Home News ചാര്‍ളിക്കു ശേഷം നീണ്ട ആറു വര്‍ഷത്തെ ഇടവേളക്കൊടുവിലാണ് മാര്‍ട്ടിന്‍ ‘നായാട്ടി’ലൂടെ വേട്ടക്കിറങ്ങുന്നത്. ത്രില്ലടിപ്പിച്ച് പോലീസുകാരുടെ ‘നായാട്ട്’...

ചാര്‍ളിക്കു ശേഷം നീണ്ട ആറു വര്‍ഷത്തെ ഇടവേളക്കൊടുവിലാണ് മാര്‍ട്ടിന്‍ ‘നായാട്ടി’ലൂടെ വേട്ടക്കിറങ്ങുന്നത്. ത്രില്ലടിപ്പിച്ച് പോലീസുകാരുടെ ‘നായാട്ട്’ :റിവ്യൂ

കിടിലൻ അല്ലാതെ വേറെ വാക്ക് ഇല്ല. കിടിലൻ സംവിധാനം കിടിലൻ സ്ക്രിപ്റ്റ്. കിടിലൻ പെർഫോമൻസ്. റിയലിസ്റ്റിക് മേക്കിങ്. മലയാളം കണ്ട ഏറ്റവും നല്ല റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ ഒന്നായ ‘ജോസഫി’ന്റെ സ്‌ക്രിപ്റ്റ് എഴുതിയ ഷാഹി കബീർ ആണ് നായാട്ട് എഴുതിയിരിക്കുന്നത്. ഷാഹി കബീർ പോലീസ് സേനയിൽ ഒരു ഉദ്യോഗസ്ഥൻ കൂടി ആയതിന്റെ എല്ലാ അഡ്വാന്റെജസും ഈ സിനിമയ്ക്കും ഉണ്ട്. ജോസഫിൽ കണ്ട അത്ര വൈകാരിക തീവ്രതയുള്ള മെലോഡ്രാമ നായാട്ടിൽ ഡെവലപ്പ്‌ ചെയ്തിട്ടില്ലെങ്കിലും പോലീസുകാരുടെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തി തന്നെയാണ് ഇവിടെയും കാര്യങ്ങൾ മുന്നോട്ട് പോവുന്നത്. ചാർലിക്കുശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു നായാട്ട്. ആ പ്രതീക്ഷ വെറുതെയായില്ല, മികച്ച കാഴ്ചാനുഭവം സമ്മാനിച്ച് കൈയ്യടി അർഹിക്കുന്നു ചിത്രം.

മാർട്ടിൻ പ്രക്കാട്ടിന്റെ മുൻകാലചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി സർവൈവൽ ത്രില്ലർ സ്വഭാവത്തിലുള്ള ഇതിവൃത്തമാണ് ചിത്രത്തിന്. ആദ്യാവസാനം വരെയും പ്രേക്ഷകനെ കഥയിൽ കുടുക്കിയിടുന്ന ആഖ്യാനരീതിയാണ് സംവിധായകൻ ഇവിടെ സ്വീകരിച്ചിരിക്കുന്നത്. കാഴ്ചക്കാരിൽ മടുപ്പുള്ളവാക്കാത്തവിധത്തിലുള്ള കഥയും കഥാപരിസരങ്ങളും കഥാപാത്രങ്ങളും തന്നെയാണ്ചിത്രത്തിന്റെ ഹൈലൈറ്റ്. ബെസ്റ്റ് ആക്ടർ, ചാർലി പോലുള്ള സിനിമകൾ ചെയ്ത് ശ്രദ്ധനേടിയ മാർട്ടിൻ പ്രക്കാട്ട് ഇത്തവണ കൈവെച്ചത് പോലീസുകാരുടെ ജീവിതത്തിലാണ്. ഇതുവരെ പ്രേക്ഷകർ കണ്ടുപരിചയിച്ച പോലീസ് സിനിമകളിൽനിന്നെല്ലാം നായാട്ടിനെ മാറി പ്രതിഷ്ഠിക്കാൻ സംവിധായകൻ ബോധപൂർവം തന്നെ ശ്രമിച്ചിരിക്കുന്നു, ആ ശ്രമം നെറ്റിചുളിക്കലുകൾക്ക് ഇടനൽകാത്തവിധം ഭംഗിയായി നിർവഹിച്ചിരിക്കുന്നു. കോവിഡ്കാല പ്രതിസന്ധികളെ അതിജീവിച്ച് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത് ഒരു ഇലക്ഷന്‍ കാലത്താണ് എന്നത് കേവലം യാദൃചികതയാകാം.

എന്നാല്‍ സിനിമ റിലീസ് ചെയ്യാന്‍ ഇതിലും ഉചിതമായ സമയം വേറെയില്ലെന്നു അടിവരയിടുന്നു നായാട്ടിന്റെ പ്രമേയം. കാരണം ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയുടെ പരിചേദ്ദവും അതിന്റെ എല്ലാ പുഴുക്കുത്തുകളും പേറുന്ന ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസാണല്ലോ തിരഞ്ഞെടുപ്പ് പ്രക്രിയ. മലയാളത്തിലെ മികച്ച രാഷ്ട്രീയ സിനിമകളുടെ ശ്രേണിയിലേക്ക് ഉയരുന്ന ചിത്രം തിയറ്ററിനു പുറത്തേക്കും ഏറെകാലം പ്രേക്ഷകരെ വേട്ടയാടുമെന്നു തീര്‍ച്ച. ചാര്‍ളിക്കു ശേഷം നീണ്ട ആറു വര്‍ഷത്തെ ഇടവേളക്കൊടുവിലാണ് മാര്‍ട്ടിന്‍ ‘നായാട്ടി’ലൂടെ വേട്ടക്കിറങ്ങുന്നത്. ഡ്രാമക്കും ഫാന്റസിക്കുമൊക്കെ കൂടുതല്‍ പ്രധാന്യമുള്ള കൂടുതല്‍ കച്ചവടമൂല്യമുള്ള സിനിമകളായിരുന്നു മാര്‍ട്ടിന്റെ പൂര്‍വ്വ സിനിമകളെല്ലാം. സങ്കീര്‍ണവും വൈകാരികമായ ഒട്ടേറെ അടരുകളുള്ളതുമായ ഒരു പ്ലോട്ടിനെ കയ്യടക്കത്തോടെ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് മാര്‍ട്ടിന്റെ വിജയം.

ഒരു വടംവലി മത്സരത്തില്‍ നിന്നാണ് സിനിമയുടെ തുടക്കം. ആ മത്സരത്തിന്റെ ആവേശത്തില്‍ നിന്ന് അനുഭവിച്ചു തുടങ്ങുന്ന പിരിമുറുക്കത്തെ ആദ്യാവസാനം നിലനിര്‍ത്തി ഒടുക്കം അതേ വടം കൊണ്ടു പ്രേക്ഷകരെ വരിഞ്ഞുമുറുകുന്നിടത്താണ് മാര്‍ട്ടിന്റെ ഡയറക്ടര്‍ ബ്രില്ല്യന്‍സ്. ഏതു നിമിഷവും കൈയ്യില്‍ നിന്ന് വഴുതി പോകാവുന്ന ഒരു പ്ലോട്ടിനെ അത്രമേല്‍ വിശ്വസീനയമായി അവതരിപ്പിക്കാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. സത്യത്തില്‍ ഇതൊരു പാന്‍ഇന്ത്യന്‍ സിനിമയാണ്. രാജ്യാന്തരതലത്തില്‍ ചര്‍ച്ചചെയ്യപെടേണ്ട ഒരുപാട് ഘടകങ്ങളുള്ള സിനിമയാണിത്. ഈ സിനിമയെ അത്രമേല്‍ ജൈവികമായി അനുഭവപ്പെടുത്തുന്നതില്‍ ഷൈജു ഖാലിദ് എന്ന ഛായാഗ്രാഹകന്റെ പങ്ക് ചെറുതല്ല.

കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകരും നിരന്തരം വേട്ടയാടപ്പെടുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ ഷൈജുവിന്റെ ക്യാമറ കാഴ്ചകള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ആരോ നമ്മളെ നിരന്തരം പിന്‍തുടരുന്നു എന്ന വേട്ടമൃഗത്തിന്റെ മാനസികാവസ്ഥയിലേക്കു പ്രേക്ഷകരെ തള്ളിവിടുന്നതിലും ഷൈജു വിജയിക്കുന്നു. മഹേഷ് നാരായണനും രാജേഷ് രാജേന്ദ്രനും എഡിറ്റിങ് ടേബിളില്‍ സിനിമക്കു പൂര്‍ണ്ണത നല്‍കുന്നു. ഇരുവരുടെയും ക്ലീന്‍ ആന്‍ഡ് ക്ലിനിക്കല്‍ കട്ട് സിനിമയുടെ മറ്റൊരു ഹൈലൈറ്റാണ്. അനാവശ്യമായ ഒരു ഷോട്ടു പോലും സിനിമയില്ലെന്നു പറയാം. ഒരു നിമിഷം പോലും പ്രേക്ഷകരുടെ ശ്രദ്ധ പോകാത്തവിധം സിനിമ പങ്കുവെക്കുന്ന രാഷ്ട്രീയത്തെ തീവ്രതെ നഷ്ടപ്പെടുത്താതെ സൂഷ്മതയോടെ പ്രേക്ഷകരിലേക്ക് പകര്‍ത്തിവെക്കുന്നുണ്ട് ഇരുവരും. വിഷ്ണു വിജയ് യുടെ പാട്ടുകളും പശ്ചത്താല സംഗീതവും മികച്ചു നില്‍ക്കുന്നു. എന്നിരുന്നാലും പാട്ടുകള്‍ സിനിമയുടെ ടോട്ടല്‍ മൂഡിനോടു യോജിക്കുന്നില്ല. അജയന്‍ അട്ടാട്ടിന്റെ സൗണ്ട് ഡിസൈനും സിനിമയുടെ മറ്റൊരു പ്ലസാണ്. അജയനും വിഷ്ണുവും ത്രില്ലര്‍ സിനിമയുടെ ഉദ്യേഗവും പിരിമുറുക്കവും പ്രേക്ഷകരില്‍ നിറക്കുന്നു. ‘നായാട്ടി’നെ ഏറ്റവും മികച്ച് നിര്‍ത്തുന്നത് ഇതിന്റെ കാസ്റ്റിങ് തന്നെയാണ്.


‘ജോസഫി’ലൂടെ തന്‍റെ അഭിനയ ജീവിതത്തിന്‍റെ തലവര തിരുത്തിക്കുറിച്ച ജോജു ജോര്‍ജ്ജ്, മണിയന്‍ എന്ന കഥാപാത്രത്തിലൂടെ തന്‍റെ അഭിനയ പാടവത്തിന്‍റെ മറ്റൊരു വഴക്കമുള്ള തലം പുറത്തെടുക്കുന്നു. ഒരു പോലീസ് ഓഫീസറുടെ ശരീര ഭാഷ മുന്‍പുള്ള ചിത്രങ്ങളിലേതു പോലെ തന്നെ ജോജു ജോര്‍ജ്ജിന് അനായാസം ആവിഷ്ക്കരിക്കാന്‍ സാധിച്ചു. ഉദ്വേഗജനകമായ എല്ലാ സീനുകളും അതിന്‍റെ ഗൗരവ സ്വഭാവത്തില്‍ തന്നെ അഭിനയിച്ചു ഫലിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ബിജു മേനോന്‍ ചെയ്ത പഴയ പോലീസ് വേഷങ്ങളുടെ ഒരു നേരിയ അംശം ജോജുവില്‍ കാണുന്നെങ്കില്‍ തെറ്റു പറയാന്‍ സാധിക്കില്ല. കേരളത്തിലെ പ്രാന്ത പ്രദേശങ്ങളിലെ സാധാരണ പോലീസ് സ്റ്റേഷനുകളില്‍, അതൃപ്തമായ എന്നാല്‍ വന്യത നിറഞ്ഞതും ഉദാസീനവുമായ ജീവിതം ജീവിച്ചു നടക്കുന്ന ഏതോ യഥാര്‍ത്ഥ പോലീസ്സുകാരനായി കഥാപാത്രം മാറുന്നുണ്ട്.

അന്‍വര്‍ അലിയുടെ രസകരമായ വരികള്‍ക്ക് വിഷ്ണു വിജയിയുടെ സംഗീതത്തില്‍ രൂപപ്പെടുത്തിയ പാട്ടുകള്‍ പ്രത്യേകതകള്‍ നിറഞ്ഞതും കേട്ടിരിക്കാന്‍ രസവുമാണ്‌. നാടന്‍ ഫോക്ക് സ്വാധീനം പാട്ടിന് അവകാശപ്പെടാന്‍ കഴിയും. മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ സംവിധാനമികവ് മുന്‍ ചിത്രങ്ങളിലേതു പോലെ തന്നെ ‘നായാട്ടി’ലും തിളങ്ങി നില്‍ക്കുന്നു. ഷൈജു ഖാലിദിന്‍റെ ക്യാമറ സിനിമയിലെ ജീവിതത്തെ സത്യമെന്ന തോന്നല്‍ ഉണ്ടാക്കുന്ന വിധത്തില്‍ മികച്ചു നിന്നു. ‘ജോസഫി’നു ശേഷം ഷാഹി കബീര്‍ തിരക്കഥ എഴുതിയ ‘നായാട്ട്’ ‘ജോസഫി’നോളം മികച്ചു നില്‍ക്കുന്നുവെന്ന് തിരക്കഥാകൃത്തിന് അഭിമാനിക്കാം.പ്രവീണ്‍ മൈക്കിള്‍, സുനിത എന്നീ പോലീസുകാരുടെ വേഷത്തിലാണ് ചാക്കോച്ചനും നിമിഷയും എത്തുന്നത്. മണിയന്‍ എന്ന കഥാപാത്രം മനസ്സിലുള്ളത് അതുപോലെ പ്രകടിപ്പിക്കുന്ന വ്യക്തിത്വമാണെങ്കില്‍ പ്രവീണും സുനിതയും മറിച്ചാണ്. ഒട്ടെറെ ആത്മസംഘര്‍ഷങ്ങളിലൂടെയാണ് അവരുടെ കഥാപാത്രങ്ങള്‍ കടന്നുപോകുന്നത്.


ആ കഥാപാത്രങ്ങളെ അത്രമേല്‍ സ്വാഭാവികതയോടെയാണി ഇരുവരും അവതരിപ്പിച്ചിരിക്കുന്നത്. കൃത്യമായ മീറ്ററില്‍ നിന്ന് അഭിനേയിക്കേണ്ട വേഷങ്ങളായിരുന്നു രണ്ടും. അഭിനേതാവ് എന്ന നിലയില്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഗ്രാഫ് ഉയര്‍ത്തുന്നു. രണ്ടാം വരവില്‍ തന്നിലെ നടനെ സ്വയം തേച്ചുമിനുക്കികൊണ്ടിരിക്കുന്ന ചാക്കോച്ചന്റെ കരിയറിലെ മികച്ചൊരു ബ്രേക്കായിരിക്കും പ്രവീണ്‍ മൈക്കിള്‍. വൈറസ്(മെഡിക്കല്‍ ത്രില്ലര്‍) വേട്ട, അഞ്ചാം പാതിര (സൈക്കോളജിക്കല്‍ ത്രില്ലര്‍) നായാട്ട് ( സര്‍വൈവല്‍ ത്രില്ലര്‍) നിഴല്‍ (ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍) തുടങ്ങി ത്രില്ലര്‍ സിനിമകളിലെ ഏറ്റവും വിശ്വസനീയമായ മുഖമായി ചാക്കോച്ചന്‍ മാറുന്നു. ആദ്യം ചിത്രം മുതല്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന അഭിനേത്രിയാണ് നിമിഷ സജയന്‍. സ്വാഭാവിക അഭിനയമാണ് നിമിഷയുടെ ട്രേഡ്മാര്‍ക്ക്. നായാട്ടിലെ സുനിത പരിമിതമായ സ്‌പേസിനെ ഒരു മികച്ച ആക്ടര്‍ എങ്ങനെ ഉപയോഗപ്പെടുത്തിയെന്നതിന്റെ ഉദാഹരണവുമാണ്. ചെറുതെങ്കിലും അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാട്ടിന്റെ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷം പ്രേക്ഷകരുടെ മനസ്സില്‍ നൊമ്പരമായി മാറുന്നു. ഏറ്റവും വിസ്മയിപ്പിച്ച കഥാപാത്ര സൃഷ്ടി അനുരാധ എന്ന ഐപിഎസ് ഓഫിസറുടേതാണ്.

അനുരാധയുടെ അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷം അവിസ്മരണീയമാക്കുന്നത് എഴുത്തുകാരി യമയാണ്. സീനിയര്‍ മെയില്‍ പോലീസ് ഓഫിസറുടെ ഈഗോയും സമര്‍ദ്ദങ്ങളും തീര്‍ക്കാനും ആണാധികാരഹുങ്കും മാസും കാണിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെടാറുള്ള മലയാളത്തിലെ വനിതാ ഐപിഎസ് ഓഫിസര്‍മാരില്‍ നിന്ന് വ്യത്യസ്തയാണ് അനുരാധ. ഒരേസമയം വനിതാ ഓഫിസറുടെ ജോലി സമര്‍ദ്ദങ്ങളെയും അന്വേഷണത്തിലെ മികവിനെയും അടയാളപ്പെടുത്തുന്നുണ്ട് അനുരാധയുടെ പാത്രസൃഷ്ടി. കൗശലകാരനായ മുഖ്യമന്ത്രിയുടെ വേഷം ജാഫര്‍ ഇടുക്കിയും മികവുറ്റതാക്കി. മുഖ്യമന്ത്രിമാരുടെ മുന്‍മാതൃകകളിലേക്കു വീണുപോകാതെ കഥാപാത്രത്തിനു തന്റേതായ വ്യക്തിത്വം നല്‍കാന്‍ ജാഫറിനു കഴിഞ്ഞിട്ടുണ്ട്.

ചെറുതും വലുതുമായ വേഷങ്ങളില്‍ എത്തുന്ന ഓരോ അഭിനേതാക്കളും അവരവരുടെ വേഷങ്ങള്‍ മനോഹരമാക്കി. ദളിത് യുവാവിന്റെ വേഷത്തിലെത്തുന്ന യുവാവും കഥാപാത്രത്തോട് പൂര്‍ണ്ണമായും നീതിപുലര്‍ത്തുന്നുണ്ട്.’നായാട്ട്’. തീര്‍ച്ചയായും നിങ്ങളെ ദീര്‍ഘകാലം വേട്ടയാടുക തന്നെ ചെയ്യും. നിങ്ങളുടെ ഉറക്കം കെടുത്തും. മണിയന്‍ പോലീസ് ഒരു വാളു പോലെ നിങ്ങളുടെ തലയ്ക്കു മീതെ തൂങ്ങിയാടുക തന്നെ ചെയ്യും. സമീപകാല മലയാള സിനിമയിലെ ഏറ്റവും ധീരമായ ശ്രമം തന്നെയാണ് ഈ സിനിമ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE