Home Nostalgia നൊസ്റ്റാൾജിയ : ആദാമിന്റെ വാരിയെല്ല് – ചിന്തയെ പ്രകോപിപ്പിച്ച സിനിമ.

നൊസ്റ്റാൾജിയ : ആദാമിന്റെ വാരിയെല്ല് – ചിന്തയെ പ്രകോപിപ്പിച്ച സിനിമ.

0

തിരക്കേറിയ നഗരത്തിലെ വഴിയോരത്തു നിന്ന് സർവ്വസാധാരണമായി ആരംഭിച്ച്, പുനരധിവാസകേന്ദ്രത്തിന്റെ ബന്ധനത്തിൽ നിന്ന് ഒരു കൂട്ടം സ്ത്രീകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ദൃശ്യങ്ങളിലേക്ക് നീളുന്ന അസാധാരണമായ അനുഭവാഖ്യാനമായിരുന്നു കെ ജി ജോർജ്ജിന്റെ ഈ മാസ്റ്റർപീസ് – ആദാമിന്റെ വാരിയെല്ല്. 

ഒരു മനുഷ്യജീവിയെന്ന പരിഗണന പോലും കിട്ടാത്ത, സ്വന്തം ചിന്താലോകത്തിന്റെ ഊഷ്മാവ് പോലും സ്വയം പ്രസരിപ്പിക്കാത്ത, സാന്നിദ്ധ്യം കൊണ്ടുപോലും അടയാളപ്പെടുത്താത്ത, സഹനത്തിന്റെ പ്രതിരൂപങ്ങൾ ജോർജ്ജിന്റെ വിവിധ സിനിമകളിൽ സ്ത്രീകഥാപാത്രങ്ങളായി കടന്നുവന്നിട്ടുണ്ട്. പൊതുബോധത്തിന്റെ സവർണ്ണത്തുലാസിൽ മാനവിക വ്യാഖ്യാനങ്ങളിൽപ്പെടാതെപോയ അവരെ സ്വത്വബോധത്തിലേക്ക് വെളിച്ചപ്പെടുത്തുന്ന രൂപത്തിൽ മൂന്ന് തലങ്ങളിലായി അവതരിപ്പിച്ചുവെന്നതാണ് ആദാമിന്റെ വാരിയെല്ലിന്റെ പ്രത്യേകത.  

സാങ്കേതികതയുടെ കാര്യത്തിലല്ലാതെ 1980 കളിൽ നിന്ന്  ഇന്നും അധികം മാറിയിട്ടില്ല നമ്മുടെ നാട്ടിലെ സ്ത്രീകൾ. എന്നുമാത്രവുമല്ല, വിഷയപരിഗണനയുടെ കാര്യത്തിൽ പലകാലം പിന്നിലേക്ക് അവർ പോയിട്ടുള്ളതായി  ഇക്കാലം അടയാളപ്പെടുത്തുന്നുമുണ്ട്. അക്കാലത്തെ വ്യക്തിജീവിതത്തെയും സാമൂഹ്യാവസ്ഥയെയും പ്രതിനിധീകരിക്കുന്ന, സമൂഹത്തിലെ മൂന്ന് വ്യത്യസ്ത തലങ്ങളിലുള്ള മൂന്ന് സ്ത്രീകള്‍ ഈ സിനിമയുടെ ഉരുക്ക് തൂണുകളാണ്. നാലാമത്തെ തൂണ് പുരുഷപക്ഷത്തിന്റെ സ്വാർത്ഥപ്രേരണകളുടെ നടപ്പാക്കിയെടുക്കലാണ്. ശരാശരി മധ്യവര്‍ഗ്ഗ കുടുംബംഗങ്ങളിലെ നായികമാരായ രണ്ട് പേര്‍ അവരുടെ പുരുഷന്മാരുടെ സ്നേഹരാഹിത്യത്തിന് ഇരയാകുമ്പോൾ, മൂന്നാമയായ അമ്മിണി എന്ന വീട്ടുവേലക്കാരി പാർശ്വവത്കൃത സമൂഹത്തിന്റെ സ്ത്രീ പ്രതിനിധിയായി പുരുഷ ലോകത്തിന്റെ ചൂഷണത്തിനും ചതിക്കും വിധേയയാക്കപ്പെടുന്നു. 

1954 ൽ രാമു കാര്യാട്ടും പി. ഭാസ്കരനും ആദ്യത്തെ ഇരട്ട സംവിധായകരായി വന്ന ‘നീലക്കുയിൽ’ സ്ത്രീയുടെ പദവി, പരിഗണന, ത്യാഗം, ദുരന്തജീവിതം, പുരുഷ സ്വാർത്ഥത തുടങ്ങിയ ഒട്ടനവധി വിഷയങ്ങളെ കൂട്ടിക്കെട്ടിയ മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ സിനിമയായിരുന്നു എന്ന് വാദിക്കാൻ സാധിക്കും. പക്ഷെ സ്ത്രീയെ അംഗീകരിക്കുക, തുല്യതയോടെ പരിഗണിക്കുക, അവരുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുക തുടങ്ങിയ ചിന്തകളൊന്നും അന്നത്തെ സമൂഹം ഗൗരവത്തിൽ കരുതിയിരുന്നില്ല. ഉറൂബിന്റെ കഥ തന്നെ തിരക്കഥയായി അത്തരത്തിൽ ഒരു ‘ഈരില മുളപ്പ്’ സംഭവിച്ചു എന്ന് മാത്രം. ഗ്രാമീണപ്രണയത്തിൽ തുടങ്ങി സഹാനുഭൂതി വരെയുള്ള വൈകാരിക തലങ്ങളെ ആ ചിത്രം സ്പർശിച്ച് കടന്നുപോയി. 

ശ്രീകുമാരൻ തമ്പിയാണ് ഗൗരവതരമായ സ്ത്രീപക്ഷ നിലപാട് വിളിച്ചുപറഞ്ഞ ആദ്യ സംവിധായകൻ. 1976 ൽ വന്ന ‘മോഹിനിയാട്ടം’ ശരിക്കും ഒരു പരീക്ഷണമായിരുന്നു. നായകനില്ലാതെ നായികയുടെ കഥ പറയുന്ന രീതി അങ്ങനെ പരീക്ഷിക്കപ്പെട്ടു. പുരുഷകാമനയുടെ തീക്കുണ്ഡത്തിൽ വീണുപോയ മൂന്നു സ്ത്രീകളുടെ കഥ. മോഹിനി, നിർമ്മല, അനസൂയ എന്നീ കഥാപാത്രങ്ങളിലൂടെ സാമൂഹ്യതിന്മകളെയും നൃശംസതകളെയും വിദഗ്ദ്ധമായി അവതരിപ്പിച്ച കഥയിൽ മോഹിനിയായി അഭിനേത്രിയായ ലക്ഷ്മിനിറഞ്ഞാടുകയായിരുന്നു. 

പിന്നീടിങ്ങോട്ട് സ്ത്രീകളുടെ വ്യക്തിത്വം പ്രകാശിപ്പിക്കപ്പെടുന്ന സിനിമകൾ പൊടിപോലും കണ്ടുപിടിക്കാൻ സാധിക്കുമായിരുന്നില്ല. കച്ചവടസാധ്യതകളുടെ ഫോർമുലകളിൽ കോടമ്പാക്കം മനുഷ്യഫാക്റ്ററികൾ കോടിക്കണക്കിന് രൂപ തുലച്ചു. സമയംകൊല്ലികളായ വിനോദവ്യായാമങ്ങൾ തഴച്ചു. മുഖ്യധാരാ സിനിമയുടെ തോണി ആ വിലങ്ങുകളിൽത്തന്നെ തളഞ്ഞുകിടന്നു.

‘കണ്ണീരാറ്റിൽ മുങ്ങിത്തപ്പി പെണ്ണെന്ന മുത്തിനെ ആരെടുത്തു?’ എന്ന പാട്ടിൽ ആരംഭിക്കുന്ന ‘ആദാമിന്റെ വാരിയെല്ല്’ പെണ്ണിന്റെ മനോലോകത്തെയും ബാഹ്യലോകത്തിന്റെ സമ്മർദ്ദങ്ങളെയും അവതരിപ്പിച്ചത് മുൻ മാതൃകകളില്ലാത്ത രീതിയിലായിരുന്നു. ബസ് സ്റ്റോപ്പിൽ വിഷമിക്കുന്ന ഒന്നാം നായികയിൽ നിന്ന് രണ്ടാം നായികയുടെ കാറിനുള്ളിലേക്കുള്ള ദൃശ്യവ്യതിയാനം തന്നെ രണ്ട് അവസ്ഥകളെ അര മിനിറ്റിൽ വ്യക്തമാക്കി.  രണ്ടവസ്ഥകളിലെ അടുക്കളയുടെ വ്യത്യസ്തതകൾ, രണ്ടിടങ്ങളിലെ സ്ത്രീകളുടെ കുളി കഴിഞ്ഞുള്ള വിനിമയങ്ങൾ, ചായ, മദ്യം, സ്റ്റാറ്റസ് സിംബലുകൾ എന്നിവയൊക്കെ അടുക്കുകളായി ജോർജ്ജ് അവതരിപ്പിച്ചത് മികച്ച രീതിയിലാണ്. 

വാസന്തി (സുഹാസിനി) പകലന്തിയോളം ജോലിചെയ്ത് കുടുംബം പോറ്റുന്നവളാണ്. അവളുടെ ഭർത്താവ് ഒരു പത്രമുതലാളിയുടെ പേനയുന്തുകാരൻ. എഴുതിയെഴുതി കുഴഞ്ഞാലും ഒട്ടും നീതിയില്ലാത്ത കുറഞ്ഞ കൂലി. ഒപ്പം മദ്യത്തിന്റെ ആസക്തി അയാളെ അടിമുടി മാറ്റിയിരിക്കുന്നു. ഭാര്യ അയാൾക്കും ഒരു യന്ത്രമാണ്. അനിഷ്ടം തോന്നിയാൽ ചവിട്ടാനും തല്ലാനും കൂടിയുള്ള ഒരു യന്ത്രം. അവൾ ആകെക്കൂടി അസ്വസ്ഥയും നിരാശാഭരിതയുമാണ്. ഓഫീസിലെ പകൽസ്വപ്നത്തിൽ ഭർത്താവ് ക്ഷേത്രക്കുളത്തിലേക്ക്  മറിഞ്ഞു വീഴുമ്പോൾ പ്രതികരിക്കാത്ത അവൾ, മകൻ വീഴുമ്പോൾ ഞെട്ടി നിലവിളിക്കുന്നുണ്ട്.  ഒടുവിൽ ജീവിതം അവളെ കടുത്ത മനോവിഭ്രാന്തിയിലേക്കാണ് തള്ളിവിടുന്നത്. 

ഭർത്താവിന്റെ ബിസിനസ്സ് താൽപര്യങ്ങളിൽ രസമില്ലാത്ത സൊസൈറ്റി ലേഡി ആലീസ് (ശ്രീവിദ്യ). പണത്തിനുവേണ്ടി ആരെയും (ഭാര്യയെയും) കൂട്ടികൊടുക്കുന്ന ഭർത്താവ് / മുതലാളി. തിരക്കുകൾക്കിടയിലും ഉപരിവർഗ്ഗ ജീവിതത്തിലെ ഏകാന്തത അവരെ  ഒരു ചെറുപ്പക്കാരനോട് ആസക്തയാക്കുന്നു. മദ്യവും ഉറക്കഗുളികയും അവരുടെ ആശ്വാസമാണ്.  സ്നേഹരാഹിത്യം എവിടെയും നിറയുന്ന ഒരു സത്യമായി പലയളവിൽ നാം അനുഭവിക്കുന്നുണ്ട്, ഈ ചിത്രത്തിൽ.  ‘പപ്പയ്ക്ക് ബിസിനസ്സും മമ്മിയ്ക്ക് ക്ലബ്ബുമേയുള്ളൂ. ഇവിടാർക്കും ആരോടും സ്നേഹമില്ല’ എന്ന് ആലീസിന്റെ മകൻ സഹോദരിയോട്‌ ഒരവസരത്തിൽ പറയുന്നുണ്ട്. സമ്പന്നതയുടെ വെള്ളിവെളിച്ചത്തിലും ആത്മാവിൽ ഇരുട്ടുകയറിയ ആലീസ് ആത്മഹത്യയിൽ അഭയം തേടുന്നു.   

വീട്ടുടമയായ മാമച്ചൻ മുതലാളിയിൽ നിന്ന് ഗർഭം ധരിച്ച അമ്മിണി (സൂര്യ) പുറംലോകത്തിന്റെ ധാർഷ്ട്യത്തിലേക്ക് എടുത്തെറിയപ്പെടുകയാണ്. എല്ലാ തിന്മകളും കയ്പുകളും കുറഞ്ഞ കാലം കൊണ്ട് അനുഭവിച്ച അവൾ കൂട്ടാളികൾക്കൊപ്പം പുനരധിവാസ കേന്ദ്രത്തിെന്‍റ വാതില്‍ തകര്‍ത്ത് തെരുവിലേക്ക് കുതിക്കുന്നതാണ് ചിത്രത്തിന്റെ ക്ളൈമാക്സ്. ആ ദൃശ്യത്തിൽ ക്യാമറമാനെയും സംവിധായകനെയും ചിത്രീകരണ യൂണിറ്റിന്റെ സംഘത്തെയും മറികടന്ന് സ്ത്രീകളുടെ കൂട്ടം ലോകത്തിന്റെ അപരിമേയ സ്വാതന്ത്ര്യത്തിലേക്ക് പായുകയാണ്. ആ രംഗം ചിത്രത്തിന്റെ സാധാരണത്വത്തിൽ നിന്ന് അന്താരാഷ്ട്രമായ അർത്ഥതലങ്ങളിലേക്ക് പുതിയൊരു പരീക്ഷണമായി മാറി. പരിചിതമല്ലാതിരുന്ന ചലച്ചിത്ര ഭാഷയുടെ വ്യത്യസ്തത അങ്ങനെ അവതരിപ്പിക്കപ്പെട്ടപ്പോൾ, മികച്ച പരീക്ഷണങ്ങൾക്ക് മലയാള സിനിമ പാകമായതായി അന്നത്തെ പല സംവിധായകർക്കും തോന്നാൻ ആദാമിന്റെ വാരിയെല്ല് കാരണമായിത്തീർന്നു.

എന്റെ സിനിമാസ്വാദനത്തിൽ വഴിത്തിരിവ് സൃഷ്ടിച്ച ഈ ചിത്രം, ഹൃദയദ്രവീകരണ ശേഷിയുള്ള നിരവധി രംഗങ്ങളാൽ സമ്പന്നമായിരുന്നു. മൂന്ന് സ്ത്രീകളുടെയും ജീവിതാവസ്ഥകളിൽ സചേതനവും സമൃദ്ധവുമായ ദൃശ്യഭാഷ, സംഭാഷണങ്ങളിലെ രുചിവൈവിധ്യങ്ങളുടെ സമ്മേളനം, ഓരോ അടരിലും ശ്രദ്ധയോടെ നിർവ്വഹിക്കപ്പെട്ട പശ്ചാത്തല സംഗീതം. ക്യാമറയുടെ സൂക്ഷ്മമായ വിനിയോഗം. ഓരോ ഗൃഹാന്തരീക്ഷത്തിലെയും വെളിച്ചവിന്യാസത്തിന്റെ മികവ്…. ഇവയെല്ലാം നന്നായി ഇണങ്ങുമാറ് സംവിധായകൻ പൂർണ്ണമായി വിജയിച്ചു. കാലമേറെ കഴിഞ്ഞിട്ടും ഈ ചിത്രത്തിലെ പല രംഗങ്ങളും ആദ്യം സ്‌ക്രീനിൽ കണ്ടതിന്റെ ഗൃഹാതുരതയായി ഇപ്പോഴും മനസ്സിലുണ്ട്.

പി. ശിവപ്രസാദ്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE