Home News ‘ചോപ്പ്’ എന്ന ചിത്രത്തിലെ മുരുകൻ കാട്ടാക്കടയുടെ വിപ്ലവഗാനം വൈറലാകുന്നു

‘ചോപ്പ്’ എന്ന ചിത്രത്തിലെ മുരുകൻ കാട്ടാക്കടയുടെ വിപ്ലവഗാനം വൈറലാകുന്നു

0

മലബാറിന്റെ മനസ്സറിഞ്ഞ നാടകപ്രവർത്തകൻ ഇ.കെ. അയമുവിന്റെ ജീവിതം സിനിമയാകുന്നു. 1927 മുതൽ 1967 വരെ നാലു പതിറ്റാണ്ടുകാലം മനുഷ്യസ്നേഹത്തിന്റെ കഥകൾ പറഞ്ഞ നാടകപ്രതിഭയാണ് ഇ.കെ അയമു. ഇദ്ദേഹത്തിന്റെ സാംസ്കാരികജീവിതം അടയാളപ്പെടുത്തുകയാണ് സിനിമവഴി ലക്ഷ്യമിടുന്നതെന്ന് സംവിധായകൻ രാഹുൽ കൈമല പറഞ്ഞു. മതമൗലികവാദത്തെയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ദീർഘവീക്ഷണത്തോടെ തുറന്നുകാട്ടിയ ഇ.കെ. അയമുവിന്റെ ’ജ്ജ് നല്ലൊരു മൻസനാകാൻ നോക്ക് ’ എന്ന നാടകം കേരളത്തിന്റെ കർഷകമുന്നേറ്റത്തിന്റെ ചരിത്രംകൂടി പറയുന്നുണ്ട്.

അയ്മുവിന്റെ അരങ്ങും അണിയറയും ആധാരമാക്കി ചോപ്പ് എന്ന പേരിലാണ് സിനിമ നിർമിക്കുന്നത്. കെ.വി.എൻ. കണ്ണാലത്ത് നിർമിക്കുന്ന ചിത്രത്തിന്റെ കഥ, സംഭാഷണം വിശ്വം. കെ. അഴകത്താണ്. തിരക്കഥയും സംവിധാനവും രാഹുൽ കൈമലയാണ്. ഗാനരചന മുരുകൻ കാട്ടാക്കടയും വിശ്വം.കെ. അഴകത്തും നിർവഹിച്ചു. കെ.ജി. ഉണ്ണീൻ എഴുതി എം.എസ്. ബാബുരാജ് സംഗീതസംവിധാനം നിർവ്വഹിച്ച ഗാനങ്ങളും പി.ജെ. സംഗീതംചെയ്ത ഗാനങ്ങളും ചിത്രത്തിലുണ്ട്. മനുകള്ളിക്കാടാണ് കലാസംവിധായകൻ. നിലമ്പൂർ ആയിഷ, ടോം ജേക്കബ്, സനിൽ മട്ടന്നൂർ എന്നിവരോടൊപ്പം കേരളത്തിലെ നാടകപ്രവർത്തകരും അഭിനയിക്കുന്നു. സിനിമയുടെ ടൈറ്റിൽലോഞ്ചും ഗാനങ്ങളുടെ റിലീസും പൂക്കോട്ടുംപാടം കതിർഫാമിൽ നടന്നു.

മുരുകൻ കാട്ടാക്കട രചിച്ച് ആലപിച്ച വിപ്ലവ ഗാനം ആരെയും ആവേശം കൊള്ളിക്കും. പ്രത്യയശാസ്ത്ര പക്ഷപാതിത്വങ്ങൾ മാറ്റിവെച്ച് തുറന്ന മനസ്സോടെ ഒന്നു കേട്ടു നോക്കൂ. ഇഷ്ടപ്പെടാതിരിക്കില്ല. വിശ്വാസങ്ങൾക്കിടയിലും ദർശനങ്ങൾക്കിടയിലും സൗഹൃദത്തിന്റെ വിശാലമായ ഭൂമിക ഉയർന്നു വരേണ്ട കാലത്ത് മനുഷ്യനെക്കുറിച്ചുള്ള ഏതു തരം ചിന്തകളും പ്രസക്തമാണ്. വിയോജിപ്പുകൾക്കിടയിലും യോജിപ്പിനെയാണ് തേടേണ്ടത്. മാനവിക സ്നേഹത്തെക്കുറിച്ചുള്ള ഗീതങ്ങൾ കണ്ണും കാതും മനസ്സും നിറച്ച് നമുക്ക് കേൾക്കാം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE