Home Interviews സിനിമ പറയാൻ ഉദ്ദേശിക്കുന്നത് ജനങ്ങൾക്കിടയിലേക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റിയില്ലെങ്കിൽ ഏതൊരു നടനും എത്ര വലിയ തുടക്കം കിട്ടിയിട്ടും...

സിനിമ പറയാൻ ഉദ്ദേശിക്കുന്നത് ജനങ്ങൾക്കിടയിലേക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റിയില്ലെങ്കിൽ ഏതൊരു നടനും എത്ര വലിയ തുടക്കം കിട്ടിയിട്ടും കാര്യമില്ല – അമിത് ചക്കാലക്കൽ 

0

സിനിമയിലെ ഒരു നായകനടൻ അതേതു ഭാഷയാണെങ്കിലും, അയാൾക്ക് കൃത്യമായ ഒരു ലേബൽ വേണം. ഏതെങ്കിലും ഒരു താരത്തിന്റെ മകൻ അല്ലെങ്കിൽ സിനിമമേഖലയുമായി ബന്ധമുള്ള ഒരാളുടെ മകൻ, ഇതൊന്നുമല്ലാതെ മലയാളസിനിമയിൽ ഒരിടം കിട്ടുമെന്ന് അമിത് പ്രതീക്ഷിച്ചിരുന്നോ?

എന്റെ ഓർമ്മ ശരിയാണെങ്കിൽ, സിനിമ കാണാൻ ഞാൻ തീരെ ചെറുപ്പത്തിൽ അച്ഛന്റെയും അമ്മയുടെയും കൂടെ തിയേറ്ററിൽ പോയിരുന്നു. ഒരാഴ്ച പോലും മുടങ്ങാതെ എല്ലാ ആഴ്ചയും സിനിമ തിയേറ്ററിൽ പോയി സിനിമകാണുന്ന ശീലം വീട്ടിൽ ഉണ്ടായിരുന്നു. മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകളായിരുന്നു അക്കാലത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. പിന്നീട് ഓരോ സിനിമ കാണുമ്പോഴും മറ്റു നായകന്മാരും എനിക്ക് പ്രിയപ്പെട്ടവരായി തീർന്നു. ഞാൻ നായകനായി വരുന്ന സമയം, ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന എന്റെ സിനിമ റിലീസ് ചെയ്യുന്ന സമയം ഇപ്പോൾ യുവം എന്ന സിനിമ റിലീസിനൊരുങ്ങി നിൽക്കുമ്പോഴും ‘ആഹാ’ എന്ന സിനിമ തയ്യാറായി നിൽക്കുമ്പോഴും ‘ജിബൂട്ടി’ എന്ന സിനിമ തയ്യാറായി നിൽക്കുമ്പോഴും എന്റെ ഉള്ളിൽ ഇന്നും ഉള്ള ഒരു ചോദ്യമാണിത്. എത്രപേർ എന്നോടുള്ള ഇഷ്ടം, എനിക്ക് തിയറ്ററിലെത്തിക്കാൻ പറ്റുമെന്നത്.

ഒരു വലിയ താരത്തിന്റെ മകൻ, ആ താരത്തിനെ അറിയാവുന്ന അത്രതന്നെ ആളുകൾ ഈ അവരുടെ മകനെയും അറിയും, താരത്തോടുള്ള ഇഷ്ടം ഒരുപക്ഷേ ആ താരത്തിന്റെ മകനോടും ആളുകൾക്കുണ്ടാകും. ഒരുപക്ഷേ പുതിയ എന്നെപ്പോലുള്ള ഒരാൾക്ക് ആ ഒരു സ്നേഹം ലഭിക്കണമെന്നില്ല. വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയിൽ കുറച്ചുപേർക്കെങ്കിലും ആ കഥാപാത്രത്തെയും സിനിമയും ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, കുറച്ചുപേർക്കെങ്കിലും ഇപ്പോൾ റിലീസ് ചെയ്യാനിരിക്കുന്ന യുവം എന്ന സിനിമ പുറത്തിറങ്ങുമ്പോൾ അത് തിയേറ്ററിൽ പോയി കാണാം എന്ന ഒരു ചിന്താഗതി ഉണ്ടായേക്കാം. 

ടാഗ്‌ലൈൻ നല്ല ഭംഗിയായ ഒരുപാട് ആൾക്കാരെ അറിയിച്ചുകൊണ്ടുള്ള ഒരു താരത്തിന് തുടക്കത്തിൽ വലിയ ഉപകാരമാണ്. പക്ഷേ എത്ര വലിയ തുടക്കം കിട്ടിയാലും ഞാൻ ചെയ്യുന്ന തൊഴിലിന്, ഞാൻ പറയുന്ന വാക്കിന് ഞാൻ ക്യാമറയിലൂടെ കാണിക്കുന്ന കാര്യങ്ങൾക്ക് ജനങ്ങൾക്കിടയിൽ ഒരു സന്തോഷം ഉണ്ടാക്കാനും,അവരെ കരയിപ്പിക്കാനും, അവരിലേക്ക് ആ സിനിമ പറയാൻ ഉദ്ദേശിക്കുന്ന കാര്യം എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാനും പറ്റിയില്ലെങ്കിൽ എത്ര വലിയ തുടക്കം കിട്ടിയാലും പതിയെ അത് താഴോട്ടിറങ്ങി വരുക തന്നെ ചെയ്യും. ചിലപ്പോൾ ഒരു തുടക്കം കിട്ടിയാൽ അതിന് ഉയർത്തി കൊണ്ടുപോകാൻ കഴിഞ്ഞാൽ വലിയ വിജയം കൈവരിക്കാൻ സാധിക്കും. 

‘ഹണി ബീ’യിലും മറ്റും നല്ല റോളാണ് ലഭിച്ചത്. അതിനുശേഷമുള്ള പ്രതികരണങ്ങൾ എന്തായിരുന്നു? പ്രേക്ഷക രംഗത്തു നിന്നുള്ള പ്രതികരണമായാലും സിനിമാരംഗത്ത് നിന്നുള്ള തുടർവിളികളായാലും…

ഹണി ബീക്ക് മുമ്പ് ഞാൻ അഭിനയിച്ചത് ക്യാഷ് എന്ന സിനിമയിലെ ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ റോൾ ആയിരുന്നു. അതിനുശേഷം ഹണീബി ഒഡീഷനുപോയി, അതിൽ ഒരു ചെറിയ റോളാണ് കിട്ടിയിരുന്നത്. ജീൻപോൾ എന്നോട് ഒരു ചെറിയ റോളിനുവേണ്ടി തയ്യാറാക്കാനാണ് പറഞ്ഞിരുന്നത്. പക്ഷേ ആ നാല് പേരിലെ ഒരാൾ ആയി അഭിനയിക്കാൻ ഇരുന്ന സിദ്ദിക്കക്ക് വേറെ ഷൂട്ടിംഗ് തിരക്കുമൂലം മാറി നിൽക്കേണ്ടതായി വന്നു. ആ സമയത്ത് എന്നെ വിളിച്ച് വീണ്ടും രണ്ടാമത് ഓഡിഷൻ ചെയ്തു. അങ്ങനെയാണ് ഞാൻ ഹണീബിലെ ആ റോൾ ചെയ്യുന്നത്. ഒരുപക്ഷേ ആ സിനിമയ്ക്ക് ആളുകളിൽ നിന്നും ലഭിച്ച ഇഷ്ടത്തിന്റെ ഒരു പങ്ക് ചെറുതായി എനിക്കും കിട്ടി. അതിനുശേഷം മസാല റിപ്പബ്ലിക്, ലാൽ ബഹദൂർ ശാസ്ത്രി, c/o സൈറാബാനു എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. സൈറാബാനു എന്ന സിനിമ തന്ന വിജയത്തിന്റെയും അതിലെ കഥാപാത്രം തന്ന വിജയത്തെയും ഫലമായിട്ടാണ് വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയിലെ വേഷം എനിക്ക് ലഭിച്ചത്.

ഹണി ബി സിനിമയിൽ അഭിനയിച്ച ശേഷം ലാൽ ഫാമിലിയുമായി വളരെ അടുത്ത ബന്ധമുണ്ട് എനിക്ക്. C/o സൈറാബാനു എന്ന സിനിമ കണ്ടതിനുശേഷം ലാൽ ഫാമിലി എന്നെ അഭിനന്ദിച്ചതും, സിനിമയെക്കുറിച്ച് അജു വർഗീസ്, ജൂഡ് ആന്റണി എന്നിവർ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചപ്പോൾ എന്റെ പേര് പരാമർശിച്ചതും എനിക്ക് വളരെ വലിയ ഒരു അംഗീകാരമായി തോന്നുന്നു.

പുതിയ സിനിമ യുവം റിലീസ് ചെയ്യാനായി ഒരുങ്ങുന്നു. എന്താണ് യുവത്തിനെ പറ്റി പറയാനുള്ളത്?

വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിനുശേഷം ഒരുപാട് വ്യക്തികൾ എന്റെയടുത്ത് കഥ പറയാനായി വന്നിരുന്നു. എന്നെപ്പോലെ ഒരു ടാഗ്‌ലൈൻ ഇല്ലാത്ത ഒരാൾക്ക് ഒരു തെറ്റ് പറ്റിയാൽ പിന്നെ അതിൽ നിന്നും പിടിച്ചുകയറാൻ പറ്റണമെന്നില്ല. ഞാൻ വിചാരിച്ചത് നല്ല തിരക്കഥയാണ് ഒരു നല്ല സിനിമ. പല ആളുകളുടെയും അഭിപ്രായത്തിൽ നിന്നും ഞാൻ കണ്ടതിൽ നിന്നുമാണ് എനിക്ക് ഇങ്ങനെ തോന്നിയത്. ഈ സമയത്താണ് പിങ്കു എന്നു പറയുന്ന ഡയറക്ടർ എന്റെ എടുത്ത് കഥ പറയാൻ ആയി എത്തുന്നത്. നവാഗതനായ ഡയറക്ടർ ആണ് എന്നറിഞ്ഞപ്പോൾ ചെറിയൊരു ആശങ്ക തോന്നിയെങ്കിലും കഥ പറഞ്ഞു കഴിഞ്ഞപ്പോൾ, ആ കഥ എനിക്ക് ഏറെ ഇഷ്ടപ്പെടുകയും അപ്പോൾ തന്നെ നമുക്ക് ഇത് ചെയ്യാം എന്ന് പറഞ്ഞു. പിന്നീടുള്ള മീറ്റിങ്ങുകളിൽ അദ്ദേഹത്തിനോട് സംസാരിച്ചപ്പോൾ എനിക്ക് തോന്നിയത് വളരെ ജെനുവിൻ ആയ ഒരാൾ, സിനിമ എന്ന ആഗ്രഹത്തോടുകൂടിയുള്ള ഒരു ബിസ്സിനെസ്സ് മാൻ. ഇദ്ദേഹം പുതിയ ഒരാളായത് കൊണ്ട് പലരും സിനിമ തുടങ്ങുനതിനുമുൻപ് പിന്മാറിയിരുന്നു. പിന്നീട് ഷൂട്ടിംഗ് തുടങ്ങിയപ്പോൾ ആദ്യദിവസം മുതൽ കറക്റ്റ് സമയത്തു ചാർട്ട് ചെയ്തപോലെ ഷൂട്ടിംഗ് കഴിയുക, ഷൂട്ടിംഗ് കഴിഞ്ഞ് ഫ്രീ ടൈം കിട്ടുക ഇതൊന്നും വേറെ ഒരു ഷൂട്ടിംഗ് ലൊക്കേഷനിലും കണ്ടിട്ടില്ല. വളരെ ശാന്തമായ ഒരു ടീം. ആദ്യമെല്ലാം ഒരു ആശങ്ക ഉണ്ടായിരുന്നുവെങ്കിലും ചെയ്യ്തു കഴിഞ്ഞ ഓരോ സീൻ കാണുമ്പോഴും എന്റെ ആത്മവിശ്വാസം കൂടുകയായിരുന്നു.

യുവം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഉടനെ തന്നെ ആയിരുന്നു ആഹാ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. അപ്പോഴും യുവം എന്ന ചിത്രം കണ്ടിട്ടില്ലായിരുന്നു. കഴിഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സെൻസറിങ് ചെയ്തതിനുശേഷമാണ് സിനിമയുടെ പ്രിവ്യു ഞാൻ കാണുന്നത്. സിനിമ കണ്ടിട്ടുള്ള എക്സ്പീരിയൻസ് ഉള്ള ഞാൻ പറയുകയാണ് അതൊരു മാജിക് ഉള്ള സിനിമയാണ്. എല്ലാ വ്യക്തികളും ഇന്ന് സംസാരിച്ചിട്ടുള്ള കാര്യമാണ്. ഇന്ന് നമ്മുടെ ജനാധിപത്യം എങ്ങനെ എന്ന് ചോദിച്ചിട്ട് ഉള്ളവർക്ക് ഉത്തരം നൽകുന്ന സിനിമയാണിത്. പാട്ടു കാണുമ്പോൾ റൊമാന്റിക് സിനിമയാണെന്ന് വിചാരിക്കും പക്ഷേ അല്ല. നമ്മൾക്ക് എല്ലാവർക്കും അറിയാവുന്ന നമ്മുടെ നാട്ടിലെ ജനാധിപത്യത്തെക്കുറിച്ചുള്ള ഒരു ഫാമിലി, ആക്ഷൻ, ഡ്രാമ സിനിമ കൂടിയാണിത്. ഇങ്ങനെയൊരു സിനിമയുടെ ഭാഗമാകാൻ പറ്റിയതിൽ ഞാൻ വളരെയധികം ഹാപ്പിയാണ്. ടൈറ്റിൽ Made in Kerala എന്ന് എഴുതിയിരിക്കുന്ന പോലെ ഇത് കേരളത്തിന് വേണ്ടിയുള്ള സിനിമയാണ്. 

എന്തൊക്കെ തയ്യാറെടുപ്പുകളാണ് അമിത് ചക്കാലക്കൽ എന്ന നടൻ സിനിമയ്ക്ക് വേണ്ടി സ്വന്തം ജീവിതത്തിൽ ചെയ്യുന്നത്? അല്ലെങ്കിൽ ഇതുവരെ ചെയ്തത്?

സിനിമ ചെയ്യാനോ പഠിക്കാനോ ഒന്നും ഞാൻ പോയിട്ടില്ല. പക്ഷേ, അഭിനയിച്ച സിനിമകളിലെ ഡയറക്ടർമാരിൽ നിന്നും, നല്ല കഴിവുള്ള എക്സ്പീരിയൻസ് ഉള്ള വ്യക്തികളുമായുള്ള സംസാരത്തിൽ നിന്നുമാണ് എനിക്ക് കുറച്ച് ടിപ്സുകൾ കിട്ടിയിട്ടുള്ളത്. ഹണീബി എന്ന ചിത്രത്തിൽ അഭിനയിക്കാൻ പോകുമ്പോൾ ഒരു അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞു ‘ ഒരു സിനിമയിൽ അഭിനയിക്കാൻ വേണ്ടി പോകുമ്പോൾ ഒരു മെയിൻ നടൻ അവിടെ നിൽക്കുന്നുണ്ടാകും, ക്യാമറയും ഡയറക്ടറും അസിസ്റ്റന്റ് ഡയറക്ടറും അടങ്ങുന്ന ഒരു ടീം അവിടെയുണ്ടാകും. ക്യാമറ ഫോക്കസ് ചെയ്ത് എല്ലാവരും നോക്കുന്നത് മെയിൽ നടനെ ആണെന്ന് നീ വിചാരിക്കും, എന്നാൽ നീ ചിന്തിക്കേണ്ടത് അങ്ങനെയല്ല, ആ നിൽക്കുന്ന ആൾക്കാർ എല്ലാം നീ എന്ത് ചെയ്യുന്നു എന്ന് നോക്കുകയാണ്, ക്യാമറ ഓരോ സെക്കൻഡും നീ എന്ത് ചെയ്യുന്നു എന്ന് പിടിക്കാനാണ്. ഇങ്ങനെ വേണം ചിന്തിക്കാൻ’. 

ഞാൻ ചെയ്യുന്ന ഒരു കഥാപാത്രത്തിന് ഒരു ബേസ് ഉണ്ടാക്കുക എന്നതാണ് ഞാൻ ആദ്യം ചെയ്യാറുള്ളത്. യുവം എന്ന സിനിമയ്ക്കു വേണ്ടി ശരീരഭാരം കൂട്ടിയിരുന്നു. എന്നാൽ യുവം എന്ന സിനിമയ്ക്ക് ശേഷം ഷൂട്ടിംഗ് തുടങ്ങാനുള്ള ആഹാ എന്ന ചിത്രത്തിൽ എനിക്ക് ലഭിച്ചിരിക്കുന്ന കഥാപാത്രം ഒരു വടംവലിക്കാരൻ ആയിട്ടാണ്. യുവം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ഉടനെ തന്നെ രാവിലെയും വൈകിട്ടും ആഹാ ചിത്രത്തിനായി വർക്കൗട്ട് ചെയ്തിരുന്നു. ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ഉടനെ തന്നെയായിരുന്നു ജിബൂട്ടി ചെയ്തത്. അതിൽ ഒരു ഇടുക്കിക്കാരനായ ജീപ്പ് ഡ്രൈവർ ആണ് എന്റെ കഥാപാത്രം. അപ്പോൾ അതിനുവേണ്ട രീതിയിലേക്ക് പെട്ടെന്ന് ശാരീരികമായും മാനസികമായും മാറേണ്ടി വരികയാണ്.

‘വാരിക്കുഴിയിലെ കൊലപാതകം’ ഈ സിനിമ അമിതിന്റെ കരിയറിൽ എത്രമാത്രം പ്രാധാന്യം ഉള്ളതായിരുന്നു. അത് കണ്ടിറങ്ങിയ പ്രേക്ഷകർ അമിതിന് തന്ന ഒരു ആത്മധൈര്യം എത്രമാത്രം ഉണ്ടായിരുന്നു?

വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയ്ക്ക് ഒരു പ്രൊഡ്യൂസറിനു വേണ്ടി ഒരുപാട് പ്രൊഡ്യൂസേഴ്സിന്റെയടുത്തും ഒരുപാട് ആളുകളുടെയടുത്തും കഥ പറഞ്ഞിരുന്നു. സിനിമയിൽ ഒരു നാട് ഉൾപ്പെടെ പേടിപ്പിച്ച് നിർത്തുന്ന ഒരു അച്ഛന്റെ റോള് ഒരു പുതിയ അഭിനേതാവിനെ കൊണ്ട് പറ്റില്ല, മലയാളസിനിമയിൽ എല്ലാവരും പ്രായംകൊണ്ട് ബഹുമാനിക്കുന്ന മലയാളികൾക്ക് പരിചിതമായ ഒരാളെക്കൊണ്ട് ചെയ്യിക്കണം എന്നായിരുന്നു പ്രൊഡ്യൂസേഴ്സ് ഡയറക്ടറിനോട് പറഞ്ഞത്. കഥ വായിച്ച് പലരും പറഞ്ഞ ഒരു കാര്യം ഈ സിനിമയിൽ 99% ഈ അച്ഛനാണ്. അച്ഛനെ സിനിമയിലുടനീളം കണ്ടുകൊണ്ടിരിക്കുക എന്ന് പറയുമ്പോൾ പ്രേക്ഷകർക്ക് ഒരുപക്ഷേ ഇഷ്ടപ്പെടില്ല. ഒന്നുമല്ലെങ്കിൽ അച്ഛനോടൊപ്പം ഒരു കോമഡി ക്യാരക്ടർ ആരെങ്കിലും ചെയ്യുക. ഇത് എനിക്കുള്ള വലിയൊരു ചലഞ്ച് ആയിരുന്നു. ഒരു നിമിഷം പോലും ഈ അച്ഛനെ കണ്ട് പ്രേക്ഷകർ ബോർ അടിക്കരുത് എന്ന് വിചാരിച്ചു കൊണ്ടായിരുന്നു ഞാൻ ഈ സിനിമയ്ക്ക് വേണ്ടി തയ്യാറായത്. ഇപ്പോൾ ഈ പറഞ്ഞ നെഗറ്റീവ് കമൻസ് ഓൺലൈൻ മീഡിയയിൽ പോസിറ്റീവ് കമന്റ് ആയി പറഞ്ഞത് എനിക്ക് വലിയ ഒരു അംഗീകാരമായാണ് തോന്നിയത്. ഒരു കോമഡി ക്യാരക്ടറിന്റെയും ഒരു നടിയുടെയും പിൻബലമില്ലാതെ (കഥ ഡിമാൻഡ് ചെയ്യാത്തതുകൊണ്ടാണ്) ആളുകൾക്ക് ഈ സിനിമ ഇഷ്ടപ്പെടാനും, സാമ്പത്തിക വിജയം ഉണ്ടാക്കാനും സാറ്റലൈറ്റ് വിജയം ഉണ്ടാക്കാനും ഞങ്ങളെകൊണ്ട് കഴിഞ്ഞു. വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയിലാണ് വളരെയധികം നേരം ക്യാമറയുടെ മുൻപിൽ നിൽക്കുന്നത്. അന്ന് എന്റെ ഉള്ളിലെ പേടിയും ആശങ്കയും ആരെയും അറിയിച്ചില്ല, അത് എന്നിലൊരു ആത്മവിശ്വാസമായി വളരുകയായിരുന്നു. ഒരുപക്ഷേ യുവം എന്ന സിനിമ നിങ്ങൾക്ക് കാണുമ്പോൾ മനസ്സിലാകും എത്രയധികം വ്യത്യാസം എന്നിൽ ഉണ്ടായിട്ടുണ്ട് എന്നത്.

അമിത് താങ്കൾ മലയാള സിനിമയിലെ ഒരു നായകനടൻ ആണ്, അത് ഒഴിച്ചുനിർത്തിയാൽ സിനിമ എന്ന കലാരൂപത്തിനെ എങ്ങനെയാണ് താങ്കൾ നോക്കിക്കാണുന്നത്?

ചെറുപ്പംമുതലേ സിനിമനടനാകാണമെന്നുള്ള ആഗ്രഹം മനസിലുണ്ടായിരുന്നു. എന്നാൽ ഉള്ളിൽ കോൺഫിഡൻസ് കുറവും കോംപ്ലക്സുമായിരുന്നു. ഞാൻ കണ്ടിരുന്ന സിനിമ നടന്മാരായ ജയറാം, ലാലേട്ടൻ, മമ്മൂക്ക, സുരേഷ് ഗോപി ഇവരെല്ലാം ഭംഗിയുള്ള മനുഷ്യരൂപമായിരുന്നു. എന്നാൽ ഞാൻ സ്വയം കണ്ണാടിയിൽ നോക്കുമ്പോൾ ഞാൻ നിറം കുറഞ്ഞ, അത്ര ഭംഗി ഇല്ലാത്ത ഒരാളാണ്, എന്ന കോംപ്ലക്സ് എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. എന്നാൽ വളർന്നു വലുതാകുമ്പോൾ സിനിമയോടുള്ള ഇഷ്ടം കൂടുകയും അതിനായി പ്രയത്നിക്കുകയും ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടായി.

നമ്മുടെ സമൂഹത്തിൽ നടക്കുന്ന സംഭവവികാസങ്ങളുടെ ഒരു ഇംപാക്ട് ആണ് ഇന്നത്തെ സിനിമ. സിനിമ എന്ന് പറയുന്നത് ആളുകളെ പ്രചോദിപ്പിക്കുന്ന ഇമോഷൻസും പൊളിറ്റിക്സും നമ്മൾക്ക് പറയാനുള്ള ആക്ഷേപഹാസ്യങ്ങളും എക്സ്പ്രസ് ചെയ്യാനുള്ള വലിയ മീഡിയമാണ്. ഏതൊരു വ്യക്തിയുടെയും ഒരു സമൂഹത്തിൽ അവന് പറയാനുള്ളതും പ്രവർത്തിക്കാൻ ഉള്ളതും, ഒരു പൊളിറ്റിക്കൽ കാര്യമാണെങ്കിലും ലോകത്തിന് നന്മ ചെയ്യേണ്ട കാര്യമാണെങ്കിലും, എല്ലാ ആൾക്കാരും ഒരു പ്രാസംഗികൻ ആകണമെന്നില്ല എല്ലാ ആൾക്കാരും ഒരു എഴുത്തുകാരൻ ആകണമെന്നില്ല. എന്നാൽ ഒരുപക്ഷേ എല്ലാവർക്കും ഒരു സിനിമ സംസാരിക്കാം, ഒരു വ്യക്തിയിൽ വ്യക്തിപരമായ മാറ്റങ്ങൾ വരുത്താനും സമൂഹത്തിന്റെ മാറ്റത്തിനും സിനിമ വലിയ ഒരു പ്രചോദനം നൽകുന്നു. മറ്റെന്തിനേക്കാളും ശക്തമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ഉള്ള ഒരു മീഡിയം ആണ് സിനിമ. ചരിത്രമെടുത്തു നോക്കിയാൽ നമുക്ക് അറിയാം, തോൽവിയെ നേരിടാൻ, ഒരു രാജ്യത്തിന്റെ തന്നെ വലിയ ഒരു നിയമ മാറ്റത്തിനായും സിനിമയും ഒരു വ്യക്തിയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരു സിനിമയിൽ ഒരു വ്യക്തി ആകാൻ അവസരം ലഭിക്കുക എന്നത് എന്നെപ്പോലുള്ള ഒരു നടന്റെ പ്ലസ് പോയിന്റ് ആയിരിക്കും. നമ്മളിലൂടെ ഒരുപാട് നല്ല കാര്യങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കാനും, ആരോഗ്യപരമായും ജനാധിപത്യപരമായും പലതിനും ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ഒരുപാട് നല്ല കാര്യങ്ങൾക്ക് ഒരു മീഡിയമായി നിൽക്കാൻ സാധിക്കും സിനിമയ്ക്കും, സിനിമയിൽ അഭിനയിക്കുന്ന എല്ലാവർക്കും.

അമിതിന്റെ വളർച്ചയ്ക്ക് സിനിമ വാർത്തകളുടെ എല്ലാവിധ ആശംസകളും നേരുന്നു. യുവം, അതിനുശേഷമുള്ള ചിത്രങ്ങൾ അങ്ങനെ നിരവധി ചിത്രങ്ങൾ കൊണ്ട് അമിത് വളരെ ശ്രദ്ധിക്കപ്പെടുന്ന തിരക്കേറിയ ഒരു നായക നടനായി മാറട്ടെ എന്ന് ആശംസിക്കുന്നു.

Thank you.അടുത്തതായി റോഷൻ ചേട്ടന്റെയും ദുൽഖറിന്റെയും കൂടെയുള്ള സിനിമയാണ്. കഴിഞ്ഞദിവസം റോബിൻ ചേട്ടൻ വിളിച്ചിരുന്നു, അതുകഴിഞ്ഞ് കൺട്രോളറും വിളിച്ചു. അത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു കാര്യമാണ്. റോഷൻ ചേട്ടൻ സിനിമയിൽ അഭിനയിക്കണം എന്നുള്ളത് എന്റെ വലിയ ഒരു ആഗ്രഹമാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE