Home Interviews നല്ല സിനിമകൾ കാണാൻ ആഗ്രഹിക്കുന്നത് കൊണ്ട് തന്നെയാണ് നല്ല സിനിമകൾ എഴുതാൻ ശ്രമിക്കുന്നത്, സിനിമകൾക്കായി യാത്ര...

നല്ല സിനിമകൾ കാണാൻ ആഗ്രഹിക്കുന്നത് കൊണ്ട് തന്നെയാണ് നല്ല സിനിമകൾ എഴുതാൻ ശ്രമിക്കുന്നത്, സിനിമകൾക്കായി യാത്ര തുടരുകയാണ്

0

ചതുർമുഖം, പ്രിയൻ ഓട്ടത്തിലാണ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ അഭയകുമാറും അനിൽ കുര്യനും തങ്ങളുടെ പുതിയ സിനിമ വിശേഷങ്ങൾ സിനിമ വാർത്തകളുമായി പങ്കുവയ്ക്കുന്നു.

സുരക്ഷിതമായ IT മേഖല, അരക്ഷിതമായ സിനിമ. എന്ത് കൊണ്ടാണ് ഈ ഒരു തിരഞ്ഞെടുപ്പ്?  

ഈ കാലഘട്ടത്തിൽ ഒന്നും സുരക്ഷിതവും അരക്ഷിതവും ആണെന്ന് പറയാൻ കഴിയില്ല. ഇപ്പോഴിതാ കൊറോണ വൈറസ് കൂടി വന്നതുമൂലം എല്ലാം അരക്ഷിതാവസ്ഥയിൽ ആയി എന്ന് ആളുകൾക്ക് തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്. അതിനാൽ ഐടി മേഖല എപ്പോഴും സുരക്ഷിതമല്ല. എങ്കിൽപോലും സാമ്പത്തികഭദ്രത ഉണ്ടാക്കാനായി സഹായിക്കുന്നു എന്നത് സത്യമാണ്. ഐടി മേഖലയിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴും ഒരു പാഷൻ ആണ് സിനിമ. അത് പെട്ടെന്നുണ്ടായതല്ല. എഴുത്തുകാരനും ഡയറക്ടറുമായിരുന്ന രഞ്ജിത്ത് ശങ്കറും ഞങ്ങളും തമ്മിലുള്ള സൗഹൃദം കഥകൾ ചർച്ചചെയ്യുകയും സിനിമയിലേക്ക് എത്തുകയും ചെയ്തു എന്നതാണ് തുടക്കം.

അഭയ്: ‘പാസഞ്ചർ’ എന്ന അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ ചര്‍ച്ചയില്‍ ഞങ്ങളുടെ പല ഐഡിയകളും അഭിപ്രായങ്ങളും അദ്ദേഹം ഉൾക്കൊണ്ടിരുന്നു. അത് സിനിമയായി കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. നമ്മുടെ ചില ഐഡിയകൾ സ്ക്രീനിൽ വർക്ക്ഔട്ട്‌ ചെയ്യുന്നതും ആളുകൾ അത് ആസ്വദിക്കുന്നതും കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. അപ്പോഴാണ് ഒരു സിനിമ അല്ലെങ്കിൽ ഒരു തിരക്കഥ എഴുതാൻ ഞങ്ങൾക്ക് പറ്റുമോ, ഒന്നു ശ്രമിക്കാം എന്ന് എനിക്ക് തോന്നിയത്. അങ്ങനെയാണ് സിനിമ എഴുതാനുള്ള ഇഷ്ടം ഉണ്ടാകുന്നത്. പിന്നീടാണ് രഞ്ജിത് ശങ്കറിന്റെ ‘പുണ്യാളൻ അഗർബത്തീസ്’ എന്ന ചിത്രത്തിന്റെ തിരക്കഥയുടെ ഭാഗം ആകുന്നതും ‘സു സു സുധി വാത്മീകം’ എന്ന ചിത്രം എഴുതുന്നതുമൊക്കെ. അപ്പോഴും ജോലി തുടരുന്നുണ്ടായിരുന്നു. ജോലി ഒരുവശത്ത് നടക്കുമ്പോഴും ഇത് വളരെ ഇഷ്ടപ്പെട്ട ആഗ്രഹവും പാഷനും ആയതുകൊണ്ട് ഒപ്പം കൊണ്ടുപോകാൻ കഴിഞ്ഞിരുന്നു.

അനില്‍: ‘പാസഞ്ചര്‍’ എന്ന സിനിമയ്ക്ക് ശേഷമാണ്‍ രഞ്ജിത് ശങ്കറുമായി സൗഹൃദം ഉണ്ടാകുന്നത്. തുടര്‍ന്ന് രഞ്ജിത്തുമായി പല കഥകൾ ചര്‍ച്ച ചെയ്യുകയും ‘മോളി ആന്‍റി റോക്ക്സ്’ എന്ന സിനിമയുടെ രചനയില്‍ ഭാഗമാകുകയും ആണ് ഉണ്ടായത്. പിന്നീട് ‘പുണ്യാളന്‍ അഗര്‍ബത്തീസ്’ എഴുതാനായി ആണ് രഞ്ജിത്തും, അഭയുമായി ചേരുന്നത്.
അഭയ്: സിനിമയിലേക്ക് ഇറങ്ങുന്നതിന് ഒരു അരക്ഷിതാവസ്ഥ ഉണ്ട് എന്നത് സത്യമാണ്. എങ്കിലും കുറച്ച് മാസങ്ങള്‍ക്ക് മുന്പ് ഐ ടി ജോലി അവസാനിപ്പിച്ചു.
അനിൽ: ഞാന്‍ ഇപ്പോഴും ഐടി മേഖലയിൽ വർക്ക് ചെയ്തു കൊണ്ടിരിക്കുകയാണ്. കൂടുതൽ സിനിമകൾ ചെയ്യാനായി നമുക്ക് അവസരം ലഭിക്കുമ്പോൾ എന്ത് വേണമെന്ന് ആലോചിക്കാം.

ഓരോ പുതിയ സിനിമകളും ഓരോ  പുതിയ ഐഡന്റിറ്റികളാണ് എന്ന് പറയും പോലെ…പുതിയ സിനിമ ചതുർമുഖം റിലീസാവുകയാണ്. ഒൺ മില്യൺ viewers വന്ന ട്രൈലർ, വലിയ ചർച്ചയായ മഞ്ജു വാരിയരുടെ ലുക്ക്‌, പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ഗാനം അങ്ങിനെ എന്ത് കൊണ്ടും ചർച്ചയാണ് ചതുർമുഖം. എന്തായിരുന്നു  ചതുർമുഖം എന്ന സിനിമയിലേക്കുള്ള വഴി? 

‘ചതുർമുഖം’ എന്ന സിനിമയുടെ ‘മായ കൊണ്ട്’ എന്ന ഗാനം വളരെയധികം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. പ്രസ് കോൺഫറൻസിൽ മഞ്ജുവാര്യരുടെ വേഷവും ലുക്കും സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇപ്പോൾ ട്രെയിലർ ഇറങ്ങിയതും വളരെയേറെ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിന്റെ വിഷ്വൽസും സൗണ്ടും എല്ലാം ഒരു തിയേറ്ററിക്കൽ എക്സ്പീരിയൻസ് ഉള്ള സിനിമയാണെന്ന് പ്രേക്ഷകർക്ക് ബോധ്യമാകുന്ന രീതിയിൽ കൗതുകകരമായ ഒരു ആശയം ചിത്രത്തിൽ ഉണ്ടെന്നും മനസ്സിലാകുന്ന തരത്തിൽ ആണ് ‘ചതുർമുഖം’ എന്ന ചിത്രത്തിലെ ട്രെയിലർ എന്നത് ഒരു പൊതുവായ അഭിപ്രായവുമുണ്ട്. ചിത്രം ഇനി തീയേറ്ററിൽ പ്രേക്ഷകർ ഏറ്റെടുക്കട്ടെ. അതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കാരണം ചിത്രത്തിന്റെ ഡയറക്ടേഴ്സ് രഞ്ജിത്തിന്റെയും സലിലിന്റെയും ആദ്യത്തെ സിനിമയാണ്. സുഹൃത്തുക്കളുടെ ആദ്യ സിനിമ വിജയിക്കണമെന്നത് ഞങ്ങളുടെയും സ്വപ്നമാണ്. ഒരുപാട് കാലത്തെ, ഏകദേശം അഞ്ചു വർഷത്തോളം ഉള്ള അധ്വാനമാണ് ആ സിനിമ.

സലിലും രഞ്ജിത്തും പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തിരുന്നവരാണ്. ആ സമയത്ത് സുരക്ഷിതമായ ഐടി മേഖലയിൽ ഉള്ള ജോലി രണ്ടുപേരും ക്വിറ്റ് ചെയ്താണ് സിനിമയിലേക്കെത്തുന്നത്. എസിയിൽ നിന്ന് വെയിലത്തേക്ക് ഇറങ്ങിയ രണ്ടുപേരാണ് ഇവർ. അവർക്ക് സിനിമയോടുള്ള ഒരു പാഷൻ ഇതിൽ നിന്നു തന്നെ വ്യക്തമാണ്. ഭാര്യയും കുട്ടികളും ഉള്ള ഈ സാഹചര്യത്തിൽ തന്നെയാണ് അവർ ഈ ജോലി ഉപേക്ഷിച്ചത്. കുടുംബവും ഇതിനു സപ്പോർട്ട് ചെയ്യുക എന്നു പറഞ്ഞാൽ അത് നിസാര കാര്യമല്ല. ‘കോഹിന്നൂർ’ എന്ന സിനിമ എഴുതിയതും ഇവരാണ്. അവരുമായുള്ള സൗഹൃദം ‘പുണ്യാളൻ അഗർബത്തീസ്’ എന്ന സിനിമയിൽ നിന്ന് തുടങ്ങുകയാണ്. ചതുർ മുഖത്തിന്റെ കൺസെപ്റ്റ് ഞങ്ങള്‍ സലിലും രഞ്ജിയുമായി ചര്‍ച്ച ചെയ്തപ്പോള്‍ ഇത് തന്നെ ആയിരിക്കും ഞങ്ങളുടെ ആദ്യസിനിമ എന്ന് അവര്‍ പറഞ്ഞു.

പിന്നീട് ഞങ്ങൾ ഒരുമിച്ച് ചർച്ച ചെയ്തു കൊണ്ടാണ് ഈ സിനിമ ഡെവലപ്പ് ചെയ്തത്. ഫുൾ സ്ക്രിപ്റ്റ് ആയതിനു ശേഷമാണ് ഒരു സിനിമയാക്കാൻ വേണ്ട മറ്റു പ്രവർത്തനങ്ങളിലേക്ക് കടന്നത്. അതായത് ആർട്ടിസ്റ്റ് പ്രൊഡ്യൂസേഴ്സ് അങ്ങനെയുള്ള കാര്യങ്ങളിലേക്ക്. ഒരുപാട് ചലഞ്ചസും ഇതിൽ ഉണ്ടായിരുന്നു. കാരണം വളരെ വ്യത്യസ്തമായുള്ള ഒരു സബ്ജക്ട് ആണ് ഇതിലുള്ളത് എന്നത്തന്നെ ആയിരുന്നു. ഇത്ര നല്ല രീതിയില്‍ ഈ സിനിമ ചെയ്യാന്‍ ഞങ്ങളെ സഹായിച്ചത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയ ബിനീഷ് ചന്ദ്രന്റെ ഇടപെടലിലൂടെ മഞ്ജു വാര്യരിലേക്ക് എത്തിയപ്പോഴാണ്. ഈ സിനിമ ഒരു റിയാലിറ്റി ആകുമെന്ന് സ്വപ്നം കാണാൻ കൂടുതൽ ഊർജ്ജം ലഭിച്ചത് അങ്ങനെയാണ്. ചിത്രം ഇനി തീയറ്ററിലേക്ക് എത്തുമ്പോൾ പ്രേക്ഷകർ വളരെ സന്തോഷത്തോടുകൂടി ഏറ്റെടുത്ത് തീയേറ്റർ എക്സ്പീരിയൻസ് എൻജോയ് ചെയ്തെന്ന് നമുക്ക് മനസ്സിലാകുന്നിടത്താണ് സാറ്റിസ്ഫാക്ഷൻ ലഭിക്കുന്നത്. ഞങ്ങൾ അതിനു വേണ്ടി കാത്തിരിക്കുകയാണ്.

മൊബൈൽ ഫോൺ എന്ത് കൊണ്ടാണ് നാലാമത്തെ കഥപാത്രമാകുന്നത് അല്ലെങ്കിൽ പ്രധാന കഥാപാത്രമാകുന്നത്? ഇതൊരു വിളിച്ചു പറയലാണോ? 

രണ്ടുകാര്യങ്ങളാണ് ഇതിൽ ഉള്ളത്. ഒന്ന് നമ്മൾ സാധാരണ കണ്ടു ശീലിച്ച ഹൊറർ സിനിമകളിൽ നിന്നും ഒരു പാറ്റേണും അനുകരിക്കരുത് എന്ന് ഞങ്ങൾക്ക് നിർബന്ധബുദ്ധി ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ മനുഷ്യൻ ഇപ്പോഴത്തെ കാലഘട്ടത്തിൽ ടെക്നോളജിയെ എത്രമാത്രം ആശ്രയിക്കുന്നു എന്നതും ആ ടെക്നോളജിയും മറ്റും നമുക്ക് എതിരെ പ്രവര്‍ത്തിച്ചാല്‍ എന്ത് സംഭവിക്കും എന്ന ചിന്തയും ഈ കഥയില്‍ കൊണ്ടുവരികയാണുണ്ടായത്. ഒരു മൊബൈൽഫോൺ നാലാമത്തെ കഥാപാത്രമാകുന്നതാണ് ഈ സിനിമയെ മറ്റു സിനിമകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

സാധാരണക്കാർക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും വിധത്തില്‍ ആണ് ടെക്നോളജിയും മറ്റും ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഒരു വിളിച്ചുപറയാൻ ആണോ എന്ന് ചോദിച്ചു കഴിഞ്ഞാൽ, എന്തിനെയും കണ്ണടച്ച് സ്വീകരിക്കുന്നതും (അത് ടെക്നോളജി ആയാലും), അതോടൊപ്പം എന്തിന്റെയും നിയന്ത്രണമില്ലാത്ത ഉപയോഗവും – രണ്ടും നമ്മുടെ ജീവിതത്തിൽ ദോഷകരമായി ബാധിക്കാം എന്നത് നമ്മൾ പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലല്ലോ. അത് എല്ലാവർക്കും അറിയാം. ആ അപകടകരമായ അവസ്ഥയുടെ ഒരു ഓർമപ്പെടുത്തൽ കൂടി ആണ് ഈ സിനിമയിലൂടെ കാണിക്കുന്നത്.

മഞ്ജു വാരിയർ, സണ്ണി വെയ്ൻ കോമ്പിനേഷൻ കഥാകാരന്മാരുടെ കണ്ടു പിടുത്തമായിരുന്നോ? 

മഞ്ജുവാര്യർ സണ്ണി വെയ്ൻ കോമ്പിനേഷൻ കഥാകാരന്മാരുടെ കണ്ടുപിടുത്തം ആയിരുന്നില്ല. ഈ തിരക്കഥ സിനിമയാക്കാന്‍ നടത്തിയ പല ശ്രമങ്ങള്‍ക്ക് ഇടയിലാണ് അത് മഞ്ജുവാര്യരിലേക്ക് എത്തുന്നത്. തുടർന്ന് ‘ആന്റണിയുടെ’ കഥാപാത്രത്തിന് യുവതലമുറയിൽ ഉള്ള ഒരു നായകനെ ആയിരുന്നു അനുയോജ്യമായി വേണ്ടിയിരുന്നത്.

സണ്ണിക്ക് ചേരുന്ന കഥാപാത്രവും, മഞ്ജു – സണ്ണി കോമ്പിനേഷൻ ഇത് വരെ സ്‌ക്രീനിൽ വരാത്തതും, ഈ രണ്ടു ഘടകങ്ങൾ ആണ് ഇങ്ങനെ ഒരു കാസ്റ്റിംഗിലേക്ക് എത്താൻ കാരണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയ ബിനീഷ് ചന്ദ്രനും, പ്രൊഡ്യൂസർ ആയ ജിസ് ടോംസും ഈ കാസ്റ്റിംഗിലേക്ക് എത്താൻ സഹായിച്ചിട്ടുണ്ട്.. മഞ്ജുവാര്യരുടെയും സണ്ണി വെയ്നിന്റെയും കോമ്പിനേഷൻ വളരെ രസകരമായി തന്നെ വന്നു.

പുണ്യാളൻ അഗർബത്തീസ്, സു സുധി വാത്മീകം എന്നീ സിനിമകളുടെ കോ-റൈറ്റേഴ്‌സ് ആയിരുന്നു. അത് നേടിത്തന്ന ഒരു ബ്രേക്ക് എന്തായിരുന്നു? 

‘പുണ്യാളൻ അഗർബത്തീസ് ‘, ‘സു സു സുധി വാത്മീകം’ എന്നീ സിനിമകളുടെ കോ- റൈറ്റേഴ്സ് ആയതുകൊണ്ട് പിന്നീട് ഇങ്ങോട്ടുള്ള സ്ട്രഗിള്‍നു വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. പുതിയ സിനിമാ ശ്രമങ്ങള്‍ നല്ല സ്ട്രഗിള്‍ തന്നെ ആയിരുന്നു. പക്ഷേ ഒരു കാര്യം, മറ്റുള്ളവരെ സമീപിക്കുമ്പോൾ ഈ രണ്ടു സിനിമകളുടെ എഴുത്തിൽ പങ്കാളികൾ ആയിരുന്നു എന്നത് അറിയുമ്പോൾ ഒരു പ്രത്യേക താല്പര്യം ഉണ്ടാക്കുന്നതിന് സഹായിച്ചിട്ടുണ്ട് എന്നത് അനുഭവം ആണ്.

അടുത്തിടെ പൂജ നടന്ന പ്രിയൻ ഓട്ടത്തിലാണ്, എന്ന സിനിമ ഹൃദ്യമായ ഒരു വിഷയമാണ് എന്ന് അതിലെ  താരങ്ങൾ പലരും പറയുകയുണ്ടായി. പ്രിയനും നിങ്ങളുടെ രചനയാണ്‌. Techno Horror ൽ നിന്നും മറ്റൊരു ജോണർ. സിനിമയിൽ സജീമാവുകയാണോ? 

‘പ്രിയൻ ഓട്ടത്തിലാണ് ‘എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ഇത് ഹ്യൂമർ ഫീൽ ഗുഡ് സിനിമയാണ്. വലിയ വലിയ സംഭവങ്ങൾ ഒന്നുമില്ലാത്ത വളരെ ചെറിയ കാര്യങ്ങളിലൂടെ നമുക്കുചുറ്റും, നമ്മളിലുള്ള കഥാപാത്രങ്ങൾ രസകരമായ സംഭവങ്ങളിലൂടെ ഡെവലപ്പ് ചെയ്ത്, സെക്കൻഡ് ഹാഫിൽ അത് ഒരു ഹ്യൂമർ ത്രില്ലർ മോഡിലേക്ക് മാറുകയും ഫീൽഗുഡ് ക്ലൈമാക്സിലേക്ക് എത്തുകയും ചെയ്യുന്ന ഒരു ചെറിയ സിനിമയാണ്. അതിലെ കഥാപാത്രങ്ങളെല്ലാം വളരെയധികം ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള ആർട്ടിസ്റ്റുകളെ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. അവർക്കെല്ലാം ചെറിയ കാര്യങ്ങൾ ആണെങ്കിൽ പോലും സ്ക്രീനിൽ പ്രേക്ഷകമനസ് കവരുന്ന തരത്തിൽ ചെയ്യാൻ പാകത്തിനുള്ള സ്പേസും സിനിമയിൽ ഉണ്ട്. വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണിത്.

സിനിമയിൽ സജീവമാവുകയാണോ എന്ന് ചോദിച്ചു കഴിഞ്ഞാൽ സിനിമ ഞങ്ങൾക്ക് എന്നും വളരെ ഇന്ട്രെസ്റ്റിംഗ് ആയി ആവേശത്തോടെ എഴുതാനും അത് സിനിമയായി കാണാനും ആഗ്രഹിക്കുന്ന കാര്യമാണ്. നല്ല സിനിമകൾ കാണാൻ ആഗ്രഹിക്കുന്നത് കൊണ്ട് തന്നെയാണ് നല്ല സിനിമകൾ എഴുതി കാണാൻ ശ്രമിക്കുന്നത്. സജീവമാകുമോ എന്നത് കൈയ്യിൽ ഇനി ഉള്ള തിരക്കഥകൾ പ്രൊജെക്ടുകൾ ആയി മാറുമോ എന്നതിനെ ആശ്രയിച്ചു ഇരിക്കും…അത് ഒരു സിമ്പിൾ ആയ പ്രക്രിയ അല്ല എന്നതാണ് നമ്മുടെ ചെറിയ അനുഭവം. ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കും, ചെയ്യുന്ന കാര്യങ്ങൾ കൂടുതൽ മികച്ചതാക്കാനും, പ്രേക്ഷക സ്വീകാര്യത ലഭിക്കാനും. കൂടുതൽ സിനിമകൾ നമുക്ക് ചെയ്യുവാനുള്ള അവസരം ഉണ്ടാകുന്നതിനും ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

മുൻപ് പറഞ്ഞ പോലെ മഞ്ജു – സണ്ണി എന്ന അപൂർവ കോമ്പിനേഷൻ പോലെ തന്നെയാണ്, ശറഫുദ്ധീൻ – നൈല ഉഷ … ഇങ്ങിനെ പുതിയ കോമ്പിനേഷനുകൾ നിങ്ങളുടെ കഥകളിൽ സംഭവിക്കുകയാണോ? അതോ അതൊരു മാർക്കറ്റ് തന്ത്രമാണോ? 

മഞ്ജു- സണ്ണി കോമ്പിനേഷൻ പോലെ വ്യത്യസ്തമാണ് പ്രിയൻ ഓട്ടത്തിലാണെന്ന ചിത്രത്തിലെ ഷറഫുദ്ധീൻ -നൈല ഉഷ കോമ്പിനേഷൻ വരുമ്പോൾ. യഥാർത്ഥത്തിൽ അവരുടേത് വളരെ ഇന്റെർസ്റ്റിംഗ് ആയിട്ടുള്ള ഒരു കെമിസ്ട്രി ആണ്. ആ സിനിമയെ ആളുകളിലേക്ക് ആകർഷിപ്പിക്കുവാനായി അത്തരം ഒരു കോമ്പിനേഷൻ സഹായകമായി. അതിനു വേണ്ടി മുൻകൂട്ടി ആലോചിച്ചു ചെയ്ത പരിപാടിയല്ലയിത്.

നൈല ഉഷ ചെയുന്ന കഥാപാത്രം പ്രിയദർശൻ എന്നുപറയുന്ന ഷറഫുദ്ധീൻ ചെയുന്ന കഥാപാത്രത്തിനോട്‌ വളരെ വ്യത്യസ്തമായിട്ടുള്ളൊരു നിലയിലുള്ളൊരു കഥാപാത്രമാണ്, അപ്പോൾ ആ കഥാപാത്രത്തിലേക്ക് ആരെകൊണ്ടുവരണം, പതിവ് ആളുകളല്ലാതെ വ്യത്യസ്തമായ ഒരു ആർട്ടിസ്റ്റ് ചെയ്യണമെന്ന വ്യക്തമായ ധാരണയുണ്ടായിരുന്നു. ആ വഴിയിൽ ഞങ്ങൾ നൈല ഉഷയോട് കഥപറഞ്ഞപ്പോൾ അവർ വളരെ സന്തോഷത്തോടുകൂടിയും ആവേശത്തോടുകൂടിയും ഈ കഥാപാത്രം ഞാൻ ചെയ്യുകയാണെന്ന് പറയുകയായിരുന്നു, അത് ഞങ്ങൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്. ശരിക്കും നൈല ഉഷയാണ് ഈ സിനിമയെ അടുത്ത നിലയിലേക്ക് ഉയർത്തിയത്.

ഷറഫുദീനോട് അദ്യം കഥയെ കുറിച്ച് സംസാരിക്കുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അത് ആണ് ആ സിനിമ ശ്രമത്തിന്റെ ഒരു വഴിത്തിരിവ്. എങ്കിൽപ്പോലും സിനിമയുടെ അടുത്ത പ്രേരകശക്തി നൈല ഉഷ ഈ സിനിമയുടെ ഭാഗമായപ്പോഴാണ്. കാരണം പിന്നീടത് ഒരു നിർമ്മാതാക്കളിലേക്ക് എത്തുകയും ആ ഇന്റെർസ്റ്റിംഗ് കോമ്പിനേഷൻ വർക്ഔട്ട് ആവുകയും എല്ലാരും ഈ കഥയും വിഷയവും ഇഷ്ട്ടത്തോടെ സമീപിക്കുകയും ചെയ്തപ്പോളാണ് ആ കഥ നമ്മുക്ക് ഷൂട്ട്‌ ചെയുന്ന രീതിയിൽ എത്തുകയുണ്ടായത്.

തിരക്കഥാകൃത്തുക്കൾ നേരിടുന്ന പ്രതിസന്ധികൾ എന്തൊക്കെയാണ്? മാറുന്ന മലയാള സിനിമയിൽ കഥാകാരൻ മാറേണ്ടത് എപ്രകാരമാണ്? 

പല കഥകളെയും അല്ലെങ്കിൽ ഭാവനകളേയും, അല്ലെങ്കിൽ ചെറിയ പരാമർശങ്ങളെ വലിയ പ്രശ്നങ്ങളായി ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു ചെറിയ വിഭാഗം ആളുകൾ സമൂഹത്തിൽ ഉണ്ട്. അവർക്ക് കൂടുതൽ സ്പേസ് കിട്ടിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. അത്തരം കാര്യങ്ങളെല്ലാം തിരക്കഥാകൃത്തുക്കൾ നേരിടുന്ന വെല്ലുവിളികളാണ്.

മറ്റൊരു പ്രധാന വെല്ലുവിളി എന്തെന്നുവെച്ചാൽ രചയിതാക്കൾക്ക് അല്ലെങ്കിൽ എഴുത്തുകാർക്ക് സിനിമയിൽ അവർക്ക് അർഹിക്കുന്ന തരത്തിലുള്ള ഫോക്കസ് ലഭിക്കുന്നില്ല എന്ന് തോന്നാറുണ്ട്. ചിലപ്പോൾ അവർ രണ്ടോ മൂന്നോ സിനിമ ചെയ്തതിനുശേഷം മാത്രമേ അവരുടെ രചനകളെ അല്ലെങ്കിൽ അവരുടെ വാല്യൂ കൂടുതൽ ഉയരുന്ന തരത്തിൽ അവർക്കൊരു ഉയർച്ചയോ അല്ലെങ്കിൽ മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുന്നു എന്ന് തോന്നിയിട്ടുള്ളു. ശരിക്കുപറഞ്ഞാൽ ഒരു സിനിമയുടെ പ്രധാന ഘടകം എന്ന് പറയുന്നത് അതിന്റെ കഥയും തിരക്കഥയും തന്നെയാണ്, ആ ഒരു പ്രാധാന്യം തിരക്കഥാകൃത്തുക്കൾക്ക് പൊതുവായി ഇപ്പോഴും ലഭിക്കുന്നുണ്ടോ എന്നുള്ളത് ഒരു സംശയമാണ്.

പിന്നെ മാറുന്ന മലയാള സിനിമയിൽ കഥാകാരൻ മാറേണ്ടത് ചോദിച്ചാൽ, കഥാകാരനെ സംബന്ധിച്ചിടത്തോളം എന്നും പഠനങ്ങൾക്കും മാറ്റങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്നു എന്നുള്ള ഒരു സത്യമുണ്ട്. കാരണം നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും നമ്മൾ പഠിക്കുകയും വായിക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ നിന്നുമാണ് ഞങ്ങൾ കഥകൾ ഉണ്ടാക്കുന്നതും അത് സിനിമ ആക്കുവാനും ശ്രമിക്കുന്നത്. അപ്പോൾ നമ്മൾ നിരന്തരമായി പഠനത്തിന് വിധേയമാക്കുന്ന അല്ലെങ്കിൽ നിരന്തരമായി അനുഭവങ്ങൾക്ക് സാക്ഷ്യം വഹിക്കണം. ആ ദിശയിലുള്ള പ്രവർത്തനങ്ങൾ തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുക എന്നതാണ് ഒരു ഒരെഴുത്തുകാരൻ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ എന്ന് തോന്നിയിട്ടുണ്ട്.

ശ്രദ്ധേയമാകുന്നു പുതിയ കഥാകൃത്തുക്കൾക്കു സിനിമാ വാർത്തകളുടെ അഭിനന്ദനങ്ങൾ. ഇതിനലകം വലിയ ചർച്ചയായ ഒരു സിനിമ റീലിസാവുന്നു, മറ്റൊരു സിനിമ ഷൂട്ടിംഗ് പുരോമിക്കുന്നു . പുതിയ ഓഫറുകൾ ലഭിച്ചു തുടങ്ങിയോ? 

സിനിമകൾ ശ്രദ്ധേയമാകുന്നു എന്നുപറയുന്നത് കേൾക്കുന്നതിൽ സന്തോഷമുണ്ട്. ‘ചതുർമുഖം’ ശ്രദ്ധിക്കപ്പെടട്ടെ. അതുപോലെതന്നെ ‘പ്രിയൻ ഓട്ടത്തിലാണ് ‘എന്ന ചിത്രവും നല്ല സിനിമകൾ എഴുതി സിനിമയായി കാണാൻ ഒരുപാട് ആഗ്രഹമുണ്ട്. ഞങ്ങൾ ഒരുമിച്ച് ഒരു പറ്റം തിരക്കഥകൾ എഴുതി വെച്ചിട്ടുണ്ട്. അവ നല്ല സിനിമയാക്കി തീർക്കാൻ കഴിയുന്ന സംവിധായകനിലേക്കും നിർമ്മാതാക്കളിലേക്കും അഭിനേതാക്കളിലേക്കും എത്തേണ്ടതുണ്ട്.

ഓഫറുകൾ എല്ലാം വന്നു തുടങ്ങുന്ന രീതിയിൽ വലിയ ആളുകൾ ഒന്നും അല്ലല്ലോ. ഓഫറുകൾ ആയിട്ട് വന്നു തുടങ്ങുകയോ, അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. എന്ത് ഓഫറുകൾ വന്നാൽപോലും ഈ പറയുന്ന സിനിമ മേക്കിങ് പ്രോസസ്സ് ആസ്വദിക്കാവുന്ന തരത്തിലുള്ള ബന്ധങ്ങളും കൂട്ടുകെട്ടുകളും പ്രൊഫഷണൽ ആയിട്ടുള്ള ആളുകളും ഉണ്ടാവുക എന്നതും ആണ് ഏറ്റവും ആഗ്രഹിക്കുന്ന കാര്യം. നല്ല സിനിമകൾ ഉണ്ടാക്കാൻ ഓഫറുകൾ വരുമായിരിക്കും, അല്ലെങ്കിൽ ആ യാത്രയിൽ അങ്ങനെയുള്ള ആളുകളെ കണ്ടുമുട്ടുമായിരിക്കും, യാത്ര തുടരുകയാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE