Home News തമിഴകത്തിന്റെ ഹാസ്യ ചക്രവർത്തിക്ക് വിട

തമിഴകത്തിന്റെ ഹാസ്യ ചക്രവർത്തിക്ക് വിട

0

തമിഴ് സിനിമാ രംഗത്തെ ഹാസ്യ നടന്മാരിൽ പ്രമുഖനായ നടൻ വിവേക് (59) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് പുലർച്ചെ 4.35 ഓടെയായിരുന്നു അന്ത്യം.ഇന്നലെ രാവിലെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിവേകിന്റെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് ഇന്നലെ ഡോക്ടർമാർ അറിയിച്ചിരുന്നു. ഇടത് ആർട്ടെറിയിൽ രക്തം കട്ടപിടിച്ചതാണ് ഹൃദയാഘാതമുണ്ടാകാൻ കാരണമെന്നായിരുന്നു സിംസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുത്തനെ കുറയുന്ന വെൻട്രിക്കുലർ ഫിബ്രിലേഷൻ കൂടി സംഭവിച്ചതോടെ ആരോഗ്യ നില മോശമാവുകയായിരുന്നു.

വ്യാഴാഴ്ച അദ്ദേഹം സര്‍ക്കാര്‍ ആശുപത്രിയിലെത്തി കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു. അതേസമയം ഹൃദയാഘാതമുണ്ടായതും കോവിഡ് വാക്സിനേഷനും തമ്മില്‍ ബന്ധമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

1987ല്‍ ‘മാനതില്‍ ഉരുതി വേണ്ടും’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി ചിത്രമായ വിക്കി ഡോണറിന്റെ തമിഴ് റീമേക്കായ ധാരാള പ്രഭുവിലാണ് വിവേക് ​​അവസാനമായി അഭിനയിച്ചത്. കമൽ ഹാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സംവിധായകൻ ശങ്കറിന്റെ വരാനിരിക്കുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിലും അദ്ദേഹമുണ്ട്.3 തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം തേടിയെത്തിയിട്ടുണ്ട്.

1961 നവംബര്‍ 19ന്‌ തൂത്തുക്കുടിയിലെ കോവില്‍പട്ടിയില്‍ ജനിച്ച വിവേക് 1980 കളിലാണ് സിനിമാ രംഗത്തേക്കെത്തിയത്. സംവിധായകന്‍ കെ ബാലചന്ദറിനൊപ്പം സഹസംവിധായകനും തിരക്കഥാകൃത്തുമായാണ് സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് അഭിനയ രംഗത്തും തിളങ്ങി.ടെലിവിഷന്‍ അവതാരകനായിരിക്കെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം, രജനികാന്ത് തുടങ്ങിയ പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഭാര്യ:അരുള്‍സെല്‍വി. മക്കള്‍: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാര്‍.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE