Home News മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ് മുഖ്യമന്ത്രി കടക്കൽ ചന്ദ്രനു വേണ്ടി

മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ് മുഖ്യമന്ത്രി കടക്കൽ ചന്ദ്രനു വേണ്ടി

0

ലോക്ക് ഡൗണിനെ തുടർന്ന് 10 മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി നാളെ സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന വൺ എന്ന സിനിമയിൽ അഭിനയിക്കും. ചിത്രത്തിൽ മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഉള്ളടക്കം. ചിത്രം കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിന് റിലീസ് ചെയ്യാനിരുന്നതാണ്. കഴിഞ്ഞ വർഷം ജനുവരി പകുതിയോടെ ചിത്രത്തിന്റെ മുക്കാൽഭാഗവും പൂർത്തിയാക്കിയിരുന്നു. ക്ലൈമാക്സ് രംഗങ്ങൾ മാത്രമാണ് ചിത്രീകരിക്കാൻ ഇനി അവശേഷിക്കുന്നത്.

പോസ്റ്ററുകളിൽ പോലും വരാത്ത സസ്പെൻസ് ഗെറ്റപ്പാണ് നാളെ ചിത്രീകരിക്കുന്നത്. നീട്ടിവളർത്തിയ മുടിയും താടിയുമായി മമ്മൂട്ടിയുടെ ഈ ഗെറ്റപ്പ്‌ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. പത്തുമാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി അമൽനീരദ് ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുക എന്നുവരെ വാർത്ത വന്നിരുന്നു. എന്നാൽ അതെല്ലാം മാറ്റിമറിച്ച് മമ്മൂട്ടി ഈ ഗെറ്റപ്പിൽ മുഖ്യമന്ത്രി കടക്കൽ ചന്ദ്രൻ ആയി അഭിനയിക്കുകയാണ്.

ഒരു മുഴുനീള രാഷ്ട്രീയ ചിത്രമായ വൺ എന്ന സിനിമയിൽ മമ്മൂട്ടി കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയുടെ റോളാണ് ചെയ്യുന്നത്. ആദ്യമായാണ് മമ്മൂട്ടി ഒരു മുഖ്യമന്ത്രിയുടെ റോൾ അവതരിപ്പിക്കുന്നത്. മറ്റു പല നടന്മാരും മുഖ്യമന്ത്രിയുടെ റോൾ അഭിനയിച്ചിരുനെങ്കിലും മമ്മൂട്ടി അത് ചെയ്തിരുന്നില്ല. സിനിമയുടെ തുടക്കത്തിൽ ഇത് പിണറായി വിജയന്റെ ആത്മകഥയാണ് എന്നും മറ്റും അഭ്യൂഹം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇത് പിണറായി വിജയന്റെ കഥ അല്ലെന്നും അതിൽനിന്നും വിഭിന്നമായ ഒരു കഥയാണെന്നും വിശദീകരണം ഉണ്ടായി.

ഒരുപക്ഷേ ഈ രാഷ്ട്രീയ രംഗത്ത് നവീകരണം ആവശ്യമാണ് എന്നുള്ള പൊതുവെയുള്ള ഒരു ചിന്തയായിരിക്കണം ബോബി-സഞ്ജയ്‌ ഈ തിരക്കഥയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ആദ്യമായാണ് ബോബി – സഞ്ജയ്‌ ഒരു മുഴുനീള രാഷ്ട്രീയ സിനിമയ്ക്ക് വേണ്ടി കഥ എഴുതുന്നത്. ‘ചിറകൊടിഞ്ഞ കിനാക്കൾ’ എന്ന സിനിമക്ക് ശേഷം സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വൺ. നിമിഷ സജയൻ, മുരളി ഗോപി, രഞ്ജിത്ത്, ജോജു ജോർജ്, മധു, സലിം കുമാർ തുടങ്ങിയ വൻ താരനിര തന്നെ ഈ സിനിമയിൽ അണിനിരക്കുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE