Home News സുലൈമാൻ മാലിക്കായി ഫഹദ്; വേറിട്ട ലുക്കിൽ നിമിഷ സജയൻ; മാലിക്ക് തീയേറ്ററുകളിലേക്ക്

സുലൈമാൻ മാലിക്കായി ഫഹദ്; വേറിട്ട ലുക്കിൽ നിമിഷ സജയൻ; മാലിക്ക് തീയേറ്ററുകളിലേക്ക്

0

‘ടേക്ക് ഓഫ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നിമിഷ സജയനും ജോജു ജോർജ്ജും ചിത്രത്തിൽ തികച്ചും വേറിട്ടൊരു ഗെറ്റപ്പിലെത്തുന്നുണ്ട്. ഒരാളുടെ പല കാലഘട്ടങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നതെന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്.

2021 മെയ് 13ന് ചിത്രം തീയേറ്ററുകളിലേക്കെത്തും. ചിത്രത്തിൽ അതിഗംഭീര മേക്കോവറിലാണ് ഫഹദ് എത്തുന്നതെന്നത് ആദ്യ പോസ്റ്ററുകളിലൂടെ തന്നെ വ്യക്തമായതാണ്. യുവാവായും അൻപത്തിയഞ്ചുകാരൻ സുലൈമാൻ മാലികായുമൊക്കെ ഫഹദ് ചിത്രത്തിൽ എത്തുന്നുണ്ട്. ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള അനീതികൾക്കെതിരായ ജീവിത സമരം ഉൾപ്പെടുന്ന യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പൊളിറ്റിക്കൽ ഡ്രാമയാണ് ‘മാലിക്’.

ഒരാളുടെ ‌ഇരുപത് വയസ് മുതല്‍ 55 വയസ് വരെയുള്ള ജീവിതം പ്രമേയമാക്കിയാണ് സിനിമ ഒരുക്കുന്നതെന്നും നേരത്തേ റിപ്പോർട്ടുകളിലൂടെ വ്യക്തമാക്കിയിരുന്നു. സിനിമയിൽ ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തൻ, നിമിഷ സജയൻ, ചന്ദുനാഥ് തുടങ്ങി നിരവധി കഥാപാത്രങ്ങളുമുണ്ട്. ഫഹദിന്‍റെ കരിയറിലെ തന്നെ കൂടുതൽ മുതൽ മുടക്കുള്ള സിനിമ കൂടിയാണിത്. 25 കോടിയിലേറെ ബജറ്റിലാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.

ഈ ചിത്രത്തിന്റേതായി പുറത്തു വന്ന ഫഹദിന്റെ പോസ്റ്ററും ശ്രദ്ധേയമായിരുന്നു. ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച ഫഹദിന്റെ ലുക്കിന്റെ പേരിലാണ് ചിത്രം തുടക്കത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്‍റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. സാനു ജോൺ വർഗീസ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീതം നിർവ്വഹിക്കുന്നത്. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് സിനിമയ്ക്കായി സംഘട്ടനം ഒരുക്കിയിട്ടുള്ളത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE