Home Reviews സീ യു സൂൺ. കഥയെ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ സ്ക്രീൻ എന്നിവയിലേക്ക് സംക്രമിപ്പിച്ച സിനിമ അനുഭവം

സീ യു സൂൺ. കഥയെ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ സ്ക്രീൻ എന്നിവയിലേക്ക് സംക്രമിപ്പിച്ച സിനിമ അനുഭവം

0

അധികം വൈകിക്കാതെ നമ്മളിലേക്ക് അനുവിനെ ഒഴിച്ച് മറ്റെല്ലാ കഥാപാത്രങ്ങളെയും കെട്ടഴിച്ചു വിട്ട പരിമിതികളിൽ നിന്നുകൊണ്ട് സൃഷ്‌ടിയ്ക്കപ്പെട്ട ഒരു സിനിമ. അങ്ങിനെ നോക്കുമ്പോൾ അഭിനന്ദിക്കാനെ വഴിയുള്ളൂ. കൊറോണയിൽ പകച്ചു നമ്മളെല്ലാവരും ലോക്കഡൗൺ ചെയ്യപ്പെട്ട അവസ്ഥയിലും കലയെ അടക്കി നിർത്താൻ കഴിയാത്ത ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രയത്നത്തെ ​മറയില്ലാതെ അഭിനന്ദിക്കണം.​ 

പല കോണിൽ വച്ച്​ കോർത്തിണക്കിയെടുത്ത സിനിമ​.​ ഏതൊക്കെ പരിമിതികളിലൂടെ കടന്നു പോയിട്ടുണ്ടാകുമെന്ന് ഒന്നോർ​ത്തു നോക്കിയാൽ ഇതിനെ മാസ്റ്റർപീസ് എന്ന് വിളിച്ചേ മതിയാകൂ.

കഥയെ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ സ്ക്രീ​ൻ എന്നിവയിലേക്ക് സംക്രമിപ്പിച്ചു പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുന്നത് എളുപ്പമല്ല. സാങ്കേതിക വിദ്യയോടൊപ്പം മനുഷ്യന്റെ ചിന്തകളും ഉയരത്തിൽ പറക്കാൻ തുടങ്ങി എന്നതിന്റെ ഉത്തമ ഉദാഹരണം തന്നെയാണ്. അതിനു മുന്നിട്ടിറങ്ങിയവർ എന്ന രീതിയിൽ വേണം ഈ സിനിമയുടെ അണിയറ പ്രവർത്തകരെ അടയാളപ്പെടുത്തുവാൻ. 
ആക്ഷനും കട്ടുമൊക്കെ ഓൺലൈൻ ആയി പറയേണ്ടി വന്ന ഒരു സിനിമ മലയാളത്തിൽ പിറവിയെടുത്തു എന്നത് തന്നെ അഭിമാനമാണ്. മലയാളികൾ എല്ലാ കാര്യത്തിലും എന്നും മുന്നിൽ നടന്നിട്ടേയുളളൂ എന്നതിന്റെ ​ഒരു ചലിക്കുന്ന ​ഉദാഹരണം​ എന്ന് കൂടി നാം ഈ സംരഭത്തിനെ പേരിട്ടു വിളിക്കണം എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഇല്ല 

പക്ഷെ അവതരണത്തിൽ അവർ കാണിച്ചൊരു വലിയ നീതികേടു കൂടെ പറഞ്ഞെ പോകട്ടെ. തനതായ നായക കേന്ദ്രീകൃതമായ മലയാള സിനിമയിൽ സംഭവിക്കുന്നതെ ഇവിടെയും സംഭവിച്ചുള്ളൂ എങ്കിലും എത്രയധികം ഡയനാമിക്സിലൂടെ കടന്നുപോകേണ്ട പ്രേക്ഷകന് അനുഭവിക്കാമായിരുന്ന ഒരു കഥാപാത്രത്തെയാണ്  മഹേഷ്‌ണരായൺ ഒളിപ്പിച്ചു കടത്തി എയർ ഇന്ത്യ എക്സ്പ്രസ്സ് ഫ്ലൈറ്റിൽ കയറ്റി വിട്ടത്.

അനുവിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്, കെവിന്റെയും റോഷന്റെയും കൂടെ നിങ്ങൾ ഭൂരിഭാഗവും ക്യാമറ ചലിപ്പിച്ചപ്പോൾ മറുവശത്തു നിസ്സഹായതയിൽ വന്നുപെട്ട് നരക യാതനയിൽ നിന്ന് കരകയറാൻ ഒറ്റയ്ക്ക് പോരാടിയ അനുവിനെ നിങ്ങൾ ഇടയ്ക്കും തലയ്ക്കും ഒന്ന് ഒളിഞ്ഞു നോക്കിയതേയുള്ളു. അവളെ പുകമറയ്ക്കുള്ളിൽ നിർത്തി നിങ്ങളൊരു ക്ലൈമാക്സ് സൃഷ്ട്ടിച്ചു. അവളെ സിനിമയിലൂടെ ജീവിക്കാൻ വിടാതെ ഒളിപ്പിച്ചു കടത്തിക്കളഞ്ഞു . പക്ഷെ ഒളിച്ചിട്ടാണേലും മായം ചേർക്കാതെ അനു സെബാസ്റ്റ്യന് അർഹിക്കുന്ന ആഴം കൊടുത്തതിനു നന്ദിയുണ്ട്.

ഫഹദിന്റെയും റോഷന്റേയും സ്ക്രീൻപ്രെസെസൻസ് സിനിമയുടെ കൊമേർഷ്യൽ വിജയത്തിന് അടിസ്ഥാനമാകുമായിരുന്നിരിക്കണം. എന്നാലും അനുവിലൂടെ ആ സിനിമ നടന്നു നീങ്ങിയിരുന്നെങ്കിൽ അതിനു കുറെ ജീവിതങ്ങളുമായി അഭേദ്ധ്യമായ ബന്ധം ഉണ്ടായിരുന്നേനെ..
അറബി നാടുകളിൽ ജീവിതം സ്വപ്നം കണ്ട് പറന്ന് വന്നു ഉള്ളിൽ കരഞ്ഞു കൊണ്ട് നൃത്തം ചെയ്യുന്ന ഒട്ടേറെ അനുമാരുടെ നേർക്കാഴ്ചകൾ ആഴത്തിൽ രേഖപ്പെടുത്തപ്പെട്ടേനെ…

പ്രമോദ് വെള്ളിനേഴി 


NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE