Home Interviews 27 വർഷം പ്രവാസിയായി ജീവിക്കുന്ന ഞാൻ ഒരു പ്രവാസത്തിൽ വെച്ച് ചെയ്യുന്ന സിനിമ തന്നെയായിരിക്കണം ആദ്യത്തേത്...

27 വർഷം പ്രവാസിയായി ജീവിക്കുന്ന ഞാൻ ഒരു പ്രവാസത്തിൽ വെച്ച് ചെയ്യുന്ന സിനിമ തന്നെയായിരിക്കണം ആദ്യത്തേത് എന്നത് ഒരു കാവ്യനീതി മാത്രമായിരിക്കാം.

0

ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ ഇതുവരെ പറയാത്ത കഥയുമായി ഒരു സിനിമ എത്തുകയാണ്. 27 വർഷമായി പ്രവാസജീവിതം നയിക്കുന്ന മുഷ്ത്താഖ് റഹ്മാൻ കരിയാടൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ദേര ഡയറീസ്. ഈ മാസം നീ സ്ട്രീമില്‍ റിലീസാകുന്ന ചിത്രം യു എ ഇയിലാണ് പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. തന്റെ സിനിമ വിശേഷങ്ങളെക്കുറിച്ച് മുഷ്ത്താഖ് റഹ്മാൻ കരിയാടൻ സിനിമാ വാർത്തകളോട് സംസാരിക്കുന്നു. 

ഒരു പാട് നാളത്തെ കാത്തിരിപ്പിനുശേഷം ആദ്യത്തെ സിനിമ റിലീസ് ആവുകയാണ്. എന്ത് തോന്നുന്നു.

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം എന്റെ സിനിമ റിലീസ് ആവുകയാണ്. സത്യത്തിൽ സന്തോഷം തോന്നുകയാണോ എന്ന് ചോദിച്ചു കഴിഞ്ഞാൽ എന്താണ് എനിക്ക് തോന്നുന്നത് എന്ന് പറയാൻ പറ്റുന്നില്ല. തീർച്ചയായും സന്തോഷം തന്നെയാണ്. സിനിമ ചെയ്യാൻ വേണ്ടി മാത്രം ജനിച്ച ഒരാൾ എന്നോ അല്ലെങ്കിൽ എന്നെക്കാൾ സിനിമ ചെയ്യാൻ അർഹത ആയിട്ടുള്ള ഒരാളും ഇവിടെയില്ല എന്നും എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്.

ഒരിക്കലും ഞാൻ ഒരു കാര്യവും ഫൈറ്റ് ചെയ്ത് നേടിയെടുക്കാറില്ല. സിനിമ സംഭവിച്ചതും സ്വാഭാവികം ആയിട്ടാണ്. സിനിമ റിലീസ് ചെയ്യുമ്പോൾ എല്ലാവരെയും പോലെ അത് ആളുകളിലേക്ക് എത്തുമ്പോൾ എങ്ങനെയായിരിക്കും അതിന്റെ സ്വീകാര്യത എന്തായിരിക്കും ആളുകൾ സിനിമയെ കുറിച്ച് പറയുക എന്നുള്ള ഒരു ആകാംഷയിലാണ് ഞാൻ ഇപ്പോൾ ഉള്ളത്.

മുഴുവൻ സമയം പ്രവാസി ആയി സിനിമ ചെയ്യുക അത്ര എളുപ്പമല്ല. പലരും പ്രവാസം വിട്ടു പോയാണ് സിനിമ ചെയ്യുക. എങ്ങിനെയാണ് ഇത് സാധ്യമാക്കിയത്?

പ്രവാസിയായിരുന്നു കൊണ്ട് സിനിമ ചെയ്യുക എന്ന ഒരു ഉദ്ദേശം ഉണ്ടായിരുന്നില്ല. കേരളത്തിൽ വെച്ചുള്ള ഒരു സിനിമ തന്നെയായിരുന്നു പദ്ധതിയിട്ടിരുന്നത്. അങ്ങനെയുള്ള ഒരു യാത്രയിൽ ആണ് ഈ സിനിമയുടെ പ്രൊഡ്യൂസർ മധു കറുവത്ത് കണ്ടുമുട്ടുന്നത്. അദ്ദേഹം ആക്ടിങ് ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. ആക്ടിങ് ക്യാമ്പിനോടനുബന്ധിച്ച് സിനിമ താല്പര്യമുള്ളവർക്ക് ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടെന്ന് പറഞ്ഞിരുന്നു. എല്ലാവരും യു.എ.ഇയിൽ ജോലിചെയ്യുന്നവരാണ്. അതുകൊണ്ട് എല്ലാവരും കേരളത്തിൽ വന്ന് ഒരു സിനിമ ചെയ്യുക എന്നത് പ്രാപ്തിയുള്ള ഒരു കാര്യമായിരുന്നില്ല.

അതിനാൽ ഇവിടെ വെച്ച് ചെയ്യാൻ പറ്റുന്ന ഒരു സിനിമ പ്ലാൻ ചെയ്യുകയായിരുന്നു. വളരെ യാദൃശ്ചികമായി എന്റെ കയ്യിൽ ഇവിടെവെച്ച് ചെയ്യാൻ കഴിയുന്ന ഒരു സിനിമയുടെ തിരക്കഥ റെഡിയായിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ഈ സിനിമ സംഭവിക്കുന്നത്. ഈ പറയുന്നത് പോലെ കേരളവും യുഎഇയും തമ്മിൽ സിനിമ ഭൂപടത്തിൽ ഒരേ പോലെയാണ്. മറ്റു രാജ്യങ്ങളെ പോലെ വളരെ അകലെയല്ല. ആഴ്ചയിൽ ഉള്ള ചെറിയ ലീവുകളിൽ നാട്ടിൽ വന്ന് സിനിമയിൽ അഭിനയിക്കുന്ന ആർട്ടിസ്റ്റുകൾ എല്ലാം ഇവിടെയുണ്ട്.

മലയാള സിനിമയിലെ വർക്കുകൾ ചെയ്യുവാൻ ഇവിടെ വന്ന് പോകുന്ന ആളുകളും ഉണ്ട്. അത്രത്തോളം സിനിമ ഭൂപടത്തിൽ കേരളവും യുഎഇയും വളരെ അടുത്ത് തന്നെയാണ് നിൽക്കുന്നത്. എനിക്ക് തോന്നുന്നു അത്ര ബുദ്ധിമുട്ടുകൾ ഇല്ലാത്ത രീതിയിൽ തന്നെ യുഎഇയിൽ വെച്ച് സിനിമ ചിത്രീകരിക്കുവാൻ കഴിയും. ഒരു പ്രവാസിയായി സിനിമ ചെയ്യണമെന്നോ, പ്രവാസിയുടെ സിനിമ ചെയ്യണമെന്നോ ഒരു ചിന്തയും പ്ലാനുകളും ഒന്നും ഉണ്ടായിരുന്നില്ല.

കുറെ ഷോർട് ഫിലിമുകൾ ചെയ്തിട്ടുണ്ട്. അംഗീകാരങ്ങളും. സിനിമ വാർത്തകളോട് അതിനെ പറ്റി ഒന്ന് വിശദീകരിക്കാമോ?

ഞാൻ ഏകദേശം നാലോളം ഷോർട്ട് ഫിലിമുകളും മൂന്നോളം ടെലിഫിലിമുകളും ചെയ്തിട്ടുണ്ട്. ഒരു പെരുന്നാൾ രാവ്, സ്പന്ദനം, തമ്പ് തുടങ്ങിയവയാണ് എന്റെ ഷോർട്ട് ഫിലിമുകൾ. ആർപ്പ്, ചിത്രങ്ങൾ, യാത്രാമധ്യേ തുടങ്ങിയവയാണ് ടെലി സിനിമകൾ. ഇതിൽ ഒരു പെരുന്നാൾ രാവും സ്പന്ദനവും ചെറിയ അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. അതുപോലെ ‘ആർപ്പ്’ എന്ന ടെലി സിനിമ ഏഷ്യാനെറ്റ് അവാർഡ് നേടിയിരുന്നു.

‘യാത്രാമധ്യേ’ ഏറ്റവും നല്ല തിരക്കഥക്കുള്ള അവാർഡ് ഷാർജയിൽ വെച്ചും ലഭിച്ചിരുന്നു. ഇതിൽ ‘ആർപ്പ്’ എന്ന് പറഞ്ഞുള്ള സിനിമയാണ് പിന്നീട് സുഗീത് സംവിധാനം ചെയ്ത മധുരനാരങ്ങ എന്ന സിനിമയായി മാറിയത്.

ആദ്യ സിനിമ ഇതായിരിക്കണം അല്ലെങ്കിൽ പ്രവാസ വിഷയം തന്നെ ആയിരിക്കണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നോ?

ഒരിക്കലുമില്ല. ആദ്യത്തെ സിനിമ എന്റെ പ്രവാസത്തെ കുറിച്ച് പറയണം അല്ലെങ്കിൽ ഒരു പ്രവാസി ചെയ്യുന്ന സിനിമ എന്നു പറയുന്നത് ഒരു ഒരു ക്ലിശയെന്നു പറയുന്നത് തന്നെ ക്ലിശയായിരിക്കുന്ന ഒരു സമയമാണ് ഇപ്പോൾ. തീർച്ചയായും ഒരുപക്ഷെ പ്രവാസത്തെ കുറിച്ച് എത്ര പറഞ്ഞാലും ഇനിയും പറയാനുള്ള വിഷയങ്ങൾ ഉണ്ടാകും.

ഓരോരുത്തർക്കും അവരവരുടെ കണ്ണിൽ കാണുന്ന വിഷയങ്ങൾ ഉണ്ടാകാം. പ്രവാസത്തെ കുറിച്ച് പറയാൻ എനിക്കും എന്റെതായ രീതിയിലുള്ള കഥകളുണ്ട്. ഒരിക്കലും ആദ്യത്തെ സിനിമ പ്രവാസത്തെ കുറിച്ച് ആയിരിക്കണമെന്ന ചിന്ത എനിക്കുണ്ടായിരുന്നില്ല. പക്ഷേ സ്വാഭാവികമായും 27 വർഷം പ്രവാസിയായി ജീവിക്കുന്ന ഞാൻ ഒരു പ്രവാസത്തിൽ വെച്ച് ചെയ്യുന്ന സിനിമ തന്നെയായിരിക്കണം ആദ്യത്തേത് എന്നത് ഒരു കാവ്യനീതി മാത്രമായിരിക്കാം.

അടുത്ത സിനിമയുടെ ചിത്രീകരണം നടക്കുന്നു എന്നറിയുന്നു അതിനെപ്പറ്റി?

അടുത്ത സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ആ സിനിമയുടെ പേര് ‘അഭിരാമി’ എന്നാണ്. ഗായത്രി സുരേഷ്, ഹരികൃഷ്ണൻ, റോഷൻ ബഷീർ, ശ്രീകാന്ത്‌ മുരളി എന്നിവരൊക്കെയാണ് ചിത്രത്തിൽ വേഷമിടുന്നത്. അത് പൂർണമായും ദുബായിയിൽ ചിത്രീകരിച്ച ഒരു സിനിമയാണ്. പ്രവാസവുമായി യാതൊരുവിധ ബന്ധവുമില്ലാത്ത കഥയാണ്.

സോഷ്യൽ മീഡിയയിൽ അഡിക്റ്റായി പോകുന്ന ഒരു യുവതിയുടെ കഥയാണ്. അവരുടെ പേഴ്സണൽ ലൈഫിൽ ഈ പറയുന്ന സോഷ്യൽ മീഡിയ ഉപഭോഗം എങ്ങനെ ബാധിക്കുന്നു എന്നുള്ള ഒരു വിഷയത്തെ ആസ്പദമാക്കിയാണ് ചിത്രം. സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് വഹീദ് സമാനാണ്. അദ്ദേഹം സൗദിയിൽ ഒരു പത്രപ്രവർത്തകനാണ്. ശിഹാബ് മുഹമ്മദാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്.

പ്രവാസികൾ ഒരു കാലത്തു സിനിമയിൽ പണം നിക്ഷേപിക്കുന്ന ഒരു വിഭാഗം മാത്രമായിരുന്നു. ഇപ്പോളത് മാറി നിറയെ സാങ്കേതിക പ്രവർത്തകർ വരുന്നു. അഭിനേതാക്കൾ വരുന്നു. പ്രവാസ കലാകാരന്മാർക്ക് അതൊരു ശുഭ വാർത്ത അല്ലേ?

തീർച്ചയായും ഒരു ശുഭവാർത്ത തന്നെയാണത്. തുടക്കം നമുക്ക് വേണ്ടിയിരുന്നത് സാഹിത്യത്തിൽ നിന്നായിരുന്നു. സാഹിത്യത്തിന്റെ തുടർച്ചയെന്നോണം നമുക്ക് ഇതിനെ കാണാൻ കഴിയും. ചോദ്യത്തിൽ ഉന്നയിച്ചിരിക്കുന്നത് പോലെ ആദ്യമൊക്കെ പ്രവാസി സംരംഭകർ വെറും പണം മുടക്കുന്ന പണചാക്കുകളോ പറ്റിക്കപ്പെടാവുന്ന സംരംഭകരോ മാത്രമായിരുന്നു. അതിനു വലിയ ഒരു കാരണം ഈ പ്രവാസികൾ തന്നെയായിരുന്നു. വെള്ളിത്തിരയിൽ കാണുന്ന അഭിനേതാക്കളുടെ അടുത്ത് നിന്നുകൊണ്ട് ഫോട്ടോ എടുക്കുക എന്നതിൽ കവിഞ്ഞുള്ള യാതൊരുവിധ ആഗ്രഹവും ഇല്ലാത്ത ആളുകൾ ചതിക്കുഴികളിൽ വീഴുകയായിരുന്നു. അല്ലാതെയും സിനിമ നിർമ്മിച്ചവരുണ്ട്. ഈ പറയുന്ന സിനിമയോട് അഭിനിവേശം ഉള്ള ഒരുപാട് പേർ ഇവിടെ ഉണ്ടായിരുന്നു. അതിലൊരു മാറ്റം സംഭവിച്ചു വന്നിരിക്കുന്നു.

കാരണം, കേരളത്തിലങ്ങോളമിങ്ങോളമുള്ള കലാകാരന്മാർ അവരുടെ ജീവിതപ്രശ്നങ്ങൾ കൊണ്ടുമാത്രം അവർ ആഗ്രഹിക്കുന്ന കലയിൽ നിന്നും മാറിനിന്നപ്പോൾ ഇന്ന് ഈ സാങ്കേതികവിദ്യാ സഹായിച്ചുകൊണ്ട് സിനിമയിലേക്ക് വരാൻ അവരെ സഹായിച്ചപ്പോൾ അതൊരു ശുഭകരമായ വാർത്തയായി മാറിയിരിക്കുന്നു. തീർച്ചയായും സിനിമയെ സ്നേഹിക്കുന്ന കലാകാരന്മാർക്ക് അല്ലെങ്കിൽ പ്രവാസി കലാകാരന്മാർക്ക് തീർച്ചയായും ഇത് ഒരു ശുഭവാർത്ത തന്നെയാണ്. യുഎഇയിൽ ഉള്ള അഭിനേതാക്കൾക്ക് ഉള്ള ഒരു പ്രത്യേകത, കഴിഞ്ഞ ഒരു 20 വർഷത്തോളം ഇവിടെ വർക്ക് ചെയ്യുന്ന ഒരാളെന്നനിലയിൽ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത് നമ്മൾ ഇവിടെ സിനിമ ചിത്രീകരിക്കുമ്പോൾ, അഭിനേതാക്കളെ ക്ഷണിച്ചു കഴിഞ്ഞാൽ അവർ വളരെ സ്വാഭാവികമായി അഭിനയിച്ചു പോകുന്നുണ്ട്. കാരണം, ക്യാമറ ആംഗിൾസിനെ കുറിച്ചോ ക്യാമറയുടെ മുൻപിൽ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചെലാം അവർക്ക് നല്ലപോലെ ബോധ്യമുണ്ട്.

അത് ഈ മേഖലയുമായി വളരെ അടുത്തു നിൽക്കുന്നത് കൊണ്ടുള്ള ഒരു പോസിറ്റീവ് ആണത്. ഒരു പക്ഷേ മറ്റു വിദേശ രാജ്യങ്ങളിൽ പോയി ഇങ്ങനെ ഒരു സിനിമ ചെയ്യാൻ ശ്രമിച്ചാൽ, അവിടെയുള്ള ഒരു കലാകാരനെ ക്യാമറയുടെ മുന്നിൽ കൊണ്ടുവന്നു കഴിഞ്ഞാൽ അവർ ഒരുപക്ഷേ വളരെ അസ്വാഭാവികമായുള്ള അഭിനയം കാഴ്ച വെച്ചേക്കാം. കാരണം സിനിമ നിർമ്മാണത്തിന്റെ നൈരന്തര്യം അവിടെ കുറഞ്ഞതു കൊണ്ടാകാം. ഇവിടെ ദുബായിലുള്ള കലാകാരന്മാർ ഓരോ ആഴ്ചകളിലും ടെലിഫിലിമുകളായും ഷോർട്ട് ഫിലിമുകളായും നിർമ്മിക്കുകയും അല്ലെങ്കിൽ യുഎഇയിലെ കലാകാരന്മാർ അവർക്കു ലഭിക്കുന്ന ആഴ്ചഅവധികളിൽ നാട്ടിൽ പോയി ഒന്നോ രണ്ടോ സിനിമകളിൽ മുഖം കാണിച്ച് അഭിനയത്തിന്റെ സാങ്കേതികവശങ്ങൾ മനസ്സിലാക്കിയ കലാകാരന്മാർ ആയി മാറുന്നുണ്ട്.

അതുകൊണ്ടുതന്നെ ദുബായിൽ ഷൂട്ട് നടക്കുന്ന വലിയ വലിയ സിനിമകളിൽ പോലും അതിന്റെ മെയിൻ ക്യാരക്ടേഴ്സ് ഒഴിച്ച് ബാക്കി ആർട്ടിസ്റ്റുകൾ എല്ലാം യുഎഇയിൽ നിന്ന് തന്നെയാണ് അവർ തെരഞ്ഞെടുക്കുന്നത്. ഇവിടെ അതിനനുസരിച്ചുള്ള കലാകാരന്മാരുണ്ട്. അവരെല്ലാം സാങ്കേതികമായി അറിവുള്ളവരുമാണ്. സിനിമ അഭിനയത്തിന്റെ പ്രത്യേകത അഭിനയത്തേക്കാൾ ഉപരി സാങ്കേതിക അഭിനയം ആവശ്യമാണ്. അതില്ലെങ്കിൽ സിനിമ അഭിനയവും സിനിമ സംവിധാനവും സിനിമ നിർമ്മാണവും വളരെ ബുദ്ധിമുട്ടായിരിക്കും. അങ്ങനെയൊരു മാറ്റം വന്നിട്ടുണ്ട്. യഥാർത്ഥ പണം നിക്ഷേപിക്കുന്ന മുതലാളിമാരിൽ നിന്നും യഥാർത്ഥ കലയെ സ്നേഹിക്കുന്ന കലാസ്വാദകർക്ക് സിനിമയിലേക്ക് വരാനുള്ള ഒരു അവസരം ആയി മാറിയിരിക്കുന്നു.

പൂർണമായും ഗൾഫിൽ ചിത്രീകരിച്ച ഒരു സിനിമയുടെ സംവിധായകന് പൊതുവെ ഇത്തരം സിനിമകളുടെ ചിലവിനെ പറ്റി ആശങ്ക പെടുന്ന ഒരു കൂട്ടരോട് എന്താണ് പറയാനുള്ളത്?

തീർച്ചയായും നമുക്ക് ഗൾഫിൽ ചെയ്യുന്ന സിനിമയായാലും നാട്ടിൽ ചെയ്യുന്ന സിനിമയായാലും നമ്മൾ ഉദ്ദേശിച്ച ഒരു ബഡ്ജറ്റിൽ സിനിമ പൂർത്തീകരിക്കണം എന്നതാണ് ഒരു സംവിധായകന്റെ അല്ലെങ്കിൽ ഒരു പ്രൊഡക്ഷൻ ടീമിന്റെ ഏറ്റവും ആദ്യത്തെ വിജയം. അത് സംഭവിക്കണമെങ്കിൽ നമ്മൾ എല്ലാ സിനിമയിലും ചെയ്യുന്നത് പോലെ വ്യക്തമായ ചാർട്ടിങ്ങും പ്ലാനിങ്ങും ഉണ്ടായിരിക്കണം.

ഇവിടെനിന്ന് സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരോട് എനിക്ക് ആദ്യം പറയാനുള്ളത് ചെറിയ ഷോർട്ട് ഫിലിമുകൾ ചെയ്ത ഒരു എക്സ്പീരിയൻസ് വെച്ചു കൊണ്ടുമാത്രം ഒരു സിനിമ ചെയ്യാൻ തയ്യാറാകാതെ ഒന്നു രണ്ടു സിനിമകളിൽ വർക്ക് ചെയ്യാൻ ശ്രമിക്കണം എന്നുള്ളതാണ്. ഒരു സിനിമയുടെ പൂർണമായ പ്രവർത്തനം എങ്ങനെയാണ് എന്നതിനെക്കുറിച്ച് ഒരു ധാരണ ലഭിക്കാൻ ഇത് സഹായകമാകും. അതില്ലാതെ സിനിമ ഒരു സ്ക്രീനിൽ കാണുന്ന പരിചയം വെച്ചു കൊണ്ട് മാത്രം സിനിമ ചെയ്യാൻ ശ്രമിക്കരുത്. കഴിവുണ്ടാകും, എന്നാലും ഒരു വർക്കിംഗ് എക്സ്പീരിയൻസ് നമ്മൾ ഉണ്ടാക്കി എടുക്കേണ്ടതുണ്ട്. അപ്പോഴാണ് ഇതിന്റെ ഒരു ബഡ്ജറ്റിംഗ് എങ്ങനെയാണ് എന്നിവയെക്കുറിച്ചെല്ലാം നമുക്ക് ഒരു ഐഡിയ കിട്ടുന്നത്. നമ്മുടെ കയ്യിൽ നല്ല ആശയങ്ങൾ ഉണ്ടാകും നല്ല കഥകളും ഉണ്ടാകും, പക്ഷേ നമ്മൾ ഒരു നിർമാണപ്രക്രിയയിലേക്ക് പോകുന്നതിനു മുൻപ് ഒരു പ്രൊഫഷണൽ മേയ്ക്ക് ചെയ്യുന്ന ഒന്നു രണ്ടു സിനിമാ സെറ്റുകളിൽ നമ്മൾ അസിസ്റ്റന്റ് ആയിട്ടോ ആ സിനിമയുടെ കൂടെ നിൽക്കുന്ന ഒരാളായിട്ടോ പ്രവർത്തിച്ചു കഴിഞ്ഞാൽ, മേക്കിങ് വഴികൾ മനസ്സിലായി കഴിഞ്ഞാൽ നമുക്ക് അതനുസരിച്ച് ബഡ്ജറ്റ് പ്ലാൻ ചെയ്യാവുന്നതാണ്.

നമ്മൾ പ്ലാൻ ചെയ്യുന്ന ബഡ്ജറ്റ് നമ്മുടെ സിനിമ നിർത്താൻ സാധിക്കുക എന്നത് ആദ്യമായിട്ടും അവസാനമായിട്ടും സംവിധായകന്റെ കയ്യിൽ മാത്രം കിടക്കുന്ന ഒന്നാണ്. സംവിധായകന് ഇത് പ്ലാൻ ചെയ്യാൻ പറ്റണം എന്നുണ്ടെങ്കിൽ, അതിന് ഒരു സ്ക്രിപ്റ്റ് കണ്ടു കഴിഞ്ഞാൽ അതെനിക്ക് ഇത്ര രൂപയിൽ സിനിമ പൂർത്തീകരിക്കാൻ സാധിക്കണം എന്നുണ്ടെങ്കിൽ ബഡ്ജറ്റ്കളെ എങ്ങനെ മാനേജ് ചെയ്യണം എന്നറിയണമെങ്കിൽ ഒരു പ്രാക്ടിക്കൽ സിനിമയിൽ നമ്മൾ ഉണ്ടായിരിക്കണം.

Deira ഡയറീസ്. ദുബായിലെ പഴയ പാരമ്പര്യം ഉറങ്ങുന്ന ഈ നഗരം പൂർണമായി താങ്കളുടെ സിനിമയിൽ ഉണ്ടോ?

ദെയ്‌റ ഡയറീസ് എന്നു പറയുന്നത് ഒരു വ്യക്തിയെ കുറിച്ച് മറ്റ് അഞ്ചു പേർ പറയുന്ന കഥയാണ്. മറ്റു അഞ്ചുപേരുടെ കഥയിലും ഒരാൾ ചെലുത്തിയ സ്വാധീനത്തെ പറയുന്ന ഒരു കഥയാണ്. മറിച്ച്, ഇത് അഞ്ചു പേരുടെ കഥയാണ് ഈ ഒരാളുടെ കഥ അതിൽ പറയുന്നുമില്ല. ഇതാണ് ഈ സിനിമയുടെ ഒരു പ്രത്യേകത. തീർച്ചയായും വിദേശത്ത് നടന്നാൽ മാത്രമേ ആ കഥയ്ക്ക് ഒരു പ്രത്യേകതയുള്ളൂ. കാരണം അയാളുടെ ഒരു മടങ്ങിപ്പോക്ക് അനിവാര്യമാണ്. അതുകൊണ്ടാണ് ഈ ഒരു കഥ ഇവിടെ വെച്ച് നമ്മൾ ചെയ്യുന്നത്. ദെയ്‌റ എന്നു പറയുന്നത് മലയാളികളുടെ ഗൾഫ് കുടിയേറ്റത്തിന് ആദ്യകാലഘട്ടങ്ങളിൽ ആളുകൾ വന്നിരുന്ന ഒരു സ്ഥലമാണ്.

60 വർഷം പഴക്കമുള്ള ഈ കുടിയേറ്റത്തിൽ അന്ന് വന്നിട്ടുള്ള പ്രായമായവർ എല്ലാം ഈ ദെയ്‌റയിൽ ആണ് ഉള്ളത്. ആ ദെയ്‌റയെ ഒന്ന് പ്രതിനിധീകരിക്കുക എന്നതാണ് ദെയ്‌റ ഡയറീസ്. തീർച്ചയായും സിനിമയിൽ ദെയ്‌റയുടെ ഒരുപാട് ഭാഗങ്ങൾ വരുന്നുണ്ട്. അതുകൊണ്ടാണ് ദെയ്‌റ ഡയറീസ് എന്ന പേര് വന്നതും. ദെയ്‌റക്ക് നേരിട്ട് ഈ കഥയുമായി ബന്ധങ്ങളില്ല. പക്ഷേ ദെയ്‌റയിൽ നടക്കുന്ന ഒരു കഥ എന്നതാണ് ഇതിൽ സൂചിപ്പിക്കുന്നത്. പഴയ ദെയ്‌റയും പഴയ ദുബായിയും കാണിക്കാൻ മാക്സിമം ശ്രമിച്ചിട്ടുണ്ട്.

സിനിമാ വാർത്തകളുടെ എല്ലാ ഭാവുകങ്ങളും നേരുന്നു. ഭാവി പരിപാടികളുടെ ഒരു ചാർട് കയ്യിലുണ്ടോ?

വളരെ നന്ദി സിനിമ വാർത്തകൾ ഇങ്ങനെ ഒരു അവസരം നൽകിയതിനും ഇങ്ങനെ പരിചയപ്പെടുത്തുന്നതിനും. ഭാവി പരിപാടിയുടെ ചാർട്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ ‘ദെയ്‌റ ഡയറീസ്’ പുറത്തിറങ്ങണം, ദെയ്‌റ ഡയ്സിന്റെ മറ്റു വിപണന മേഖലകളെല്ലാം നോക്കി പരമാവധി ആളുകളിലേക്ക് ഈ സിനിമ എത്തിക്കണം.

അതിനുശേഷം ഞാൻ ചെയ്തു വെച്ച ‘അഭിരാമി’ എന്ന് പറയുന്ന ചിത്രത്തിന്റ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ജൂൺ ആകുമ്പോഴേക്കും അഭിരാമിയുടെ വിതരണത്തെകുറിച്ചും റിലീസിംഗിനെക്കുറിച്ചും ശ്രമിക്കണം. അതിനുശേഷം ‘മഴ നനഞ്ഞു നനഞ്ഞ്’ എന്ന ഒരു സിനിമ മലയാളത്തിലെ രണ്ടുമൂന്ന് ആർട്ടിസ്റ്റുകളോട് പറഞ്ഞിട്ടുണ്ട് അവർക്ക് കഥ ഇഷ്ടപ്പെട്ടിട്ടുണ്ട്. ഈ സിനിമയുടെ പ്രൊഡക്ഷൻ ഉള്ള ഒരു ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്. ഇതൊക്കെയാണ് ഇപ്പോഴുള്ള താൽക്കാലിക ഭാവിപരിപാടികൾ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE