Home Cinema Pedia മലയാളസിനിമയ്ക്ക് ഉണർവേകാൻ ഇനി സിനിമകളുടെ വസന്തകാലം

മലയാളസിനിമയ്ക്ക് ഉണർവേകാൻ ഇനി സിനിമകളുടെ വസന്തകാലം

0

കോവിഡ് പ്രതിസന്ധികൾ തരണം ചെയ്ത് മലയാളസിനിമ സജീവമാവുകയാണ്. കോവിഡിന്റെ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പിന്തുടർന്ന് ജനുവരി 13ന് കേരളത്തിലെ സിനിമ തീയറ്ററുകൾ 50% ആളുകളെ കയറ്റി വീണ്ടും തുറന്നു. 10 മാസത്തെ ഇടവേളയ്ക്കു ശേഷം പ്രദർശിപ്പിച്ച ആദ്യ ചിത്രം വിജയുടെ മാസ്റ്ററാണ്. കേരളത്തിലെ തീയേറ്ററുകളിലെ ഓപ്പണിങ് മൂവി മോളിവുഡിൽ നിന്നുള്ളതല്ലെങ്കിലും, സിനിമകൾ തിരികെയെത്തുമെന്ന പ്രതീക്ഷകൾ ഉയരുന്നു. ഇനി വരാനിരിക്കുന്ന സിനിമകൾ; അവ റിലീസ് ചെയ്യാനുദ്ദേശിക്കുന്ന തിയതികൾ (തിയതികളിൽ മാറ്റം വന്നേക്കാം)

വെള്ളം (ജനുവരി 21)

ജയസൂര്യ അഭിനയിച്ച വെള്ളം എന്ന ഈ ചിത്രം ആരാധകർ പ്രതീക്ഷിച്ചിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. നടൻ ജയസൂര്യയും സംവിധായകൻ പ്രജേഷ് സെനും ക്യാപ്റ്റന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സ്ഥിരം മദ്യപാനിയായ ഒരാളുടെ ജീവിതമാണ് വെള്ളത്തിന്റെ പ്രമേയം. ലോക്ക് ഡൗണിന് ശേഷം തീയേറ്ററുകളിൽ ആദ്യം എത്തുന്ന മലയാളചലച്ചിത്രം എന്ന വിശേഷണം കൂടി വെള്ളത്തിനുണ്ട്.

വാങ്ക് (ജനുവരി 29)

ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി സംവിധായകൻ വി കെ പ്രകാശിന്റെ മകൾ കാവ്യപ്രകാശ് ഒരുക്കുന്ന ചിത്രമാണ് ‘വാങ്ക്’. തണ്ണീർമത്തൻ ദിനങ്ങളിലൂടെ പ്രശസ്തയായ അനശ്വര രാജൻ, നന്ദന വർമ്മ, വിനീത്, ഗോപിക രമേശ്, മീനാക്ഷി ഉണ്ണികൃഷ്ണൻ എന്നിവർ ഈ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ശബ്ന മുഹമ്മദാണ്.

ലവ് (ജനുവരി 29)

രജിഷ വിജയൻ, ഷൈൻ ടോം ചാക്കോ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ‘ലവ്’ ജനുവരി 29 ന് റിലീസ് ചെയ്യുന്നു. ലോക്ക് ഡൗണിന് ശേഷം ചിത്രീകരണം ആരംഭിച്ച് പൂർത്തിയാക്കി എന്ന് പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്. 2020 ജൂൺ 22ന് ആരംഭിച്ച ചിത്രം 2020 ജൂലൈ 15 നാണ് പൂർത്തിയാക്കിയത്. ബ്ലാക്ക് ഹ്യൂമർ അടിസ്ഥാനപ്പെടുത്തിയുള്ള പ്രമേയമാണ് ചിത്രത്തിലുള്ളത്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്ന് ചിത്രങ്ങൾക്കുശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് ആഷിഖ് ഉസ്മാനാണ്.

ദി പ്രീസ്റ്റ് (ഫെബ്രുവരി 04)

മമ്മൂട്ടിയെ നായകനാക്കി പുതുമുഖ സംവിധായകൻ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ് എന്ന് പറയുന്ന ഹൊറർ ത്രിലർ ചിത്രം. മുമ്പൊരിക്കലും കാണാത്ത ഒരു ലുക്കിലാണ് മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ ഉള്ളത്. ലേഡീസ് സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ മെഗാസ്റ്റാർ മമ്മൂട്ടിമായുള്ള ആദ്യത്തെ സിനിമ കൂടിയാണിത്.

സാജൻ ബേക്കറി (ഫെബ്രുവരി 12)

അജു വർഗീസ് നായകനായി അഭിനയിക്കുന്ന ചിത്രം. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖം രഞ്ജിത മേനോന്‍ നായികയാകുന്നു. ലെന, ഗ്രേസ് ആന്റണി, കെ.ബി. ഗണേഷ് കുമാർ,ജാഫര്‍ ഇടുക്കി,രമേശ് പിഷാരടി,ജയന്‍ ചേര്‍ത്തല,സുന്ദര്‍ റാം, എന്നീ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഓപ്പറേഷൻ ജാവ (ഫെബ്രുവരി 12)

വാസ്തവം,ഒരു കുപ്രസിദ്ധ പയ്യൻ എന്നി ചിത്രങ്ങൾക്കു ശേഷം വി സിനിമാസ് ഇന്റർനാഷനലിന്റെ ബാനറിൽ പത്മ ഉദയ് നിർമ്മിച്ച് നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം. വിനായകൻ , ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്,ലുക്ക്മാൻ,ബിനു പപ്പു,ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ, ദീപക് വിജയൻ, പി ബാലചന്ദ്രൻ, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് മതോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഓപ്പറേഷൻ ജാവ ‘ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്.

യുവം (ഫെബ്രുവരി 12)

അമിത് ചക്കാലയ്ക്കൽ നായകനായി അഭിനയിക്കുന്ന സിനിമ. പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന യുവം, കൈകാര്യം വൺസ് അപ്പോൺ എ ടൈം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോണി മക്കോറയാണ് നിർമാണം. അമിത് ചക്കാലക്കൽ, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, നിർമൽ പാലാഴി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദർ ആണ് യുവത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

മരട് 357 (ഫെബ്രുവരി 19)

അനൂപ് മേനോൻ, ധർമ്മജൻ ബോൾഗാട്ടി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷീലു എബ്രഹാം, നൂറിൻ ഷെരീഫ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. മരട് ഫ്ലാറ്റ് പൊളിക്കൽ സംഭവവുമായി ബന്ധപ്പെട്ട് 357 ഓളം കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ട യഥാർത്ഥ സംഭവമാണ് മരട് 357 പറയുന്നത്. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യു ആണ് ചിത്രം നിര്‍മിക്കുന്നത്. മരട് ഫ്ലാറ്റ് ഒഴിപ്പിക്കലും മറ്റുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കണ്ണന്‍ താമരക്കുളമാണ്.

വർത്തമാനം (ഫെബ്രുവരി 19)

ആര്യാടൻ ഷൗക്കത്ത് തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് സിദ്ധാർത്ഥ ശിവയാണ്. ജെ. എൻ. യു വിദ്യാർത്ഥിനിയായി പാര്‍വതി തിരുവോത്ത്‌ പ്രധാന വേഷത്തിലെത്തുന്ന വർത്തമാനം സമകാലിക പ്രസക്തിയുള്ള പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുങ്ങിയിരുന്നത്. റോഷൻ മാത്യു, സിദ്ധിഖ്, ഡെയിൻ ഡെവിസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് അഗളപ്പൻ നാരായണനാണ്. ആര്യാടൻ നാസർ, ബെൻസി നാസർ എന്നിവരാണ് വർത്തമാനം നിർമ്മിക്കുന്നത്.

സഹ്യാദ്രിയിലെ ചുവന്ന പൂക്കൾ (ഫെബ്രുവരി 26)

നന്ദലാൽ കൃഷ്ണൻകുട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജീഷ് പുവത്തൂറാണ്. ചിത്രത്തിലെ സംഗീത സംവിധാനം കൈകാര്യം ചെയ്യുന്നത് ഗിരീഷ് നാരായണനാണ്.

ടോള്‍ ഫ്രീ 1600-600-60 (ഫെബ്രുവരി 26)

ടി അരുണ്‍കുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ തിരക്കഥയൊരുക്കി സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. എം സിന്ധു നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മഞ്ജുലാല്‍ ആണ്. സംഗീതം അറയ്ക്കല്‍ നന്ദകുമാര്‍. എഡിറ്റിംഗ് വേണുഗോപാല്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സതീഷ് കുമാര്‍.

സണ്ണി (ഫെബ്രുവരി 26)

ചലച്ചിത്രനിർമ്മാതാവ് രഞ്ജിത് ശങ്കറും നടൻ ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സണ്ണി. സംഗീതജ്ഞനായ സണ്ണിയുടെ ടൈറ്റിൽ റോൾ കൈകാര്യം ചെയ്യുന്നത് ജയസൂര്യയാണ്. ജയസൂര്യയുടെ നൂറാമത്തെ ചിത്രം കൂടിയാണിത്.

അജഗജാന്തരം (ഫെബ്രുവരി 26)

ആന്‍റണി വര്‍ഗ്ഗീസ്സ്, അര്‍ജ്ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “അജഗജാന്തരം”. ഉത്സവപ്പറമ്പിലേയ്ക്ക്‌ ഒരു ആനയും പാപ്പാനും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങൾ നർമ്മത്തിന്‍റെ മേമ്പൊടിയോടെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

മോഹൻകുമാർ ഫാൻസ് (ഫെബ്രുവരി)

വിജയ് സൂപ്പറും പൗർണമിക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ സിനിമയുടെയും വിജയിക്കാൻ കഴിയാതെ പോയ ഒരു നടന്റെയും കഥ പറയുന്നു. പുതുമുഖ താരം അനാർക്കലി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

കോൾഡ് കേസ് (മാർച്ച് 04)

ഛായാഗ്രഹകൻ തനു ബാലക് സംവിധാനം ചെയ്യുന്ന കോൾഡ് കേസ് എന്ന ചിത്രത്തിൽ പൃഥ്വിരാജ് അസിസ്റ്റന്റ് കമ്മീഷണറായി വേഷമിടുന്നു. ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അദിതി ബാലനാണ് നായിക.

നിഴൽ (മാർച്ച് 04)

പ്രശസ്ത എഡിറ്റർ അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോബോബനും നയൻതാരയും ആണ് പ്രധാന വേഷത്തിലെത്തുന്നത്. കുഞ്ചാക്കോ ബോബൻ ഒരു ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി ഈ ചിത്രത്തിൽ അവതരിപ്പിക്കും.

വൺ (മാർച്ച് 11)

മലയാളത്തിൽ ഏറ്റവും കൂടുതൽ വിജയ ഫോർമുലകൾ ഒരുക്കിയിട്ടുള്ള തിരക്കഥാകൃത്തുക്കളായ ബോബി – സഞ്ജയ് മമ്മൂട്ടിക്ക് വേണ്ടി പേന ചലിപ്പിച്ചിരിക്കുന്ന ആദ്യ ചിത്രമാണ് വൺ. ഒരു മുഴുനീള രാഷ്ട്രീയ ചിത്രമായ വൺ എന്ന സിനിമയിൽ മമ്മൂട്ടി കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയുടെ റോളാണ് ചെയ്യുന്നത്. ‘ചിറകൊടിഞ്ഞ കിനാക്കൾ’ എന്ന സിനിമക്ക് ശേഷം സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വൺ. 

T സുനാമി (മാർച്ച് 21)

ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ഈ T സുനാമി എന്ന ചിത്രത്തിൽ ബാലു വർഗീസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, സുരേഷ് കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ജീൻപോളിന്റെ അച്ഛനും സംവിധായകനും തിരക്കഥാകൃത്തും നടനുമായ ലാൽ T സുനാമി എന്ന ചിത്രത്തിനു വേണ്ടി തിരക്കഥ തയ്യാറാക്കുന്നു.

മരക്കാർ അറബിക്കടലിന്റെ സിംഹം (മാർച്ച് 26)

ഒരു മലയാളഭാഷാചരിത്ര-ഐതിഹ്യ ചലച്ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിനുവേണ്ടി അണിനിരന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE