Home News പ്രേക്ഷകമനസ്സിൽ ഇന്നും ജീവിച്ച് കലാഭവൻ മണി

പ്രേക്ഷകമനസ്സിൽ ഇന്നും ജീവിച്ച് കലാഭവൻ മണി

0

കലാഭവന്‍ മണിയുടെ വേര്‍പാടിന്റെ അഞ്ചാം വാര്‍ഷികമാണിന്ന്. സോഷ്യല്‍ മീഡിയ പേജുകളില്‍ താരത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് പ്രിയപ്പെട്ടവരും സഹപ്രവര്‍ത്തകരുമെല്ലാം എത്തിയിരിക്കുകയാണ്. മിമിക്രി വേദികളിൽ നിന്നാണ് മണിയെ സിനിമ സ്വന്തമാക്കുന്നത്. ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും നായകനായും സിനിമയിൽ സ്ഥാനം കണ്ടെത്തി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മികച്ച പ്രകടനം കൊണ്ട് ആരാധകരെ സൃഷ്ടിച്ചു. നാടൻ പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു.

‘അക്ഷരം’ എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറുടെ കഥാപാത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കുള്ള കലാഭവന്‍ മണിയുടെ അരങ്ങേറ്റം. ‘സല്ലാപം’ എന്ന ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ ശ്രദ്ധേയനാക്കി. ‘കരുമാടിക്കുട്ടന്‍’, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്നീ ചിത്രങ്ങൾ മണിയെന്ന അസാമാന്യ പ്രതിഭയെ അടയാളപ്പെടുത്തിയ ചിത്രങ്ങളായി മാറി.

ആദ്യമായി കലാഭവന്‍ മണിയെ കണ്ടുമുട്ടിയത് മുതല്‍ അവസാനത്തെ കാഴ്ച വരെ സോഷ്യല്‍ മീഡിയ പേജിലൂടെ എഴുതിയ കുറിപ്പില്‍ ബാദുഷ പറയുന്നു. അതുപോലെ സിനിമകളൊന്നുമില്ലാതിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സിനിമയിലേക്ക് വിളിച്ചതിലൂടെ ലഭിച്ച സൗഭാഗ്യങ്ങളെ കുറിച്ചും വ്യക്തമാക്കിയിരിക്കുയാണ്.

മണിച്ചേട്ടനുമായുള്ള പരിചയം ആരംഭിക്കുന്നത് മാണിക്യന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ്. എന്നാല്‍ കൂടുതല്‍ അടുക്കുന്നത് ഹരിദാസ് സംവിധാനം ചെയ്ത ഇന്ദ്രജിത്ത് എന്ന സിനിമയ്ക്കിടെയാണ്. ഒരു വലിയ ബന്ധം അവിടെ തുടങ്ങി. 30 ദിവസത്തോളം നീണ്ടു നിന്ന ഷൂട്ടിനിടെ ഞങ്ങള്‍ വളരെ അടുത്തു. അങ്ങനെ ആ സിനിമയുടെ പാക്കപ്പ് ദിവസമെത്തി. അന്ന് മണിച്ചേട്ടന്‍ എന്നോട് ചോദിച്ചു. എന്താണ് നിന്റെ അടുത്ത പരിപാടി എന്ന്. അന്ന് അധികം സിനിമയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഞാന്‍ പറഞ്ഞു, അടുത്ത സിനിമ നോക്കണം എന്ന്. അപ്പോള്‍ ച്ചേട്ടന്‍ ചോദിച്ചു. അടുത്ത എന്റെ സിനിമ നീ വര്‍ക്ക് ചെയ്യാന്‍ വരുന്നോ? മണിച്ചേട്ടന്‍ എപ്പോള്‍ വിളിച്ചാലും ഞാന്‍ റെഡി എന്ന മറുപടിയും പറഞ്ഞു. അടുത്തത് ഞാന്‍ ചെയ്യുന്ന സിനിമ പ്രമോദ് പപ്പന്റെ ഏബ്രഹാം ലിങ്കണ്‍ ആണ്. നീ അതില്‍ സഹകരക്കണം. ആ സിനിമയുടെ കണ്‍ട്രോളര്‍ ശ്യാം ആണ്. ശ്യാമിനെ വിളിച്ചു ഞാന്‍ പറയാം എന്ന് മണിച്ചേട്ടന്‍ പറഞ്ഞു.

അങ്ങനെ ഷൂട്ട് ഒക്കെ കഴിഞ്ഞ് വീട്ടിലേക്ക് പോരുകയാണ്. ബസിലാണ് യാത്ര. അപ്പോള്‍ ദേ മണിച്ചേട്ടന്‍ വിളിക്കുന്നു. എടാ, ഞാന്‍ ശ്യാമിനോട് പറഞ്ഞിട്ടുണ്ട്. നീ ശ്യാമിനെ വിളിച്ചോ. അങ്ങനെ ഞാന്‍ ശ്യാമേട്ടന വിളിച്ചു. തൊട്ടടുത്ത ദിവസം തന്നെ തൃശൂരില്‍ മണി ച്ചേട്ടന്റെ സെറ്റിലെത്തി. സത്യത്തില്‍ ഇത് എനിക്കൊരു രണ്ടാം ജന്മമായിരുന്നു. കാര്യമായി സിനിമകളൊന്നുമില്ലാതിരുന്ന സമയത്ത് ‘ഇന്ദ്രജിത്ത്’ ലഭിച്ചു. അവിടെ നിന്ന് മണിച്ചേട്ടന്റെ താത്പര്യ പ്രകാരം ഈ സിനിമ. സത്യത്തില്‍ ആ സിനിമയ്ക്കു ശേഷം എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആ സിനിമയ്ക്കു ശേഷം ധാരാളം സിനിമകള്‍ മണിച്ചേട്ടനൊപ്പം വര്‍ക്ക് ചെയ്തു. അവയോരോന്നും മറക്കാനാവാത്ത നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. ചിലപ്പോള്‍ അദ്ദേഹം വിളിക്കും, ചാലക്കുടിക്ക് ചെല്ലാന്‍ പറയും. അപ്പോള്‍ ഓടി അവിടെയെത്തും. അദ്ദേഹത്തിന്റെ പാഡിയില്‍ കുറെ നേരം ഇരുന്ന് സംസാരിക്കും. അങ്ങനെയങ്ങനെ എത്രയോ കുടിക്കാഴ്ചകള്‍ അനുഭവങ്ങള്‍.

അഞ്ചു വര്‍ഷം മുന്‍പ് പുലര്‍ച്ചെ ഒരു ഫോണ്‍ കോള്‍ ‘എടാ മണിച്ചേട്ടന്‍ അമൃത ഹോസ്പിറ്റലിലാണ് ‘കേട്ട ഉടനെ ഞാന്‍ ഓടി അവിടെയെത്തി. എന്നാല്‍ അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഒരിക്കലും താങ്ങാന്‍ പറ്റാത്ത വാര്‍ത്തയായിരുന്നു അത്, മണി ചേട്ടന്‍ നമ്മെ വിട്ടു പോയി… എന്റെ ഓര്‍മകളില്‍ മണിച്ചേട്ടന്‍ ഏറ്റവും ജ്വലിക്കുന്ന ഓര്‍മയാണ്. എന്നെ രണ്ടാം ജന്മത്തിലേക്ക് കൈപിടിച്ച് നടത്തി. 5 വര്‍ഷമായിരിക്കുന്നു മണിച്ചേട്ടന്‍ പോയിട്ട്. ഒരു പാട് ചിരികള്‍ തന്ന്, ഒരു പാട് ചിന്തകള്‍ തന്ന്, സ്‌നേഹിച്ച് കടന്നു പോയ ആ നല്ല മനുഷ്യന് എന്റെ ബാഷ്പാഞ്ജലികള്‍. അദ്ദേഹത്തിന്റെ പേരിലുള്ള ഒരു പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. ഹൃദയത്തോട് എന്നും ചേര്‍ത്തു വയ്ക്കുന്ന അംഗീകാരം. മണി രത്‌ന പുരസ്‌കാരത്തിന് എന്നെ തെരഞ്ഞെടുത്ത കലാഭവന്‍ മണി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ. മണിചേട്ടന്‍ മരിച്ചിട്ടില്ല, നന്മ ചെയ്യുന്ന ഓരോ മനുഷ്യരിലൂടെയും അദ്ദേഹം ജീവിക്കുന്നു.

2016 മാര്‍ച്ച് അഞ്ചിനാണ് വീടിനുസമീപത്തെ അതിഥിമന്ദിരമായ ‘പാഡി’യില്‍ കലാഭവന്‍ മണിയെ രക്തം ഛര്‍ദിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഉടനെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ദുരൂഹതകൾ ഏറെ ബാക്കിയാക്കിയാണ് മണി കടന്ന് പോയത്. അവയുടെ ചുരുളഴിക്കാൻ അഞ്ച് വർഷങ്ങൾക്കിപ്പുറം സാധിച്ചിട്ടില്ലെന്നത് അദ്ദേഹത്തിന്റെ ആരാധകരെ ഇന്നും നോവിക്കുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE