Home Nostalgia ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരം എന്ന പദവിയിലെത്തിയ നിത്യഹരിത നായകൻ

ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരം എന്ന പദവിയിലെത്തിയ നിത്യഹരിത നായകൻ

0

1989 ജനുവരി 16 നാണ് മലയാളത്തിന്റെ വസന്തം നമ്മെ വിട്ടു പോയത്. അദ്ദേഹത്തിന്റെ മുപ്പത്തി രണ്ടാം ചരമ വാർഷികവുമായി ബന്ധപ്പെട്ട് മലയാളത്തിലെ മുൻനിര താരങ്ങളെല്ലാം അദ്ദേഹത്തിന്റെ സ്മരണകൾ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റുകൾ ഇന്നലെ പോസ്റ്റ് ചെയ്യുകയുണ്ടായി. ഈ മഹാ നടന്റെ ഓർമ്മകൾക്ക് മുൻപിൽ ‘സിനിമാവാർത്തകൾ’ പ്രണാമം അർപ്പിക്കുന്നു. അദ്ദേഹത്തെ കുറിച്ചുള്ള സ്പെഷ്യൽ റിപ്പോർട്ടാണ് ചുവടെ. ശ്രീ. പി. ശിവപ്രസാദ് സ്മരിക്കുന്നു.

ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരം എന്ന പദവിയിലെത്തിയ ആളാണ് നമ്മുടെ പ്രിയങ്കരനായ പ്രേംനസീർ. അബ്ദുൽ ഖാദർ എന്ന ചങ്ങനാശ്ശേരി എസ് വി കോളേജിലെ ഒരു വിദ്യാർത്ഥി. നാടകത്തോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട്, അഭിനയിക്കാനുള്ള വലിയ താല്പര്യം കൊണ്ട് കോളേജ്മായി ബന്ധപ്പെട്ട നാടകങ്ങളിൽ അഭിനയിക്കുകയും അവിടെനിന്ന് കോളേജ് വിദ്യാർത്ഥി എന്ന നിലയിൽ പഠിച്ച് പുറത്തിറങ്ങിയശേഷം അദ്ദേഹം കലാരംഗത്ത് തുടരുകയും യദൃച്ഛയാ സിനിമ അഭിനയരംഗത്തേക്ക് എത്തിപ്പെടുകയും ചെയ്ത ആളാണ്. ചിറയൻകീഴ്ക്കാരൻ അബ്ദുൽ ഖാദറായിട്ടാണ് ആദ്യചിത്രമായ മരുമകളിൽ അദ്ദേഹം അഭിനയിച്ചത്. അത് 1952 ൽ ആയിരുന്നു.

അതേവർഷം തന്നെ അദ്ദേഹം രണ്ടാമത്തെ സിനിമയായ വിശപ്പിന്റെ വിളിയിൽ അഭിനയിക്കുമ്പോൾ അബ്ദുൽ ഖാദർ എന്ന തന്റെ യഥാർത്ഥമായ പേരിനു പകരം, അക്കാലത്തെ,സിനിമാരംഗത്ത് പലർക്കും വിശേഷണ സ്വഭാവത്തിലുള്ള പേരുകൾ നൽകിയിട്ടുള്ള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന തിക്കുറിശ്ശി സുകുമാരൻ നായർ അബ്ദുൽ ഖാദറിന് ഒരു പുതിയ പേര് നൽകി. അതാണ് പ്രേം നസീർ. പ്രേമത്തെ സഹായിക്കുന്നവൻ എന്ന അർത്ഥം വരുന്ന ആ ഒരു വാക്കാണ് പിന്നീട് മലയാള സിനിമ ചരിത്രത്തിൽ എക്കാലവും നിലനിൽക്കുന്ന വണ്ണം പല റെക്കോഡുകളായി മാറിയിട്ടുള്ള ഒരു പേരായി മാറിയത്. ശ്രീ.പ്രേംനസീർ വളരെ ശുദ്ധനായ ഒരു മനുഷ്യനായിരുന്നു. വളരെ ദയാലുവും കാരുണ്യവും ഇതര മനുഷ്യരോടുള്ള സ്നേഹവും ആത്മാർത്ഥതയും അർപ്പണബോധം കൊണ്ട് നിർമ്മിക്കപ്പെട്ട ഒരു മനസ്സും അതിനനുസൃതമായി ചലിക്കുന്ന ഒരു ഉടലുമായിരുന്നു പ്രേംനസീറിന്.

അദ്ദേഹത്തിന്റെ താരോദയം എന്നത് മലയാളസിനിമ രംഗം പച്ചപിടിച്ചു വരുന്ന, പ്രത്യേകിച്ചും തമിഴ്നാട്ടിൽ കോടമ്പാക്കം എന്ന നഗരവുമായും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു ലോകവുമായും മലയാളത്തിന്റെ നാട്ടിൻപുറങ്ങളിൽ വിരിയേണ്ടതിനുപകരം തമിഴ്നാട്ടിലെ സ്റ്റുഡിയോകളിലും അവിടുത്തെ സ്ഥലങ്ങളിലും എല്ലാം വിടർന്നു വന്ന മലയാളസിനിമ നേടുന്ന നേട്ടങ്ങളിൽ ഒന്നായി പ്രേംനസീറിന്റെ വളർച്ചയെ എടുത്തുപറയാവുന്നതാണ്. അദ്ദേഹം ഒരു മികച്ച വായനക്കാരനായിരുന്നു എന്ന് അടിവരയിട്ടു പറയേണ്ടതുണ്ട്. കഴിയുന്ന സമയങ്ങളിലെല്ലാം ഒരു പുസ്തകം കൈയിൽ കൊണ്ട് നടക്കുവാനും വായിക്കുവാനും താൽപര്യപ്പെടുന്ന ആളായിരുന്നു. രാഷ്ട്രീയ ബോധവും ബോധ്യവും ഉള്ള ആളായിരുന്നു.

ചിന്ത എന്ന ഒരു സമ്പ്രദായം തന്നെ കലാകാരന്മാരിൽ വലിയൊരു പങ്കിനും ഇല്ലാതിരുന്ന ഒരു കാലത്ത്, അതായത് പുറമേ കാണുന്ന പളപളപ്പുള്ള ജീവിതത്തിന്റെ തിളക്കത്തിൽ മുങ്ങിപ്പോകുന്ന ആൾക്കൂട്ടത്തിനു നടുവിൽ ആത്മാവുള്ള ഒരു മനുഷ്യൻ എന്ന നിലയിൽ ജീവിച്ചയാളാണ് പ്രേംനസീർ. അദ്ദേഹത്തിന്റെ അടുത്ത് എന്തെങ്കിലും സഹായം ആവശ്യപ്പെട്ട് ഒരാൾ ചെന്നിട്ടുണ്ടെങ്കിൽ അയാൾ വെറുംകൈയോടെ തിരിച്ചു പോയിട്ടില്ല. പ്രേംനസീറിന്റെ വീട്ടപെടാത്ത കടങ്ങളുടെയും അദ്ദേഹം പലർക്കും കൊടുത്തിട്ടുള്ള തുകകളുടെയുമൊക്കെ കണക്കെടുത്താൽ തെളിയുന്ന ഒരു കാര്യമാണിത്. അദ്ദേഹം ഒരിക്കലും താൻ ഒരാൾക്ക് എന്തെങ്കിലും കൊടുത്തു എന്നുപറയുന്ന ഒരാളായിരുന്നില്ല. പക്ഷേ കയ്യിൽ ഇല്ലെങ്കിൽ പോലും കൊടുക്കുവാൻ മനസ്സു കാണിച്ചിരുന്ന ഒരാളാണ്.

സിനിമാരംഗം തീർച്ചയായും ഒരു വ്യവസായരംഗമാണ്. എന്നാൽ ആ വ്യവസായ രംഗത്ത് നിലനിൽക്കുന്ന കിട മത്സരങ്ങളുടെയും കച്ചവട താൽപര്യങ്ങളുടെയും മനസ്സാക്ഷിയെ വിറ്റ് കൊണ്ടും ജീവിതത്തിന്റെ മൂല്യബോധത്തെ നിരാകരിച്ചുകൊണ്ടും പലപ്പോഴും മുന്നോട്ടു പോകേണ്ടി വരുന്ന സന്ദർഭങ്ങളിൽ അതിൽ നിന്ന് വഴിമാറി സഞ്ചരിക്കുവാൻ ആഗ്രഹിച്ച, അതിന് പരിശ്രമിച്ച, സിനിമാ ലോകത്തിന്റെയും പുറത്തുള്ള ബിസിനസ് ലോകത്തിന്റെയും ചൂഷണ താൽപര്യങ്ങളോട് വിയോജിച്ച അതിന് അവരോടും പലപ്പോഴും ഏറ്റുമുട്ടേണ്ടി വന്നിട്ടുള്ള ഒരാളാണ് പ്രേംനസീർ. അതുകൊണ്ടു തന്നെ പലപ്പോഴും പണത്തിനു പിറകെ പായാൻ കഴിയാതെ പലർക്കും വേണ്ടി സിനിമയിൽ അഭിനയിക്കുകയും, പലർക്കു വേണ്ടിയും അവരുടെ ജീവിതം കരുപിടിപ്പിക്കുവാൻ , ഒരു സിനിമ വിജയിച്ചു കിട്ടുവാൻ വേണ്ടി പ്രതിഫലം വാങ്ങാതെ പോലും സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള ഒരു സാധാരണ മനസ്സിന് ഉടമയായിരുന്നു അദ്ദേഹം. എന്നാൽ ഒരു അസാധാരണമായ മനസ്സിന്റെ കൂടി ഉടമയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് നമുക്ക് രണ്ടു അഭിപ്രായം ഉണ്ടാകാം. അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ സൂപ്പർസ്റ്റാർ എന്നുവേണമെങ്കിൽ പറയാവുന്ന ആളായിരുന്നു. എന്നിട്ടും അദ്ദേഹം എന്തുകൊണ്ടാണ് ഇന്ത്യയിലെ ഒന്നാമത്തെ നടൻ ആകാതിരുന്നത്. എന്നൊക്കെ നമ്മൾ അത്ഭുതപ്പെടുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യാം. അത് ഓരോ വ്യക്തികളുടെയും അഭിനേതാവിന്റെയായാലും ഇതര കലാകാരന്മാരുടെയായാലും പരിമിതികൾ ഉണ്ടായിരിക്കാം. ശ്രീ പ്രേംനസീറിനെ സംബന്ധിച്ച് അദ്ദേഹം മികച്ച നടൻ തന്നെയായിരുന്നു. എന്നാൽ മറ്റ് പല നടൻമാരോടൊപ്പം നിർത്തി തൂക്കുമ്പോൾ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളുടെ എണ്ണത്തിൽ വേറിട്ട കഥാപാത്രങ്ങൾ കുറവായിരുന്നു എന്നുള്ളതാണ്, അദ്ദേഹത്തിന് വേണ്ടത്ര അംഗീകാരമോ വേണ്ടത്ര പരീക്ഷണോത്മുഖമായ അഭിനയമുഹൂർത്തങ്ങൾ നിർവഹിക്കുവാൻ കഴിയാതെ പോയതിന് കാരണമെന്ന് തോന്നുന്നു.

അഭിനയിച്ച കുറേ ചിത്രങ്ങളിൽ വ്യത്യസ്തമായ സ്വഭാവത്തിലുള്ള കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. 1967 ൽ ഇരുട്ടിന്റെ ആത്മാവ് എന്ന കൃതി സിനിമയായപ്പോൾ അതിൽ വേലായുധൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അദ്ദേഹം അത്ഭുതം സൃഷ്ടിക്കുകയുണ്ടായി. 1969 ൽ നദി, കള്ളിച്ചെല്ലമ്മ, കടൽപ്പാലം, അടിമകൾ എന്നീ സിനിമ അദ്ദേഹം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. 1970 ൽ തുറക്കാത്ത വാതിൽ, മൂടൽ മഞ്ഞ്, അരനാഴികനേരം എന്നീ സിനിമകളിൽ അഭിനയിച്ചു. 1971 ൽ വിലയ്ക്കു വാങ്ങിയ വീണ, ഉമ്മാച്ചു, നീതി, അഴകുള്ള സെനീന, അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങിയ മികച്ച ചിത്രങ്ങളിൽ അഭിനയിച്ചു.

നീതി എന്ന സിനിമയുടെ പ്രത്യേകത, മലയാളത്തിൽ ആദ്യമായി ഗാനങ്ങൾ ഇല്ലാത്ത സിനിമ എന്നതാണ്. ഇതിലെ നായകനായിരുന്നു പ്രേംനസീർ. ഒരു ജഡ്ജി ആയിട്ടുള്ള കഥാപാത്രമായിരുന്നു അദ്ദേഹം. ഒരു പരീക്ഷണ ചിത്രം പോലെ വന്ന ആ സിനിമ ഒരു മോശപ്പെട്ട നിലയിലല്ലാതെ പ്രേക്ഷകർ കണ്ടു പോയ ഒരു സിനിമയായിരുന്നു. 1973 ൽ പണി തീരാത്ത വീട്, അച്ചാണി തുടങ്ങിയ സിനിമയിൽ അദ്ദേഹം മികച്ച അഭിനയം കാഴ്ച വച്ചു. 1974 ൽ പാതിരാവും പകൽവെളിച്ചവും എന്ന സിനിമയിലും 75 ൽ നീലപൊന്മാനിലും 77 ൽ വിഷുക്കണി, അഞ്ജലി തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചു. അഞ്ജലി എന്ന സിനിമ ഞാൻ കാണുമ്പോൾ അദ്ദേഹത്തിന്റെ അഭിനയത്തിൽ തോന്നിയ ഒരു വലിയ വ്യത്യാസം മറ്റു സിനിമകളിലെ സാധാരണ നായകന്മാരിൽ നിന്നും വ്യത്യസ്തമായി സിനിമയുടെ പകുതിയാകുമ്പോൾ ഇദ്ദേഹം രോഗിയായി വീഴുകയും ഇദ്ദേഹത്തിന്റെ സംസാരിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥയുണ്ട്.

താൻ ആത്മഹത്യയുടെ വക്കിൽ നിന്ന് രക്ഷപ്പെടുത്തി ജീവിതം നൽകിയ മറ്റൊരാളിൽ നിന്ന് ഗർഭിണിയായ തന്റെ സംരക്ഷണയിൽ കഴിയുന്ന ഭാര്യയെന്ന പേരിൽ, ഒരിക്കലും ഭാര്യ ആയിരുന്നില്ല അവൾ,സംരക്ഷിക്കാപ്പെടുന്ന പെൺകുട്ടി മാത്രമായിരുന്നു, അവളെയും അവളിൽ ജനിക്കുന്ന മറ്റൊരാളുടെ മകളെയും സംരക്ഷിക്കുക, ആ മകളെ സ്വന്തം മകളായി ആത്മാർത്ഥമായി സ്നേഹിക്കുക അങ്ങനെയുള്ള ഒരു പ്രത്യേക കഥാപാത്രമായിരുന്നു. സിനിമയുടെ പകുതിയ്ക്ക് ശേഷം അദ്ദേഹം മൗനിയാണ്. അദ്ദേഹത്തിന് സംഭാഷണമില്ല. പിന്നീട് മുഖാഭിനയവും ആംഗികാഭിനയവും മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. ആ സിനിമയിൽ അദ്ദേഹത്തിന്റെ അഭിനയം വളരെയധികം മെച്ചപെട്ടതായി അന്നത്തെ കാലത്ത് എനിക്ക് അനുഭവപ്പെടുകയുണ്ടായി. പക്ഷേ ഒരു അംഗീകാരമോ അവാർഡോ അദ്ദേഹത്തിന്റെ ആ സിനിമയ്ക്ക് കിട്ടിയിരുന്നില്ലയെങ്കിൽ പോലും ആ സിനിമ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. അഞ്ജലി എന്നാണ് ആ സിനിമയുടെ പേര്.

ഭാവാഭിനയത്തിൽ പ്രേംനസീർ വളരെ മികച്ചു നിന്നു എന്ന് തോന്നുന്നു. 81 ൽ നമുക്ക് ഏവർക്കും അറിയാവുന്ന നെടുമുടിവേണുവിന്റെ വളരെ ശ്രദ്ധേയമായ റോളുണ്ടായിരുന്ന വിടപറയും മുൻപേ എന്ന സിനിമയിൽ അദ്ദേഹം മികച്ച ഒരു വേഷം ചെയ്തിരുന്നു. ഒപ്പം പി. എ ബക്കറിന്റെ ചാരം എന്ന സിനിമയിലെ നായക കഥാപാത്രമായി, അതായത് ചുവന്ന തെരുവിൽ നഷ്ടപ്പെട്ടുപോകുന്ന മകളെ അന്വേഷിച്ച് പോകുന്ന അച്ഛനായിട്ടുള്ള ഒരു കഥാപാത്രം അദ്ദേഹം ചെയ്യുകയുണ്ടായി. പിന്നീട് 85ൽ ഭരതന്റെ ഒഴിവുകാലം എന്ന സിനിമയിൽ അഭിനയിച്ചു, 88ൽ എ. ടി അബുവിന്റെ ധ്വനി എന്ന സിനിമയിൽ അദ്ദേഹം മികച്ച കഥാപാത്രം ചെയ്യുകയുണ്ടായി. ഇതിന്റെ ഇടയിൽ അദ്ദേഹത്തിന്റെ നൂറോളം സിനിമകൾ കടന്നുപോയി.

ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ അദ്ദേഹത്തിന്റെതായി ഒരുപാട് റെക്കോർഡുകൾ നിലവിലുണ്ട്. എന്നാൽ പോലും ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി അദ്ദേഹം അവസാനകാലത്ത് ചെയ്ത ഒരു സിനിമ എന്നു പറയുന്നത് പടയോട്ടമാണ്. 1982 ലാണ് ഈ സിനിമ പ്രദർശിപ്പിക്കപ്പെടുന്നത്. അതിന് ഒരു വർഷമോ ഒന്നര വർഷമോ മുൻപ് ഈ സിനിമ ഷൂട്ട് ചെയ്യപ്പെടുന്നു. അദ്ദേഹം വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ചെയ്തു. അറേക്കാട്ട് അമ്പാടി തമ്പാൻ എന്നുപറയുന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചെയ്തത്. ഒരു പഴയ വടക്കൻ പാട്ട് കഥയുടെ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ യുടെ ഒരു മലയാളം വേർഷൻ എന്ന രീതിയിൽ. പിൻകാലത്ത് പ്രമുഖ സംവിധായകനായി മാറിയ പ്രിയദർശൻ സ്ക്രിപ്റ്റ് റൈററ്റാണ് ആ സിനിമയിൽ. നവോദയ അപ്പച്ചൻ ആണ് ആ സിനിമ നിർമ്മിച്ചിരുന്നത്. അദ്ദേഹത്തിന്റെ മകൻ തന്നെയാണ് സിനിമ സംവിധാനം ചെയ്തത്. സിനിമയിലെ അഭിനയം പ്രേംനസീറിനെ ജീവിതത്തിലെ ഒരു പ്രത്യേക പേജായിരുന്നുവെന്ന് വിലയിരുത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് നമ്മൾക്ക് വിമർശനങ്ങൾ ഉണ്ടാകാം. കാരണം അത് സിനിമാലോകത്തിന്റെ ഒരു പൊതു പാറ്റേണിന്റെ ഭാഗമായി അദ്ദേഹം മാറിയെന്നാണ് അതിൽ നിന്നും മനസ്സിലാക്കേണ്ടത്. ഒരേ തരത്തിലുള്ള കഥാപാത്രങ്ങളെ അഭിനയിക്കാൻ വേണ്ടി ഒരേ നടനെ തന്നെ തെരഞ്ഞെടുക്കുന്ന രീതി സംവിധായകർക്കും നിർമ്മാതാക്കൾക്കും ഇടയിൽ ദീർഘകാലം നിലനിന്നിരുന്ന ഒന്നായിരുന്നു. എന്നു മാത്രമല്ല ചില നടന്മാർ ചില വ്യക്തികൾ ഒക്കെ ചേർന്ന ഒരു ഗ്രൂപ്പായി കമ്പനി രൂപീകരിച്ച് ഒരു കമ്പനിയുടെ സ്വഭാവത്തിൽ അവർ മാത്രം പങ്കെടുക്കുന്ന സിനിമ എന്ന നിലയിലൊക്കെയാണ് അന്നത്തെ കാലത്തെ മലയാളസിനിമ നിലനിന്നിരുന്നത്. കേരളത്തിൽ പ്രധാനമായും ഉദയയും മെറി ലാൻഡും ഉൾപ്പെടെ രണ്ട് പ്രമുഖമായ രണ്ട് സിനിമാ നിർമ്മാണ കമ്പനികൾ, ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോയും തിരുവനന്തപുരത്തെ മെറിലാൻഡ് സ്റ്റുഡിയോയും.

കുഞ്ചാക്കോയുടെ ഉടമസ്ഥതയിലുള്ള ഉദയ സ്റ്റുഡിയോയായിരുന്നു വടക്കൻ പാട്ടുകൾ ബേസ് ചെയ്തുള്ള നിരവധി കഥകൾ സിനിമയാക്കുന്നത്. അവരായിരുന്നു ഏറ്റവും മിടുക്കന്മാരായ നിർമ്മാതാക്കളും സംവിധായകരും. തിരുവനന്തപുരത്ത് ആണെങ്കിൽ മെറിലാൻഡ്, സുബ്രഹ്മണ്യസ്വാമി എന്ന് പറയുന്ന മുതലാളിയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ. പുണ്യപുരാണ സിനിമകളും അതിനെ ബേസ് ചെയ്തുള്ള സിനിമകളുടെയോക്കെ നിർമാതാവും സംവിധായകനും ഒക്കെ ആയിരുന്നു അദ്ദേഹം. ഈ രണ്ട് നിർമ്മാണ കമ്പനികളുടെയും സിനിമകളുടെ പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്ന ഒരാളായി പ്രേംനസീർ മാറുകയുണ്ടായി. എനിക്ക് തോന്നുന്നു ഇത് അദ്ദേഹത്തിന്റെ ജനപ്രീതിയുടെ ഘടകമായി മാറിയ ഒരുവശമായി നമുക്കിത് ഉയർത്തി കാണിക്കാൻ കഴിയും. അങ്ങനെ, ആ ഒരു രീതി സിനിമ കമ്പനികൾ അവരുടെ കുറച്ച് ആൾക്കാരെ കൊണ്ട് അവരുടെ ഒരു ഗ്രൂപ്പിനെ കൊണ്ട് സിനിമ ചെയ്യിക്കുന്ന രീതി അന്ന് നിലനിന്നിരുന്നു.

അതിന്റെ ഭാഗമായി ഉണ്ടാകുന്ന ഒരു കുഴപ്പം എന്തെന്നാൽ ഒരേ രീതിയിലുള്ള കഥാപാത്രങ്ങൾ, നായകനായാൽ ഇങ്ങനെ വേണം എന്ന ഒരു സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങൾ. എഴുത്തുകാരും അങ്ങനെതന്നെ ഒരു കഥാപാത്രത്തെ സൃഷ്ടിച്ചുകൊണ്ട് കഥയെഴുതുന്നു. കഥ എഴുതുമ്പോൾ തന്നെ ആരാണ് നായകനായി അഭിനയിക്കുന്നത് എന്ന് കണക്കാക്കി കൊണ്ട് അദ്ദേഹത്തിന് വേണ്ടിയുള്ള പ്രത്യേക പാറ്റേണിലുള്ള കഥയായിരിക്കും എഴുതുന്നത്.

അതിൽനിന്നും വ്യത്യസ്തമായി അക്കാലത്ത് കുറെ നല്ല നോവലുകളും ചെറുകഥകളും സിനിമയായി എന്നുള്ള വ്യത്യാസവും ഗുണപരമായി നമുക്ക് ചൂണ്ടി കാണിക്കാൻ കഴിയുന്നതാണ്. അതിൽ പലതിലും പ്രേംനസീർ അഭിനയിച്ചിട്ടുണ്ട് എന്നുള്ളതും ഒരു പ്രത്യേകതയാണ്. സത്യൻ മാഷിനെ പോലെയോ കൊട്ടാരക്കര ശ്രീധരൻനായരെ പോലെയോ ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ മധുവിനെ പോലെ തന്നെയോ കുറേക്കൂടി സ്വാതികാഭിനയത്തിന്റെ രീതിയിലേക്ക് വരുന്ന ഒരു തലത്തിലേക്ക് ഒരിക്കലും പ്രേംനസീറിന് വികസിപ്പിച്ചു കൊണ്ടുവരാനുള്ള ഒരു അവസരം ഉണ്ടായില്ല എന്നുള്ളതാണ് അദ്ദേഹത്തിന്റെ ജീവിതം അടിമുടി പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്.

ഒരു ദിവസം പോലും വിശ്രമിക്കാൻ ആവാത്ത വിധം ഓരോ സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന, പതിനെട്ടു മുതൽ ഇരുപത് മണിക്കൂർ വരെ ചില ദിവസങ്ങളിൽ ഷൂട്ടിംഗ് നിർവഹിക്കേണ്ടി വരുന്ന, ബാക്കിയുള്ള സമയം പല ഇടത്തേക്ക് സഞ്ചരിക്കേണ്ടി വരുന്ന, ഒരു സ്റ്റുഡിയോയിൽ നിന്ന് മറ്റൊരു സ്റ്റുഡിയോയിലേക്ക്, ഒരു ലൊക്കേഷനിൽ നിന്ന് മറ്റൊരു ലൊക്കേഷനിലേക്ക്, നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിത ചക്രത്തിൽ ആയിരുന്നു അദ്ദേഹം ജീവിച്ചു കൊണ്ടിരുന്നത്.

അത്രയ്ക്ക് ജനപ്രീതിയും അദ്ദേഹത്തിന്റെ സിനിമകൾ ഇറങ്ങിയാൽ മോശപ്പെട്ട നിലയിലേക്ക് സാമ്പത്തികമായി തകരുകയില്ല എന്ന വിശ്വാസവും ആൾക്കാർക്കും സിനിമ നിർമ്മാതാക്കൾക്കും ആ ബിസിനസ് രംഗത്തു ഉള്ളവർക്കും ഉണ്ടായിരുന്നു എന്ന് തോന്നുന്നു. അതുകൊണ്ടാവണം സിനിമ പ്രേംനസീറിനു വേണ്ടി കാത്തിരിക്കുന്ന ഒരു അവസ്ഥ അന്ന് ഉണ്ടായിരുന്നു

പിന്നെ സിനിമയുടെ ഒരു വികാസപരിണാമപ്രക്രിയയായിരുന്നു അക്കാലത്ത്. ആ പ്രക്രിയയിൽ നമ്മുടെ നാട്ടിലെ സിനിമ ആസ്വാദനത്തിന്റെ നിലവാരമൊക്കെ ഹിന്ദി സിനിമകളുടെയും ഇതര തമിഴ്, തെലുങ്ക് സിനിമകളുടെ മാന്ത്രികങ്ങൾ സ്വീകരിച്ചുകൊണ്ട് ആദ്യകാലത്ത് മലയാള സിനിമകൾ മുന്നോട്ടുപോയി എന്നുള്ളതുകൊണ്ട്, സിനിമ എന്നുപറയുന്ന ഒരു കലാരൂപത്തിന്റെ സാധ്യതകളെ വേണ്ടവണ്ണം മനസ്സിലാക്കി സിനിമ നിർമ്മിക്കുക സിനിമ സംവിധാനം ചെയ്യുക എന്ന സമ്പ്രദായം വേണ്ടവണ്ണം വികസിച്ചു വരാത്ത ഒരു കാലമായിരുന്നു അത്. പ്രേംനസീറിനെ തിരിച്ചറിയുവാനോ അദ്ദേഹത്തിന് മികച്ച കഥാപാത്രങ്ങൾ നൽകുവാനോ പലപ്പോഴും നമ്മുടെ സിനിമ നിർമ്മാതാക്കളും സംവിധായകർ പലരും വേണ്ടവണ്ണം ശ്രദ്ധിച്ചില്ല എന്നു വേണമെങ്കിൽ കാണാം. അവരുടെ ഒരു നായക സങ്കൽപ്പത്തിന് പറ്റിയ ഒരാൾ, അങ്ങനെയുള്ള കഥാപാത്രത്തിനു വേണ്ടി മാത്രം പ്രേംനസീറിനെ തിരഞ്ഞെടുത്തു കൊണ്ട്, അദ്ദേഹത്തിനുവേണ്ടി കഥാപാത്രത്തെ സൃഷ്ടിച്ചുകൊണ്ടൊക്കെയായിരുന്നു നൂറുകണക്കിന് സിനിമകൾ അക്കാലത്ത് ഇറങ്ങിയിട്ടുള്ളത്.

സിനിമാ രംഗത്ത് വന്ന് കൈ പൊള്ളിയ നൂറുകണക്കിന് നിർമ്മാതാക്കളുടെ ജീവിതത്തെ തിരിച്ചു പിടിക്കാൻ വേണ്ടി പ്രേംനസീർ താൻ അഭിനയിച്ച സിനിമ പരാജയപ്പെട്ടാൽ അടുത്ത ഒരു സിനിമ സൗജന്യമായി അവർക്കുവേണ്ടി അഭിനയിച്ചു കൊടുക്കുന്ന രീതിയൊക്കെ അദ്ദേഹത്തിനുണ്ടായിരുന്നു. അത്തരത്തിൽ വലിയ ഒരു സമർപ്പണ ബുദ്ധിയുടെ ജീവിതമായിരുന്നു പ്രേംനസീറിന്റെത്. അദ്ദേഹം കണക്കുപറഞ്ഞ് കാശ് വാങ്ങിച്ചിട്ടില്ല. അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള വണ്ടി ചെക്കുകൾ എല്ലാംകൂടി കൂട്ടി ഇട്ടാൽ ഒരു വെയർഹൗസ് നിറയുമായിരുന്നുവെന്ന് പിൻകാലത്ത് അദ്ദേഹത്തിന്റെ മകൻ തമാശ രൂപത്തിൽ ആയിരുന്നെങ്കിൽ പോലും ഒരു വാസ്തവം പറയുകയുണ്ടായിട്ടുണ്ട്.

ഇത്തരത്തിൽ ഒരു നല്ല മനുഷ്യൻ ഒരു മോശപ്പെട്ട ആസക്തികൾ കൊണ്ട് നിറഞ്ഞ ഒരു സിനിമാലോകത്തിന്റെ അതിർവരമ്പുകൾക്കുള്ളിൽപ്പെട്ടു പോയതിന്റെ എല്ലാ പരിമിതികളും ശ്രീ പ്രേം നസീറിനെ സിനിമ ജീവിതത്തിലും അഭിനയ ജീവിതത്തിലും അദ്ദേഹത്തെ ചൂഴ്ന്നുനിൽക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാകണം വളരെ മികച്ച റോളുകൾ ചെയ്യാനുള്ള അവസരങ്ങൾ വളരെ അപൂർവ്വമായി മാത്രമേ അദ്ദേഹത്തിനു ലഭിച്ചിട്ടുള്ളൂ. ഇത്തരത്തിൽ നമുക്ക് നോക്കിയാൽ കാണാൻ കഴിയുന്ന കുറെയേറെ പ്രത്യേകതകൾ മറ്റ് നടന്മാരിൽ നിന്നും വ്യത്യസ്തമായി പ്രേംനസീറിനെ കുറിച്ച് പറയുവാൻ കഴിയും. 62 വയസ്സുവരെയാണ് അദ്ദേഹം ജീവിച്ചത്. പക്ഷേ അറുപത് വയസ്സുള്ള പ്രേംനസീറിന്റെ കൂടെ നായികയായി അഭിനയിക്കാൻ 14 വയസ്സും 15 വയസ്സുമുള്ള പെൺകുട്ടികൾ ആഗ്രഹിച്ചിരുന്നു എന്നത് അന്നത്തെ സിനിമയുടെ ഒരു ഗുണപരമായ നീതിബോധമാണോ എന്നത് എനിക്കറിയില്ല. എങ്കിൽപോലും അന്നത്തെ സിനിമയുടെ ഒരു വെള്ളിവെളിച്ചം അത്ര പ്രശസ്തിയും സമ്പത്തും നൽകുന്ന ഒന്നായിരുന്നു എന്നതുകൊണ്ടാകാം, അതോടൊപ്പം പ്രേം നസീർ എന്നെ വ്യക്തിയോടുള്ള അതിരറ്റ് ആരാധനയും അതിനൊരു കാരണമായി പറയാൻ കഴിയും.

ഇപ്പോഴും നമ്മുടെ സിനിമയുടെ ചൊൽപ്പടിരീതികൾ അല്ലെങ്കിൽ ആചാരാനുഷ്ഠാനരീതികളിലൊന്നും വലിയ വ്യത്യാസം വന്നതായി നമുക്ക് തോന്നുന്നില്ല. ഇപ്പോഴും 60 എത്തിയതോ 60 കഴിഞ്ഞതോ ആയിട്ടുള്ള നടന്മാരുടെ നായികമാർ ആകാൻ വരുന്ന ഇരുപതിൽ താഴെ പ്രായമുള്ള പെൺകുട്ടികളുടെ കഥ നമ്മൾ കേൾക്കാറുണ്ട്. ഇത്തരത്തിൽ ഒരു കാലത്തിന്റെ പ്രത്യേകതയിൽ ഊന്നിക്കൊണ്ട് ചിന്തിക്കുകയാണെങ്കിൽ ഉയർന്നു വരേണ്ട മികച്ച നടന്മാരിൽ ഒരാളായിരുന്ന പ്രേംനസീർ.

വേണ്ടവണ്ണം അത്തരത്തിൽ അടയാളപ്പെടുത്തപ്പെടാതെ പോയിയെന്നും, അടയാളപ്പെടുത്തുവാൻ വേണ്ട വിഭവങ്ങൾ അദ്ദേഹത്തിന്റെ സിനിമാ രംഗത്തെ പ്രമുഖരായ പല സംവിധായകരുടെയും വലിയ ഹിറ്റ്മേക്കേഴ്സ് ആയിട്ടുള്ള പല സംവിധായകരുടെയും പക്കൽനിന്ന് ലഭിച്ചിട്ടില്ല എന്ന് മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് എന്റെ ചിന്തകൾ പോകുന്നത്. 1989 ജനുവരി 16 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതം, അറുപത്തി രണ്ടാം വയസ്സിൽ അകാലത്തിൽ എന്നുപറയാവുന്ന വിധത്തിൽ ഒരു അഞ്ചാംപനി പോലെയുള്ള ഒരു അസുഖം വന്ന് അദ്ദേഹം മരണമടയുന്നത് വരെ മലയാള സിനിമയിൽ ആർക്കും വെല്ലുവിളിക്കാൻ കഴിയാത്ത ഒരു ഉന്നതമായ പദവിയിൽ ഒരു നായകനടൻ എല്ലാ ഭംഗിയോടും എല്ലാ തികവോടും കൂടി അദ്ദേഹം നിലനിന്നു എന്നത് പ്രത്യേകം അനുസ്മരിക്കേണ്ടതാണ്.

-പി. ശിവപ്രസാദ്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE