്ള ഒരുപാട് നടൻന്മാരുടെയും നടിമാരുടെയും കൂടെ ഒന്നിച്ച് അഭിനയിക്കാൻ കഴിഞ്ഞു. ചെയ്ത സിനിമകൾ എല്ലാം വളരെ മനോഹരം ആയിട്ടുള്ളവയായിരുന്നു.

ഇറങ്ങിയ പടങ്ങളും സൂപ്പർ, ഇത്രയും നല്ല സിനിമകളുടെ ഭാഗമകാൻ പറ്റിയതിൽ ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്. ഒന്നും അല്ലാതായി തീർന്നു പോകേണ്ട എന്നെ എന്തെങ്കിലും ഒക്കെ ആക്കി തിർത്ത ഈശ്വരനോടു ഈ നന്ദി പറയുന്നു. എനിക്ക് എല്ലാ സ്വാതന്ത്യവും തരുന്ന എൻ്റെ ഭർത്താവും എൻ്റെ മക്കളും എൻ്റെ കുടുംബവും ഇവരുടെ പിന്തുണയാണ് ഇന്നെൻ്റെ ബലം. എന്റെ ആത്മവിശ്വാസം.

റോഷൻ ആൻഡ്രൂസിന്റെ സ്കൂൾ ബസ് എന്ന സിനിമയിൽ തുടങ്ങി. എങ്ങിനെയാണ് ചങ്ങനാശ്ശേരിയിൽ നിന്ന് ഈ വീട്ടമ്മ സിനിമയിൽ എത്തിയത്?

ചങ്ങനാശ്ശേരി പായിപ്പാട് കൊച്ചു പള്ളി ആണ് എൻ്റെ ജന്മനാട്. അന്നും ഇന്നും എന്നും എൻ്റെ ലോകം തന്നെ അവിടെയാണ്. കല്യാണ ശേഷം ചങ്ങനാശ്ശേരി കോട്ടമുറിയും എനിക്ക് പ്രിയപ്പെട്ടതായി. ചങ്ങനാശ്ശേരി, പായിപ്പാട്, കോട്ടമുറി, പീടികപടി എന്നിങ്ങനെ ഒതുങ്ങി തീരേണ്ട എൻ്റെ ലോകത്തേയ്ക്ക് സിനിമ സ്വപ്നങ്ങൾ കൊണ്ടു തന്നത് എൻ്റെ കൂട്ടുകാരി ഷാൻ്റി സുനിൽ ആണ്.

എൻ്റെ അനുവാദം ഇല്ലാതെ ഞാൻ അറിയാതെ അവൾ ചെയ്ത ഒരു കുസൃതി. ഒന്നും അല്ലാതെ ഇരുന്ന എന്നെ എന്തൊക്കെയൊ ആക്കി. സ്വപ്നം കാണാൻ യോഗ്യത ഇല്ലെന്നു കരുതി സ്വപ്നം പോലും കാണാത്ത സിനിമാ ലോകത്തേയ്ക്ക് റോഷൻ ആൻഡ്രൂസ് സാറിൻ്റെ സ്കൂൾ ബസിലൂടെ ഞാൻ സിനിമലോകത്തെക്ക് എത്തി.

ഞാൻ പ്രകാശനിൽ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ശ്രീനിവാസന്റെ ഭാര്യ. വലിയ break നൽകാൻ കഴിയുന്ന ഒന്നായിരുന്നു അതു. പക്ഷെ break നൽകാൻ ‘കെട്ട്യോളാണ് മാലാഖ’ വേണ്ടി വന്നു. അല്ലേ?

അങ്ങനെ പറയരുത്, ഞാൻ പ്രകാശൻ കണ്ടിട്ടാണ് കെട്ട്യോളണെൻ്റെ മാലാഖയിലേയ്ക്ക് വിളിക്കുന്നതു പോലും. ഞാൻ പ്രകാശനിൽ അഭിനയിച്ചില്ലങ്കിൽ ഒരിക്കലും കെട്ട്യോളാണെൻ്റ മാലാഖയിലേയ്ക്ക് അവരെന്നെ വിളിക്കില്ലായിരിക്കും.

ആദ്യായി സിനിമയിൽ അഭിനയിക്കാനുള്ള ധൈര്യം തന്നതും പ്രോൽസാഹനം തന്നതും എല്ലാം സത്യൻ സാറും ശ്രീനിയേട്ടനും ആണ്. സത്യൻ സാറിൻ്റെയും ശ്രിനിയേട്ടൻ്റെയും കൂടെ Work ചേയ്യാൻ പറ്റിയതു എൻ്റെ ഭാഗ്യമായി തന്നെ കരുതുന്നു.

കെട്ട്യോളാണ് മാലാഖയിലെ സ്ലീവാചന്റെ പുന്നാര പെങ്ങൾ, അന്ന. ഒരു പാട് നിരൂപക പ്രശംസ ലഭിച്ചു. അനുഭവം പറയാമോ?

കെട്ട്യോളാണെൻ്റെ മാലാഖ എന്ന സിനിമയിൽ എൻ്റെ കുട്ടായിടെ അന്നേച്ചി. ഒരു സാധാരണ വീട്ടമ്മയായി തീരേണ്ട എന്നെ എന്തൊക്കെയൊ ആക്കി തിർത്ത എൻ്റെ മാലാഖ. ഇന്നും എല്ലാവരും ഓർത്തിരിക്കുന്ന അവരുടെ സ്വന്തം അന്നേച്ചി. കൂടുതലും ആളുകളും എന്നെ വിളിക്കുന്നതും അന്നേച്ചിയെന്നു തന്നെയാണ്. ആ സ്നേഹത്തോടെയുള്ള വിളി കേൾക്കുമ്പോൾ ഒരു പ്രത്യേക സന്തോഷം തന്നെയാണ്.

ആ വിളിയിൽ ഒരു ബഹുമാനവും സ്നേഹവും ഉണ്ട്. എന്നും എല്ലാരുടെയും അന്നേച്ചിയായി, ചേച്ചിയമ്മയായി ജീവിക്കാനാണ് എനിക്കും ഇഷ്ടം. അന്നേച്ചി എന്ന കഥാപാത്രത്തിനു ജീവൻ കൊടുക്കാൻ സാധിച്ചതു തന്നെ എൻ്റെ കുട്ടായിയും, മാത്യു തോമസ് പ്ലാമുട്ടിലും,നിസാമും, തങ്കവും, അഭിയും, മുഹമ്മദും അവിടെ ഉള്ള ബാക്കി എല്ലാരുടെയും കൂട്ടായ സഹകരണവും സ്നേഹവും ഒന്നു കൊണ്ടു മാത്രമാണ്.

പിന്നിങ്ങോട്ട് സിനിമകളുടെ ഒരു ഘോഷയാത്ര. യുവം, ഓപ്പറേഷൻ ജാവ, പ്രീസ്റ്റ്, സുനാമി അങ്ങിനെ. വരാനുള്ള സിനിമകൾ ഏതൊക്കെയാണ്?

ഇനി വരാന്നുള്ള സിനിമകൾ ഭ്രമം, മെമ്പർ രമേശൻ ഒൻപതാം വാർഡ്, പ്രകാശൻ പറക്കട്ടെ, ഖാലി പേഴ്സ്, പ്രിയൻ ഓട്ടത്തിലാണ്,വാതിൽ, നായാട്ട്, ആറാട്ട്, Four, മധുരം എന്നിവയാണ്. ഈ സിനിമകളുടെ ഷൂട്ടിംഗ് കഴിഞ്ഞതാണ്. ചില സിനിമകളുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.

മമ്മൂട്ടിയുടെ പ്രീസ്റ്റ്, മോഹൻലാലിൻറെ ആറാട്ട്.. സെലക്റ്റീവ് ആയി മാറുമോ?

ഞാൻ നേരത്തെ പറഞ്ഞല്ലൊ, തികച്ചു യാദൃശ്ചികമായി സിനിമയിൽ വന്ന ഒരു വ്യക്തിയാണ്. എങ്കിലും എൻ്റെ ഭാഗ്യം കൊണ്ടും ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ടും കിട്ടിയ സിനിമകൾ എല്ലാം മാഹാനടൻന്മാരുടെ കൂടെയും നല്ല ഡയറക്ടർമാരുടെ കൂടെയും നല്ല പ്രോഡക്ഷൻ്റ കൂടെയും ഹിറ്റ് സിനിമകൾ ചെയ്യാൻ കഴിഞ്ഞു എന്നുള്ളതാണ്.

ഞാൻ നാളെ പറ്റി ചിന്തിക്കാറില്ല, ഇന്നെവിടെ നിൽക്കുന്നു, ഇപ്പോൾ എന്തു ചെയ്യുന്നു അതു ചെയ്യണം അത്ര മാത്രം. ഞാൻ പോലും പ്രതിക്ഷിക്കാതെ എന്നിലേയ്ക്ക് വന്നതാണ് സിനിമ. ഞാൻ എന്താവണം എന്നും ദൈവം തിരുമാനിക്കട്ടെ. ഒന്നും പ്ലാൻ ചെയ്യുന്നില്ല. മമ്മൂക്കയുടെ കൂടെയും ലാലേട്ടൻ്റെ കൂടെയും അഭിനയിക്കാൻ പറ്റിയതിൽ പറഞ്ഞറിയിക്കൻ പറ്റാത്ത അത്ര സന്തോഷമുണ്ട് എനിക്ക്.

മമ്മൂട്ടി പ്രോത്സാഹിപ്പിച്ചു എന്ന് വായിച്ചു കേട്ടു. അതൊക്കെ വലിയ അംഗീകാരം അല്ലേ?

മമ്മൂക്ക പ്രോത്സാഹിപ്പിച്ചത് വല്യ അംഗികാരം അല്ലയോ എന്നോ. അതെന്തു ചോദ്യാണ്,ഒട്ടും സംശയം ഇല്ലാതെ പറയാലോ മമ്മൂക്ക പറഞ്ഞ ഒരോ വാക്കുകളും എനിക്ക് ഓസ്കാർ കിട്ടിയതുപോലെയാണ്. അഭിനയത്തിൻ്റെ ABCD പോലും അറിയാത്ത എന്നെ പോലുള്ളവർക്ക് അഭിനയിക്കണമെങ്കിൽ ഉള്ളിൽ ഭയം ഉണ്ടാവാൻ പാടില്ലാ.

പ്രിസ്റ്റിലെ എൻ്റെ അഭിനയം നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടുണ്ടെങ്കിൽ അതു മമ്മൂക്ക തന്ന പ്രോത്സാഹനം തന്നെയാണ്. അതുപോലെ എൻ്റെ എല്ലാ പടങ്ങളും നിങ്ങൾക്ക് ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അതെൻ്റെ കഴിവു ഒന്നു കൊണ്ടു മാത്രമല്ല. ഒരോ സിനിമയിലും പ്രവർത്തിക്കുന്നവരുടെ കൂട്ടായ സ്നേഹവും സഹകരണവും കൊണ്ടു മാത്രമാണ്.

സിനിമ മോഹവുമായി നിരവധി പേരുണ്ട്. നിരവധി അവസരങ്ങൾ ലഭിച്ച ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ അവർക്കുള്ള ഒരു പോസിറ്റീവ് മെസ്സേജ് എന്താണ്?

ലോകത്ത് ഭൂരിഭാഗം പേരും സിനിമയെ സ്വപ്നം കാണുന്നവരാണ്. അതിൽ ഒരാൾ തന്നെയായിരുന്നു ഞാനും. എന്നാൽ ചെന്നെത്താൻ ഒരിക്കലും സാധിക്കില്ലാന്ന് ഉറപ്പുള്ള എൻ്റെ സ്വപ്നങ്ങൾ. ഞാൻ പ്രതീക്ഷിക്കാതെ എന്നിൽ വന്നെത്തിയ എൻ്റെ ഭാഗ്യമാണ് സിനിമകൾ.

ആഗ്രഹങ്ങളും സ്വപ്നങ്ങളും സത്യം ഉള്ളതാണെങ്കിൽ നമ്മുക്ക് അർഹത പെട്ടതാണെങ്കിൽ അതൊരിക്കൽ നമ്മളിൽ വന്നെത്തുക തന്നെ ചെയ്യും. കുന്നോളം സ്വപ്നങ്ങൾ കാണുക, ലക്ഷ്യത്തിൽ എത്താൻ പരിശ്രമിക്കുക സ്വപ്നം കാണുന്നതിനു Tax കൊടുക്കണ്ടല്ലോ. ജീവിക്കാൻ വേണ്ടി പഠിക്കുക, അദ്ധ്വാനിക്കുക.

മുന്നോട്ടുള്ള യാത്രകൾക്ക് സിനിമാ വാർത്തകളുടെ അഭിനന്ദനങ്ങൾ, മലയാളത്തിലെ തിരക്കുള്ള, കാമ്പുള്ള കഥാപാത്രങ്ങൾ ചെയ്യുന്ന ഒരു അഭിനേത്രിയായി സ്മിനു സിജോ വളരട്ടെ. ഇനിയുള്ള പ്രതീക്ഷകൾ എന്തൊക്കെയാണ്?

ഇനിയുള്ള പ്രതിക്ഷകൾ എന്താണെന്ന് ചോദിച്ചാൽ ഞാൻ പ്രതിക്ഷിക്കാത്തതാണ് എൻ്റെ ജീവിതത്തിൽ ഇന്നുവരെ സംഭവിച്ചിരിക്കുന്നത്. പിന്നെ കുറേ ആഗ്രഹങ്ങൾ ഉണ്ട്. ഒന്നും അത് പ്രതിക്ഷിക്കാതെ എന്തൊക്കെയൊ ആയി. കുറേ ആൾക്കാരുടെ സ്വന്തം അന്നേച്ചി ആകാൻ പറ്റി, ഇനിയും കുറേ നല്ല നല്ല സിനിമകൾ ചെയ്യണം, എല്ലാവരുടെയും പ്രിയപ്പെട്ട ചേച്ചിയായി മുന്നോട്ടു പോകണം.

പിന്നെ ഒരു സങ്കടം ഉള്ളത് എൻ്റെ സ്വന്തം നാട്ടുകാരിൽ ചിലരോടാണ് വന്ദിച്ചില്ലേങ്കിലും നിന്ദിക്കരുത്. നിങ്ങൾ വളർത്തിയ മക്കളെ പോലെ, നിങ്ങളെ വളർത്തിയ മാതാപിതാക്കളെ പോലെ തന്നെ സിനിമയിൽ അഭിനയിക്കുന്നവർക്കും പ്രവർത്തിക്കുന്നവർക്കും മക്കളും മാതാപിതാക്കളും ഉണ്ട്. ഏതൊരു തൊഴിലിനും അതിൻ്റെതായാ മാഹാത്മ്യവും അന്തസ്സും ഉണ്ട്.

നമ്മൾ ശരിയാണെങ്കിൽ ലോകം തന്നെ ശരിയാണ് അല്ലാത്ത പക്ഷം, എല്ലാം തെറ്റു തന്നെയാകും. എനിക്ക് ഏറ്റവും കൂടുതൽ ബഹുമാനവും സ്നേഹവും കിട്ടിയിരിക്കുന്നത്, ഇതുവരെ കിട്ടിയിരിക്കുന്നത് സിനിമയിൽ നിന്നു തന്നെയാണ്. ഇനിയും അങ്ങനെ തന്നെ ആവും എന്നും എനിക്ക് ഉറപ്പുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE