Home Interviews സംവിധായകൻ എന്ന നിലയിൽ റിസ്ക് എടുക്കാൻ ഞാൻ തയ്യാറായിരുന്നു, റിസ്ക് എടുത്താലേ വിജയം സാധ്യമാകുകയുള്ളൂ. സംവിധായകൻ...

സംവിധായകൻ എന്ന നിലയിൽ റിസ്ക് എടുക്കാൻ ഞാൻ തയ്യാറായിരുന്നു, റിസ്ക് എടുത്താലേ വിജയം സാധ്യമാകുകയുള്ളൂ. സംവിധായകൻ സന്തോഷ് വിശ്വനാഥ്.

0

താങ്കളുടെ രണ്ടാമത്തെ സിനിമ അത് മലയാളത്തിലെ മെഗാസ്റ്റാറിനെ വെച്ച് വലിയ ക്യാൻവാസിൽ നിറയെ താരങ്ങൾ ഉള്ള ഒരു രാഷ്ട്രീയ സിനിമ. എന്താണ് ഈ മാസ്സ് സിനിമ പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകരോട് പറയാനുള്ളത്?

വൺ എന്ന ഈ സിനിമ ഒരു മാസിനു വേണ്ടി മാത്രം തയ്യാറാക്കിയിട്ടുള്ളതല്ല. ഇത് ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണ്. ഇതിലെ കേന്ദ്രകഥാപാത്രം എന്നുള്ളത് ഒരു മുഖ്യമന്ത്രിയാണ് അത് മമ്മൂക്കയാണ് അവതരിപ്പിക്കുന്നത് . മമ്മൂക്ക അവതരിപ്പിക്കുന്ന കഥാപാത്രം ഒരു മുഖ്യമന്ത്രി ആയതുകൊണ്ട് തന്നെ അതിന് ഒരു ചട്ടക്കൂട് ഉണ്ട്, ഒരു പരിധിയുണ്ട്. കേരളത്തിലെ എല്ലാവർക്കും അറിയാം നമ്മുടെ മുഖ്യമന്ത്രി എന്തൊക്കെയാണ് എങ്ങനെയൊക്കെയാണ് എന്നുള്ളത്. അപ്പോൾ സിനിമയുടെ സ്വാതന്ത്രം ഉപയോഗിച്ചുകൊണ്ട് ഒരു സിനിമയാണ് എന്നുള്ളതു കൊണ്ടും, മമ്മൂക്കയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നുള്ളതിനാലും ഇതിൽ അല്പം മാസ്സ് എന്ന രീതിയിൽ ചെയ്തിട്ടുണ്ട്. എന്നാൽ സാധാരണ ജനങ്ങൾ വിചാരിക്കുന്ന പോലെയുള്ള ഫൈറ്റ് എന്നുള്ള മാസ്സ് അല്ല ഇതിൽ പ്രയോഗിച്ചിരിക്കുന്നത് മമ്മൂട്ടി എന്ന ഒരു സ്റ്റാർ വാല്യൂ വെച്ചിട്ട് ആ കഥാപാത്രത്തെ വികസിപ്പിച്ചെടുത്ത ഒരു മാസ് ആണ്. അതുകൊണ്ടാണ് ഇതൊരു മാസ് പടം എന്നുദ്ദേശിക്കുന്നത് മാസിന് വേണ്ടി ഈ സിനിമയിൽ ഉപയോഗിക്കാൻ പറ്റുന്നതെല്ലാം add ചെയ്തിട്ടുണ്ട്. അതിനപ്പുറത്തേക്ക് വേറൊന്നുമില്ല, കാരണം ഇതിൽ മറ്റൊരു വിഷയം ആണ് സംസാരിക്കുന്നത്, ഭാവിയിൽ ചർച്ച ചെയ്യാവുന്ന അല്ലെങ്കിൽ ചെയ്യപ്പെടാവുന്ന ഒരു വിഷയമാണിത്. അങ്ങനെയുള്ള ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് ഈ സിനിമ. ഈ സിനിമ പ്രതീക്ഷിക്കുന്ന പ്രേക്ഷകരോട് എനിക്ക് പറയാനുള്ളത് ഈ സിനിമ ഒരു expectation ഒന്നുമില്ലാതെ ഫ്രീ മൈൻറ്റൊടുകൂടി തിയേറ്ററിലേക്ക് വരുക.വൺ എന്ന സിനിമ നിങ്ങളെ സന്തോഷിപ്പിക്കും എന്നതാണ് എനിക്ക് പറയാനുള്ളത്. അതാണ് എന്റെ വിശ്വാസം, അങ്ങനെതന്നെ സംഭവിക്കട്ടെ എന്നാണ് എന്റെയും പ്രാർത്ഥന

വൺ എന്ന സിനിമ സംഭവിച്ചതിനെ പറ്റി ഒന്ന് വിശദീകരിക്കാമോ?

മമ്മൂക്കയെ വെച്ച് ഒരു സിനിമ തയ്യാറാക്കുക എന്നുള്ളത് പണ്ടുമുതലേയുള്ള എന്റെ ഒരു ആഗ്രഹം ആയിരുന്നു. അപ്പോൾ ബോബി-സഞ്ജയിലെ സഞ്ജയോട് ഞാൻ ഇതെക്കുറിച്ച് പറഞ്ഞിരുന്നു,സഞ്ജു എന്നോട് രണ്ടു മൂന്ന് സബ്ജക്ടുകളെ കുറിച്ച് പറഞ്ഞു. അതു കുറച്ചൊക്കെ നമ്മൾ വർക്ക് ചെയ്തു നോക്കി വർക്ക് ചെയ്ത കുറച്ചു കഴിഞ്ഞപ്പോൾ നമുക്ക് തന്നെ തോന്നി ഇത് ശരിയാക്കുക ഇല്ലെന്ന്. മമ്മൂക്കയുടെ അടുത്തേക്ക് പോകാണം എന്നുണ്ടെങ്കിൽ ഫസ്റ്റ് ഒരു നല്ലൊരു സബ്ജക്റ്റ് വേണം. മമ്മൂക്ക കഥ കേട്ട് അത് എഗ്രി ചെയ്യുന്ന ഒരു വിഷയം ആയിരിക്കേണ്ടതുമുണ്ട്. ബോബി – സഞ്ജയ്‌ മമ്മൂക്കയെ വെച്ച് ഒരു സിനിമ ചെയ്തിട്ടില്ല. അവരുടെയും ഫസ്റ്റ് സിനിമയാണ് വൺ, എന്റെയും ഫസ്റ്റ് സിനിമയാണ്. ബോബി-സഞ്ജയുടെ ഒരു സ്ക്രിപ്റ്റ് എന്ന നിലയിൽ പോകുമ്പോൾ അവർക്കും അതിന്റെതായ ഒരു വാല്യൂ ഉണ്ടാകേണം. മമ്മൂക്കയുടെ അടുത്തേക്ക് ആദ്യമായിട്ട് പോകുമ്പോൾ മമ്മൂക്കയും അത് പ്രതീക്ഷിക്കും. അങ്ങനെയുള്ള ഒരു വിഷയത്തിനു വേണ്ടിയിട്ട് ഞങ്ങൾ കാത്തിരുന്നു, അങ്ങനെയിരിക്കെ ബോബി-സഞ്ജയിലെ സഞ്ജു എന്നെ വിളിച്ചുപറഞ്ഞു ഒരു എലെമെന്റുണ്ട് ഒന്നു നോക്കൂ എന്ന് പറഞ്ഞ്. ഒരു രണ്ട് ലൈനേ ഉള്ളു ആ രണ്ട് ലൈൻ കേട്ടപ്പോൾതന്നെ എനിക്ക് അത് വളരെ ഇഷ്ടമായി, കാരണം അതിൽ പ്രേക്ഷകരെ കൊളുത്തുന്ന ഒരു സാധനം ഉണ്ട് അതിനകത്ത്.

അങ്ങനെ കഥ ഓക്കേ ആയി, ഇത് മതിയെന്ന് തീരുമാനിച്ചു. ഞങ്ങളുടെ മനസ്സിൽ കേരളത്തിലെ മുഖ്യമന്ത്രി മമ്മൂക്ക എന്ന ഒരു ഭാവന വെച്ച് പിന്നെ ഞങ്ങളങ്ങോട്ട് ഒന്നിച്ചിരുന്ന് ഓൺലൈൻ വർക്ക്‌ ചെയ്തു. സിനിമയുടെ ഫുൾ ഡീറ്റൈൽ ഓൺലൈനായിട്ട് പറയാൻ തീരുമാനിച്ചു, അങ്ങനെ പോയിട്ടേ കാര്യം ഉള്ളു, കഥ പറഞ്ഞാലും ഓൺലൈൻ ആയിട്ട് പറഞ്ഞാലേ മമ്മൂക്കക്ക് കറക്റ്റ് ഒരു പിക്ചർ കിട്ടു. അങ്ങനെ മമ്മൂക്കയുടെ അപ്പോയ്ന്റ്മെന്റ് വാങ്ങി, സിനിമയുടെ കഥ ഓൺലൈനായിട്ട് ഫുൾ 3മണിക്കൂർ എടുത്ത് വിശദീകരിച്ചു. ഇതിന് മമ്മൂക്ക ഒക്കെ പറയും എന്ന് പൂർണ വിശ്വാസം ഞങ്ങൾക്ക് ഉണ്ടായിരുന്നു, ഒരുപക്ഷെ മമ്മൂക്ക ഒക്കെ പറയില്ലായിരുന്നെങ്കിൽ ഈ പ്രൊജക്റ്റ്‌ അപ്പോൾ തന്നെ ഉപേക്ഷിക്കുമായിരുന്നു. എന്തെന്നാൽ ഈ കടക്കൽ ചന്ദ്രൻ എന്ന ഈ ക്യാരക്ടറിനെ നമ്മടെ മനസ്സിൽ വരുന്നത് മമ്മൂക്കയുടെ ഒരു ഇമാജിലൂടെയാണ്, ഞങ്ങൾ സഞ്ചരിക്കുന്ന ഈ ചിന്തയിലും അവരുടെ എഴുത്തിലും എല്ലാം മമ്മൂക്കയുടെ ഡയലോഗ് ഡെലിവറിയും, ശരീരപ്രകൃതവും ഇതൊക്കെയാണ് കാണാൻ പറ്റുന്നത്. അപ്പോൾ മമ്മൂക്ക നോ പറയുകയാണെങ്കിൽ ആ കഥാപാത്രത്തെ വേറെ ഒരാളായിലൂടെ കാണാൻ ഞങ്ങൾക്ക് കഴിയില്ലായിരുന്നു. അത് മാത്രമല്ല ഇത് മൊത്തത്തിൽ മാറ്റും വേണം, വേറൊരുരീതിയിൽ രീതിയിൽ ചെയേണ്ടിവരും. അപ്പോൾ മമ്മൂക്ക സമ്മതിച്ചില്ലെങ്കിൽ ഈ പ്രൊജക്റ്റ്‌ ഉപേക്ഷിച്ച് വേറൊരു സബ്ജക്റ്റിലേക്ക് പോകാനായിരുന്നു തീരുമാനം. ഒരു 6 മാസം സമയമെടുത്തു ഈ ഓൺലൈൻ തയാറാക്കാൻ.

ഞങ്ങൾ ഒരു പ്രൊഡ്യൂസറിനെയും സമീപിച്ചില്ല. കാരണം ഒരു പ്രൊഡ്യൂസർ വന്നതിന് ശേഷം മമ്മൂക്ക സമ്മതിച്ചില്ലെങ്കിൽ എന്തായാലും മറ്റൊരു ആക്ടറെ കൊണ്ട് ഈ സിനിമ ചെയ്യണം, യഥാർത്ഥത്തിൽ അത് സന്തോഷമുള്ള കാര്യമാണ് എന്നാൽ അപ്പോളത്തെ ആ മാനസികാവസ്ഥയിൽ പെട്ടന്ന് അത് തയാറാക്കാൻ കഴിയില്ല അതിന് കുറെ സമയം വേണ്ടിവരും. മമ്മൂക്ക yes പറഞ്ഞാൽ ON ആവും അല്ലെങ്കിൽ ഇല്ല. മമ്മൂക്ക ഒക്കെ പറഞ്ഞതിന് ശേഷം പ്രൊഡ്യൂസറെപ്പറ്റി ആലോചിക്കാം എന്ന് കരുതി. ഈ സിനിമയുടെ ടൈറ്റിൽ പോലും ആലോചിച്ചിട്ടില്ലായിരുന്നു. കാരണം മമ്മൂക്ക ഒക്കെ പറഞ്ഞാൽ അല്ലേ ടൈറ്റിലിന്റെ ആവശ്യമുള്ളൂ എന്ന് കരുതി. അങ്ങനെ ഒരു ഓൺലൈൻ ആയിട്ടാണ് മമ്മൂക്കയെ സമീപിച്ചത്. മമ്മൂക്ക അത് കേട്ടിട്ട് ഒക്കെ പറഞ്ഞതിനു ശേഷമാണ് വൺ എന്ന സിനിമ യാഥാർത്ഥ്യമാക്കുന്നത്. എന്റെ ജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവാകുന്ന നിമിഷം വരുന്നതും മമ്മൂക്ക ഒക്കെ പറഞ്ഞതിനു ശേഷമാണ്. അത് എന്റെ ജീവിതത്തിലെ ഒരു ലാൻഡ്മാർക് ആയി നിൽക്കുന്ന വ്യക്തി കൂടിയാണ് മമ്മൂക്ക.

ആദ്യസിനിമയായ ചിറകൊടിഞ്ഞ കിനാക്കൾ വലിയ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഒരു സിനിമയായിരുന്നു. അതിലേക്ക് എത്തിയ മുഹൂർത്തങ്ങൾ സിനിമ വാർത്തകൾക്കു വേണ്ടി പങ്കുവെക്കാമോ?

96 ലാണ് ഞാൻ സിനിമ ഫീൽഡിലേക്ക് എത്തുന്നത്, സിനിമ ഫീൽഡ് എന്ന് പറയാൻ പറ്റില്ല സീരിയൽ ഫീൽഡിലേക്ക് ആയിരുന്നു ആദ്യം എത്തിയത്. കെ കെ രാജീവിന്റെ കൂടെയായിരുന്നു സീരിയൽ ഫീൽഡിൽ വർക്ക് ചെയ്തിരുന്നത്. അപ്പോഴാണ് ബോബി-സഞ്ജയെ പരിചയപ്പെടുന്നത് അവരുടെ കൂടെ ഒന്നിച്ച് വർക്ക് ചെയ്തിട്ടുണ്ട്. 2010ലാണ് സീരിയൽ ഒക്കെ മാറ്റിയിട്ട് സിനിമ ചെയ്യാൻ പുറപ്പെടുന്നത്. അപ്പോൾ എന്റെ മനസ്സിൽ ബോബി – സഞ്ജയുടെ സ്ക്രിപ്റ്റിൽ ആദ്യ സിനിമ ചെയ്യാനായിരുന്നു പ്ലാൻ ഉണ്ടായിരുന്നത് ആദ്യം. എന്തെങ്കിലും ഒരു സിനിമ ചെയ്യേണ്ട, തന്റെതായ ഒരു കയ്യൊപ്പ് പതിപ്പിക്കുന്ന സിനിമ ചെയ്യണമെന്ന ഒരു ലക്ഷ്യമാണ് ഉണ്ടായിരുന്നത്. അതിനായി ബോബി-സഞ്ജയ് യിലെ സഞ്ജുവും റോഷൻ ആൻഡ്രൂസും ചേർന്ന് ഒരു സബ്ജക്റ്റ് എന്നോട് പറയുകയുണ്ടായി, ഒരു സെറ്റയർ മൂവി സബ്ജക്ട് ആയിരുന്നു. ആദ്യ സിനിമ ചെയ്യുന്ന ഒരു സംവിധായകന്റെ ഒരു സ്ട്രഗ്ൾ ഭയങ്കരമാണ്. എന്തെന്നാൽ ഒരു ആർട്ടിസ്റ്റിന് ഡേറ്റ് കിട്ടുക, നല്ലൊരു സ്ക്രിപ്റ്റ് കിട്ടുക, പ്രൊഡ്യൂസറെ കിട്ടുക, അതൊക്കെ ഒരു ഭാഗ്യം കൂടിയാണ്. എന്റെ സൗദിയിലുള്ള ഫ്രണ്ട് ഡൈനി സിനിമ പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞു കൊണ്ട് മുന്നോട്ടു വരുകയും, അതുപോലെ എന്റെ മറ്റൊരു ഫ്രണ്ട് കൃഷ്ണൻ സബ്ജക്ടിന്റെ സ്ക്രിപ്റ്റ് എഴുതുകയും ചെയ്തു. അങ്ങനെ ആ സബ്ജക്റ്റ് വർക്ക് ചെയ്യുന്നതിന്റെ ലാസ്റ്റ് മൂവ്മെന്റിൽ ആ സിനിമ നിന്നുപോയി, നടന്നില്ല. അപ്പോൾ അങ്ങനെ ഒരു വിഷമഘട്ടം ഉണ്ടായിരുന്നു എനിക്ക്, അങ്ങനത്തെ വിഷമഘട്ടത്തിൽ സഞ്ജു എന്നെ റേഡിയോ മംഗോയിൽ പ്രവീണിനെ എനിക്ക് പരിചയപ്പെടുത്തി തരുന്നത്, അങ്ങനെയാണ് പ്രവീണും ആയി പരിചയപ്പെടുന്നത്. പ്രവീണിന്റെ ഐഡിയയാണ് സ്കൂപ് സിനിമ ചെയ്യുക എന്നത്. അത് എനിക്ക് ഭയങ്കര ത്രിൽ ആയി മലയാളത്തിലെ ആദ്യത്തെ സ്കൂപ് സിനിമ വരുന്നത്. അത് യഥാർത്ഥത്തിൽ വളരെ റിസ്ക് ആണ്, എന്നാൽ റിസ്ക് എടുക്കാൻ ഞാൻ തയ്യാറായിരുന്നു, റിസ്ക് എടുത്താലേ വിജയം സാധ്യമാകുകയുള്ളൂ.

അങ്ങനെ ഞങ്ങൾ ഒരുമിച്ചു വർക്ക് ചെയ്തു. പ്രൊഡ്യൂസർ ലിസ്റ്റീൻ ഭയങ്കര സപ്പോർട്ട് ആയിരുന്നു, സഞ്ജുവും നല്ല സപ്പോർട്ട് ആയിരുന്നു. കൂടാതെ ശ്രീനിയേട്ടനോട് സംസാരിച്ചു. ശ്രീനിയേട്ടൻ നല്ല സപ്പോർട്ട് ചെയ്തു. അങ്ങനെയാണ് ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമ ഉണ്ടാകുന്നത്. എന്റെ ഈ രണ്ടു പ്രൊജക്ടുകളും നടക്കാൻ കാരണം ചാക്കോച്ചൻ ആണ് ചാക്കോച്ചൻ ഇല്ലായിരുന്നുവെങ്കിൽ രണ്ടു പ്രൊജക്ടുകളും നടക്കില്ലായിരുന്നു ചിറകൊടിഞ്ഞ കിനാവുകളും, വൺ എന്ന സിനിമയും നടക്കാൻ കാരണം ചാക്കോച്ചൻ തന്നെയായിരുന്നു ഒരുപക്ഷേ ചാക്കോച്ചൻ സഹായിച്ചില്ലയിരുന്നുവെങ്കിൽ വേറെ പ്രോജക്ട് അല്ലെങ്കിൽ സിനിമകൾ ആയിരിക്കാം ഉണ്ടാവുക.

ഒരു സംവിധായകൻ ആയ വഴികൾ, പിന്നീട്ട് വന്ന ആ വഴികളെപ്പറ്റി…

ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് സംവിധായകൻ ആവണം എന്ന മോഹം വളരെയധികം ഉണ്ടാകുന്നത്. പ്രീഡിഗ്രി കഴിഞ്ഞ സമയത്ത് ഞാൻ തീരുമാനിച്ചു; എന്റെ തട്ടകം സിനിമയാണ്, സിനിമയിലേക്ക് ഞാൻ എത്തി കഴിഞ്ഞു. പ്രീഡിഗ്രി കഴിഞ്ഞ് ഫ്രണ്ട്സുമായി പിരിയുന്ന വേളയിൽ ഇനി വെള്ളിത്തിരയിൽ കാണാം എന്നു പറഞ്ഞുകൊണ്ടാണ് പിരിഞ്ഞത്. ഞാൻ വിചാരിച്ചിരുന്നത് സിനിമ ഫീൽഡ് വളരെ എളുപ്പമാണ്, അങ്ങോട്ട് പോയാൽ തന്നെ സിനിമയിൽ വർക്ക് ചെയ്യാം എന്ന ചിന്തയായിരുന്നു എനിക്ക്. പ്രീഡിഗ്രിക്ക് ശേഷം ഡിഗ്രിക്ക് പോയി, ആ സമയത്താണ് ഞാൻ ഒരുപാട് സിനിമകൾ കാണുന്നത്. ക്ലാസ് കട്ട് ചെയ്ത് തിരുവനന്തപുരത്ത് സിനിമയിൽ ചാൻസ് ചോദിച്ച് അലയുന്ന ഒരു ഘട്ടമുണ്ടായിരുന്നു. ഒരുപാട് ഡയറക്ടർമാരുടെ വീടുകൾ അന്വേഷിച്ച് അലയുകയായിരുന്നു. മാഗസിനുകളിൽ ഉള്ള അഡ്രസുകളും ഫോൺ നമ്പറുകളും എല്ലാം എടുത്തു അന്വേഷിക്കുകയായിരുന്നു. എന്നാൽ പല ഫോൺ നമ്പറുകളും അഡ്രസുകളും ശരിയല്ലായിരുന്നു. അങ്ങനെ കുറേ അലഞ്ഞു തിരിഞ്ഞതിനുശേഷമാണ് എനിക്ക് മനസ്സിലായത് സിനിമ എന്ന് പറയുന്നത് നമ്മുടെ കയ്യിൽ എത്തുന്ന ദൂരത്തല്ല. ഡിഗ്രി പഠനം പൂർത്തിയാക്കിയ സമയത്ത് സിനിമയിലേക്ക് വരാനായി ഞാൻ കണ്ട വഴിയായാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ തീരുമാനിച്ചത്.

തിരുവനന്തപുരത്ത് ഒരു ചലച്ചിത്ര കലാലയമുണ്ടായിരുന്നു. ഒരു മാഗസിനിൽ ഈ കലാലയത്തിലേക്ക് ഉള്ള ഒരു ഇന്റർവ്യൂ നടത്തുന്നതിന്റെ ഒരു ആപ്ലിക്കേഷൻ ഉണ്ടായിരുന്നു. അങ്ങനെ അത് അപ്ലൈ ചെയ്ത്, ഇന്റർവ്യൂ ചെയ്തതു. നെടുമുടി സാർ, ജഗന്നാഥൻ സാർ, വിജയകൃഷ്ണൻ, ആദം ആയൂബ് ഇങ്ങനെയുള്ള കുറച്ചുപേർ ചേർന്നുള്ള ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു അത്. അങ്ങനെ അഡ്മിഷൻ കിട്ടി, സ്ക്രിപ്റ്റ് റൈറ്റിംഗ് ഡയറക്ഷൻ കോഴ്സ് പഠിച്ചു. കോഴ്സ് പഠിച്ചപ്പോൾ സിനിമയിലേക്കുള്ള ഒരു വഴി കിട്ടിയത് പോലെയായിരുന്നു. കോഴ്സ് കംപ്ലീറ്റ് ചെയ്തതിന്റെ സർട്ടിഫിക്കറ്റ് കാണിച്ചാൽ സിനിമയിൽ എടുക്കും എന്നായിരുന്നു അപ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. എന്നാൽ ഇങ്ങനെയൊന്നുമല്ല എന്നത് പിന്നീടാണ് മനസ്സിലായത്. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചതുകൊണ്ട് ഗുണമില്ല എന്നല്ല, നമുക്ക് ഇൻസ്റിറ്റ്യൂട്ടിൽ നിന്ന് കുറച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി, സിനിമയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി, ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ഒരു ഡിപ്ലോമ ഫിലിം ചെയ്തിരുന്നു, ഇതെല്ലാം ഒരു എക്സ്പീരിയൻസ് കൂടിയാണ്. ഇതുവഴി എന്താണ് സിനിമ എന്നത് മനസ്സിലായി. എന്നാൽ അത് വെച്ച് സിനിമ ഫീൽഡിലോന്നും ഡയറക്ട് ചെയ്യാൻ പറ്റില്ല. അതിനായി ഒരു സൊലൂഷൻ ഞങ്ങൾ കണ്ടുപിടിച്ചു. അവിടെ പഠിച്ച ഞങ്ങൾ മൂന്നു പേർ ചേർന്ന് ഒരു ടെലിഫിലിം ചെയ്യണം. ഏഷ്യാനെറ്റിനു വേണ്ടി 4 എപ്പിസോഡ് ഉള്ള ഒരു ടെലിഫിലിം ചെയ്തു. ടെലിഫിലിം ഷൂട്ട് ചെയ്തിരുന്ന സ്റ്റുഡിയോയിലാണ് ഞാൻ ബോബൻ സാമുവലിനെ പരിചയപ്പെടുന്നത്. ബോബൻ സാമുവൽ വഴിയാണ് ഞാൻ കെ. കെ. രാജീവിനെ പരിചയപ്പെടുന്നത്. കെ കെ രാജീവ് ആ സമയത്ത് സൂര്യയിൽ ഒരു സീരിയൽ തുടങ്ങുന്ന സമയമായിരുന്നു. കെ കെ രാജീവൻ റെ കൂടെ ചേർന്ന് അങ്ങനെയൊരു യാത്രയായിരുന്നു. കുറേക്കാലം അങ്ങനെ ഒരു ഒഴുക്കിൽ കെ കെ രാജീവിന്റെ കൂടെ കംഫർട്ട് ആയി പോയിക്കൊണ്ടിരിക്കുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടറുടെ ഒരു സ്പേസ് നമുക്ക് തന്നിരുന്നു. നമ്മൾ ആ സ്പേസിൽ അങ്ങനെ കംഫർട്ട് ആയി നിന്നുപോയി. അതിനുശേഷം 2010- ൽ ഒരു ബ്രേക്ക് എടുത്തു. ആ സമയത്താണ് സിനിമയിലേക്ക് വീണ്ടും വരണം എന്ന ചിന്ത തോന്നിത്തുടങ്ങിയത്. ഒരുപക്ഷേ ഈ ബ്രേക്ക് എടുത്തില്ലായിരുന്നുവെങ്കിൽ നമ്മള് ഒഴുക്കിൽ തന്നെ പോകുമായിരുന്നു. അത്യാവശ്യം കാശും കിട്ടുമായിരുന്നു.

മലയാളത്തിലെ ഏറ്റവും പ്രമുഖരായ രണ്ട് സിനിമ രചയിതാക്കൾ ബോബിയും സഞ്ജയും അവരുമായി ചേർന്ന് ഒരുക്കിയ സിനിമയാണ് ‘വൺ’. ഒരു സംവിധായകൻ എന്ന നിലയിൽ ഉള്ള കൊടുക്കൽ-വാങ്ങലുകൾ എങ്ങനെയായിരുന്നു?

ബോബി-സഞ്ജയ്; ഇവരുമായി എനിക്ക് പത്തിരുപത് വർഷത്തെ ബന്ധമുണ്ട്. കെ കെ രാജീവിന്റെ കൂടെ ഉണ്ടായിരുന്ന സമയത്ത് ഇവർ സ്ക്രിപ്റ്റ് എഴുതിയിരുന്നു. അവിചാരിതം സീരിയലിനുവേണ്ടി ഞങ്ങൾ ഒന്നിച്ചു വർക്ക് ചെയ്തിട്ടുണ്ട്. അങ്ങോട്ടുമിങ്ങോട്ടും ഞങ്ങൾക്ക് പരസ്പരം നന്നായി അറിയാമായിരുന്നു. ഇവരുടെ സ്ക്രിപ്റ്റിൽ സിനിമ ചെയ്യണമെന്നത് എന്റെ ഒരു ആഗ്രഹമായിരുന്നു. അങ്ങനെ ഒരു അവസരം ഒത്തുവന്നത് വൺ എന്ന സിനിമയിലൂടെയാണ്. ബോബി-സഞ്ജയ് ഡയറക്ടർക്കു വേണ്ടി സ്ക്രിപ്റ്റ് എഴുതുന്ന റൈറ്റേഴ്സ് ആണ്. അവരുടെ എഴുത്തിന്റെ ശൈലി; ഫുൾ സ്ക്രിപ്റ്റ് എഴുതി ഒരു ഡയറക്ടറുടെ കൊടുക്കുക എന്നതല്ല അവർ ചെയ്യുന്നത്, കഥയുടെ ഒരു ത്രേഡ് എലമെന്റ്സ് അവരുടെ മനസ്സിൽ തോന്നിയാൽ ഡയറക്ടറുടെ കൂടെയിരുന്ന് ചർച്ച ചെയ്താണ് സിനിമ മുഴുവനായി ഉണ്ടാക്കുന്നത്. എന്റെ ഒരു ശീലവും ഇതുതന്നെയാണ്. കഴിഞ്ഞ സ്ക്രിപ്റ്റ് റൈറ്റർ പ്രവീണും ഇങ്ങനെ തന്നെയായിരുന്നു. ഇങ്ങനെയാകുമ്പോൾ ആ സിനിമ എന്റെ മനസ്സിൽ മുഴുവനായി കടന്നുപോയ കൊണ്ടിരിക്കും. എല്ലാ സീനും എല്ലാ ഡയലോഗും എനിക്കും സുപരിചിതമാകും. നമ്മൾ കൂടി ആ സിനിമയിലൂടെ സഞ്ചരിക്കുകയാണ് അത്. നമ്മുടെ കൂടെ ഭാഗമായി മാറും ഈ സിനിമ. ഇതേ പാറ്റേൺ തന്നെയാണ് ബോബി-സഞ്ജയ്, അവർക്കുള്ളത്. ഇങ്ങനെ തന്നെയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. സ്ക്രിപ്റ്റ് ഒരു സിനിമയുടെ വളരെ ഇംപോർട്ട് ആയിട്ടുള്ള ഒരു ഘടകമാണ്.

ഒരു ഡയറക്ടർ തന്നെ സ്ക്രിപ്റ്റ് എഴുതി സിനിമ ചെയ്യുന്നതാണ് ഏറ്റവും ബെസ്റ്റ്. ഒരു ഡയറക്ടർ സ്ക്രിപ്റ്റ് എഴുതാൻ പറ്റിയില്ലെങ്കിൽ വേറെ ഒരു സ്ക്രിപ്റ്റ് റൈറ്റർ ആണെങ്കിൽ, അവർ ഒന്നിച്ചിരുന്നു വേണം വർക്ക് ചെയ്യാൻ. സ്ക്രിപ്റ്റ് റൈറ്റർ ഉദ്ദേശിക്കുന്ന തലത്തിലേക്ക് സിനിമ കൊണ്ടെത്തിക്കാൻ ഡയറക്ടർക്ക് കഴിയണമെങ്കിൽ ഇതുപോലെ ഒന്നിച്ചിരുന്ന് വർക്ക് ചെയ്യണം. അല്ലെങ്കിൽ സ്ക്രിപ്റ്റ് റൈറ്റർ ഒന്ന് എഴുതിവെച്ച് ഡയറക്ടർ അത് വേറൊരു രീതിയിൽ കൺസിവ് ചെയ്യുമ്പോൾ പരിമിതികൾ ഒരുപാട് ഉണ്ടായിരുന്നിരിക്കാം. രണ്ടു വ്യക്തികൾ ആണല്ലോ, രണ്ട് ചിന്താരീതികളാകുമല്ലോ. ഒന്നിച്ചിരുന്ന് നമ്മൾ ചർച്ചചെയ്ത് സിറ്റുവേഷൻ ഉണ്ടാക്കുമ്പോൾ ആ സീനിന് വളരെയധികം ഗുണം ലഭിക്കും. അത് വളരെയധികം നല്ല ഒരു കാര്യമാണ്. ഒരു ഈഗോ ഇല്ലാത്ത രണ്ട് വ്യക്തികളാണ് ബോബി-സഞ്ജയ്. ഡയറക്ടറുടെ കഴിവ് മനസ്സിലാക്കി, ഡയറക്ടറുടെ പ്ലസ് ആൻഡ് മൈനസ് മനസ്സിലാക്കി സ്ക്രിപ്റ്റ് എഴുതുന്നവരാണ് ബോബി-സഞ്ജയ്. അവർ എന്തെങ്കിലും എഴുതി അത് ഡയറക്ടർക്ക് ചെയ്യാൻ പറ്റിയില്ലെങ്കിൽ അവർ അത് എഴുതിയിട്ട് കാര്യമില്ലല്ലോ; ഡയറക്ടർക്ക് അത് ചെയ്യാനും കഴിയണം. അതിനാൽ ഡയറക്ടറുടെ മൈനസും മനസ്സിലാക്കേണ്ടതാണ്. ആർട്ടിസ്റ്റിന് വേണ്ടി അല്ലാതെ ഡയറക്ടേഴ്സ് വേണ്ടി സ്ക്രിപ്റ്റ് എഴുതുന്ന രണ്ട് പേരാണ് ബോബി-സഞ്ജയ്. അപൂർവമായുള്ള റൈറ്റേഴ്സ് ആണ് ഇങ്ങനെ ചെയ്യുന്നത്. എല്ലാവരും ഇങ്ങനെ ചെയ്യുമോ എന്നുള്ളത് അറിയില്ല. എല്ലാവരും ഡയറക്ടറുമായി കോർപ്പറേറ്റ് ചെയ്ത് ചർച്ച ചെയ്തതാണ് സ്ക്രിപ്റ്റ് എഴുതുന്നത്. എന്നാൽ ഇവർ കുറച്ചു കൂടുതൽ ഇങ്ങനെ ചെയ്യുന്ന രണ്ടു വ്യക്തികളാണ്.

വൺ എന്ന പേരിടീൽ ആരുടെ വകയാണ്? 

വൺ എന്നുള്ള ടൈറ്റിൽ സജസ്റ്റ് ചെയ്തത് സഞ്ജയ് ആണ്. മമ്മൂക്കയോട് കഥ പറഞ്ഞതിനുശേഷം നമുക്ക് ടൈറ്റിൽ ആലോചിക്കാം എന്നു പറഞ്ഞ് ഞങ്ങൾ മൂന്നുപേരും ടൈറ്റിൽ ആലോചിക്കാൻ തുടങ്ങി, അങ്ങനെ ആലോചിക്കുന്നതിന്റെ ഇടയിൽ ആദ്യം പറഞ്ഞ പേരായിരുന്നു വൺ. സഞ്ജു ആയിരുന്നു അത് പറഞ്ഞത്. പെട്ടന്ന് തന്നെ അതു കൊള്ളാമല്ലോ എന്ന് തോന്നി. കാരണം മമ്മൂക്കയുടെ അഭിനയം നമ്പർവൺ, കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രം പൊളിറ്റിക്സിൽ നമ്പർവൺ, കൂടാതെ സ്റ്റേറ്റ് കാർ നമ്പർവൺ ആയിരുന്നു. കൂടാതെ വൺ എന്നാൽ ഫസ്റ്റ് ആണ് ബിഗ് ആണ് അങ്ങനെ ഒരുപാട് തരത്തിൽ അർത്ഥങ്ങളുണ്ട്. അങ്ങനെ ഈ പേര് കൊള്ളാം എന്ന് തീരുമാനിച്ചു. ഇതിനേക്കാൾ നല്ല പേര് കിട്ടുകയാണെങ്കിൽ ആ പേര് തെരഞ്ഞെടുക്കാം എന്നും തീരുമാനിച്ചു. എന്നാൽ രണ്ടു വർഷത്തോളം ഞങ്ങൾ ആലോചിച്ചിട്ടും വണ്ണിനേക്കാൾ മികച്ചൊരു ടൈറ്റിൽ ലഭിച്ചില്ല. അങ്ങനെ വൺ എന്നുള്ള ടൈറ്റിൽ ഉറപ്പിക്കുകയും മമ്മൂക്കയോട് പറയുകയും, മമ്മൂക്കയ്ക്ക് ടൈറ്റിൽ ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെയാണ് വൺ എന്നുള്ള ടൈറ്റിൽ തെരഞ്ഞെടുത്തത്.

മമ്മൂട്ടി എന്ന നടൻ ഇത് വരെ ചെയ്യാത്ത ഒരു കഥാപാത്രം, കേരളാ മുഖ്യമന്ത്രി. അതും താങ്കളുടെ സംവിധാനത്തിൽ. എന്താണ് ആ അനുഭവം?

മമ്മൂക്ക ഇതുവരെ ചെയ്യാത്തത് എന്ന് പറയുമ്പോൾ, മലയാളം സിനിമയിൽ ഇതുവരെയായും മമ്മൂക്ക മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടില്ല. മന്ത്രിയായി നയം വ്യക്തമാക്കുന്നു എന്ന സിനിമയിലെ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ “മക്കൾ ആച്ചി” എന്ന സിനിമയിൽ തമിഴ്നാട്ടിലെ മുഖ്യമന്ത്രി ആയിട്ടും അഭിനയിച്ചിട്ടുണ്ട് കൂടാതെ തെലുങ്കിൽ യാത്ര എന്ന സിനിമയിലും ആന്ധ്ര പ്രദേശിലെ മുഖ്യമന്ത്രി ആയിട്ട് അവതരിപ്പിച്ചിട്ടുണ്ട്, യഥാർത്ഥത്തിൽ അതൊരു ജീവചരിത്രമാണ്. ഇതിൽ എന്തെന്നുവെച്ചാൽ ഈ സിനിമ ആസൂത്രണം ചെയ്യുമ്പോൾ മമ്മൂട്ടിയുടെ ഈ കഥാപാത്രം രാഷ്ട്രീയത്തിലെയും മറ്റോ ആളുകളുമായി താരതമ്യം ചെയ്യാൻ പാടില്ല എന്നുണ്ടായിരുന്നു. മമ്മൂക്ക കേട്ടതിനു ശേഷം പറഞ്ഞ കാര്യങ്ങളും ഇതൊക്കെയായിരുന്നു. ഈ കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രം നിലവിലുള്ള ഒരു പാർട്ടിയുടെയും പക്ഷം പിടിക്കാത്ത ഒരു സിനിമയാക്കണം വൺ എന്നുള്ളത് മമ്മൂക്കയുടെ മനസിലും ഉണ്ടായിരുന്നു. നമ്മുടെ സങ്കല്പത്തിലെ മുഖ്യമന്ത്രിയായിരുന്നു കടക്കൽ ചന്ദ്രൻ, മമ്മൂക്ക സിനിമയുടെ കഥ കേട്ടതിനു ശേഷം പൂർണമായും കടക്കൽ ചന്ദ്രൻ ആയി മാറുകയാണ് ചെയ്തത്. ആ രീതിയിലായിരുന്നു കഥ കേട്ടതിനു ശേഷം മമ്മൂക്ക ഞങ്ങളോട് സംസാരിച്ചത്. എന്റെ സംവിധാനത്തിൽ മമ്മൂക്ക അഭിനയിക്കുന്നു എന്നുള്ളത് എന്റെ ഒരു സ്വപ്നമായിരുന്നു, സ്വപ്നം എന്നു വെച്ചാൽ എന്റെ കുട്ടിക്കാലം മുതൽ ഉള്ള ഒരു ആഗ്രഹമാണ്, എന്റെ രണ്ടാമത്തെ സിനിമയിൽ തന്നെ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു അത് എന്റെയും എന്റെ കൂടെയുള്ളവരുടെയും ഭാഗ്യമായിട്ടാണ് കാണുന്നത്. എന്റെ സംവിധാനത്തിൽ മമ്മൂക്ക അഭിനയിക്കുക എന്നുള്ളത് വളരെ സന്തോഷം തരുന്ന മുഹൂർത്തങ്ങളായിരുന്നു . ഷൂട്ട് തുടങ്ങിയ ദിവസം മുതൽ 39 ദിവസം മമ്മൂക്ക ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. 39 ദിവസവും എനിക്ക് എന്റെ കരിയറിലെ ഒരുപാട് നല്ല അനുഭവങ്ങൾ തന്ന നിമിഷമായിരുന്നു, അതൊരിക്കലും മറക്കാൻ പറ്റാത്ത നിമിഷങ്ങൾ മമ്മൂക്ക എനിക്ക് സമ്മാനിച്ചത്. മമ്മൂക്ക എന്റെ ഒരു ഏട്ടൻ തന്നെയാണ് ഇപ്പോൾ. അത്രയും സ്വാതന്ത്ര്യവും സ്നേഹവും എല്ലാം ഉള്ള ഒരു സ്വന്തം ചേട്ടനെ പോലെ. എന്തും ചോദിക്കാനും പറയാനും സ്വാതന്ത്ര്യമുള്ള എന്റെ വല്യേട്ടൻ ആണ് മമ്മൂക്ക.

വൺ ഉടൻ റിലീസാകട്ടെ, വലിയ ചരിത്രം സൃഷ്ടിക്കട്ടെ എന്ന് സിനിമാവാർത്തകൾ ആശംസിക്കുന്നു. അടുത്ത പരിപാടികൾ ഇപ്പോഴേ മനസ്സിലുണ്ടോ?

അങ്ങനെ തന്നെ ആകട്ടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം അതുപോലെതന്നെ സ്നേഹവും എപ്പോഴും ഇതുപോലെ തന്നെ ഉണ്ടാകണം. അടുത്ത പ്രോജക്റ്റുകൾ മനസ്സിൽ ഉണ്ട് കോവിഡിന്റെ കാലമായതിനാൽ ഒന്നും ചെയ്യാൻ മനസ്സു വന്നില്ല, മാനസികമായിട്ടുള്ള ഒരു പ്രശ്നമുണ്ടായിരുന്നു. വൺ ഇങ്ങനെ ഇരിക്കുന്ന അവസ്ഥയിൽ മുന്നോട്ടു പോകാനുള്ള ഒരു മനസികാവസ്ഥണ്ടായിരുന്നില്ല. ഇപ്പോൾ നമ്മുടെ മുന്നിൽ അടഞ്ഞു കിടക്കുന്ന വാതിലുകൾ തുറക്കപ്പെടുന്നു, അതിന്റെതായ ഒരു സന്തോഷമുണ്ട്. ഇനി അടുത്ത പടിയിലേക്ക് കടക്കാനുള്ള മാനസികമായി തയ്യാറായിട്ടുണ്ട്. എല്ലാം നല്ലതായി സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE