Home Reviews പരമ്പരാഗത സ്ത്രീ ചലച്ചിത്ര സങ്കല്‍പ്പത്തില്‍ നിലയുറപ്പിക്കുന്നതിൽ നിന്നും മാറി സഞ്ചരിക്കുകയാണ് വൂൾഫ്.

പരമ്പരാഗത സ്ത്രീ ചലച്ചിത്ര സങ്കല്‍പ്പത്തില്‍ നിലയുറപ്പിക്കുന്നതിൽ നിന്നും മാറി സഞ്ചരിക്കുകയാണ് വൂൾഫ്.

0

മലയാള സിനിമയുടെ ആദ്യകാലം മുതൽക്കേ സാഹിത്യ കൃതികൾ അഭ്രപാളിയിലേക്ക് പകർന്നു വെയ്ക്കുന്ന ശീലമുണ്ട്. നോവലുകളും ചെറുകഥകളും സിനിമയായി കണ്ട മലയാളി പ്രേക്ഷകർ അവയോരോന്നിനേയും സ്വീകരിക്കുകയും പലതിന്റെയും ദൃശ്യാനുഭവങ്ങളെ നിഷ്കരുണം തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. സമീപകാലത്തും അങ്ങിനെയുള്ള ഉദാഹരണങ്ങൾ കാണാനാവും. രാമു കാര്യാട്ടിന്റെ ചിത്രം ചെമ്മീൻ മുതൽ ജി അരവിന്ദൻ ,അടൂർ ഗോപാലകൃഷ്ണൻ,എം ടി വാസുദേവൻ നായർ, പദ്മരാജൻ, ഭരതൻ, ഐ വി ശശി, ഹരിഹരൻ, ലോഹിതദാസ് എന്നിവരെല്ലാം സാഹിത്യ കൃതികളെ സിനിമയാക്കിയവരാണ്.

എന്നാൽ ഇനി പറയാൻ പോകുന്നത് പുതിയ പ്ലാറ്റഫോമിൽ മലയാളത്തിൽ എത്തിയ വൂൾഫ് എന്ന സിനിമയെ കുറിച്ചാണ്. ജി ആർ ഇന്ദുഗോപൻ ലോക്ക്ഡൗൺ കാലത്തു നടക്കുന്ന കഥയായി എഴുതിയ ചെന്നായ എന്ന ചെറുകഥ സിനിമയായി അവതരിപ്പിച്ചത് യുവ സംവിധായകരിൽ ശ്രേദ്ധേയനായ ഷാജി അസീസ് ആണ്.

വൈകാരികക്ഷോഭങ്ങളില്‍ അകപ്പെട്ടുപോകുന്ന സ്ത്രീ (നായിക) പരമ്പരാഗത ചലച്ചിത്ര സങ്കല്‍പ്പത്തില്‍ തന്നെ നിലയുറപ്പിക്കുന്നതിൽ നിന്നും മാറി സഞ്ചരിക്കുകയാണ് വൂൾഫ്. മാതാപിതാക്കൾ വിദ്യാ സമ്പന്നരും കേരളത്തിന് പുറത്ത് നഗരത്തില്‍ ജോലി ചെയ്യുന്നവരും ആധുനിക ജീവിത രീതികള്‍ പിന്‍പറ്റുന്നവരുമായിരുന്നിട്ടും, അവരുടെ മകള്‍ ഒരിക്കലും സ്വയംപര്യാപ്തമായ ജീവിത നിര്‍ണ്ണയത്തിലേക്ക് എത്തുന്നതായി നമ്മൾ ഇതുവരെ കണ്ടിട്ടില്ല; എന്നാൽ ഇത്തരം ശീലങ്ങളെ വഴിതിരിച്ചു വിടുന്ന സാഹസം വൂൾഫ് കാണിച്ചു തരുന്നുണ്ട്.

സിനിമ സമൂഹത്തിന്റെ പൊതുബോധത്തിന്റെ രൂപീകരണത്തിനായി പ്രവർത്തിക്കുന്ന ഏറ്റവും സമര്‍ത്ഥമായ ഉപകരണമാണെന്ന് ബോധ്യപ്പെടുത്തി തരുന്നുണ്ട് ഈ സംവിധായകൻ. സിനിമ എടുക്കുന്നതില്‍ മാത്രമല്ല, അത് കാണുകയും അനുഭവിക്കുകയും ചെയ്യുന്നതിലും ഒരു സംസ്‌കാരമുണ്ടെന്ന തിരിച്ചറിവ് പ്രേക്ഷകനിലേക്കു പകരുന്ന ഈ സിനിമ കാണുക തന്നെ വേണം. അതെ, സിനിമ മഹാവ്യാധിക്കാലത്തും മാറിക്കൊണ്ടിരിക്കുകയാണ്.

അർജ്ജുൻ അശോകൻ – സംയുക്താ മേനോൻ എന്നിവരെ നായികാ നായകന്മാരാക്കി യുവ സംവിധായകൻ ഷാജി അസീസ് സംവിധാനം ചെയ്തിരിക്കുന്ന വൂൾഫ് കോവിഡ് ലോക്ക് ഡൗൺ കാലത്തു ജി ആർ ഇന്ദുഗോപൻ എഴുതിയ കഥ മനസ്സിൽ തറയ്ക്കുന്ന രീതിയിൽ തന്നെ ദൃശ്യവത്കരിച്ചിട്ടുണ്ട്. രണ്ടു വഴികളിൽ കൂടിയാണ് കഥ മുന്നേറി പോകുന്നത്. ഒരുവശത്ത് ആത്മവിശ്വാസവും ദൃഢനിശ്ചയവും കൊണ്ട് തന്‍റെ ലക്ഷ്യങ്ങളിലേക്ക് അടുക്കുന്ന നായിക.

ഒന്നാം പകുതിയുടെ അവസാനത്തോടെ ഗതിമാറുന്ന സിനിമയെ രണ്ടാം പകുതിയിൽ കയ്യടക്കുന്നതു ഇർഷാദ് അലി അവതരിപ്പിച്ച കഥാപാത്രവും അർജ്ജുന്റെയും സംയുക്തയുടെയും മികവാർന്ന അഭിനയ മുഹൂര്‍ത്തങ്ങളുമാണ്. അപ്രതീക്ഷിതമായ അവസാനഭാഗത്തിൽ കഥാതന്തുവിന്‍റെ മികവാർന്ന വിപുലീകരണത്തിന് രണ്ടാം പകുതി സാക്ഷിയായി. അർജ്ജുൻ സംയുക്ത കൂട്ടുകെട്ടിനു മികച്ച അഭിനയ പ്രകടനത്തിനൊപ്പം ചിത്രത്തിൽ പ്രേക്ഷകനെ അമ്പരപ്പിക്കുന്നത് നായികയുടെ കാമുകൻ വേഷത്തിലെത്തിയ ഇർഷാദ് അലിയുടെ വമ്പൻ പ്രകടനമാണ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ എന്ന ഖ്യാതി ഇർഷാദ് അലി അരക്കിട്ടുറപ്പിച്ചപ്പോൾ ഷൈൻ ടോം ചാക്കോയും ജാഫർ ഇടുക്കിയും അവരുടെ വേഷങ്ങളിൽ തിളങ്ങി.

സാമൂഹിക ഉത്തരവാദിത്വത്തോടുകൂടി ഈ കഥയെ അവതരിപ്പിച്ചതിന് അണിയറപ്രവർത്തകരെ അഭിനന്ദിക്കാതെ വയ്യ. സംവിധാന മികവിലും തിരക്കഥയുടെ കരുത്തിലും സാങ്കേതിക മേഖലകളിലും ഉന്നതനിലവാരം പുലർത്തുന്ന കണ്ടിരിക്കേണ്ട മികച്ചൊരു ചിത്രം തന്നെയാണ് വൂൾഫ്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE