Home Short Film Corner നോവായി ‘ഏകാന്തം’

നോവായി ‘ഏകാന്തം’

0

ഏകാന്തതയുടെ ഏറ്റവും തീവ്രമായ വേദന നമ്മൾ അനുഭവിക്കുന്നത് അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുമ്പോളാണ്. ബന്ധുക്കളോ സുഹൃത്തുക്കളോ പക്ഷിമൃഗാദികളാ പുസ്തകങ്ങളോ ടെലിവിഷനോ മൊബൈലോ സോഷ്യൽ മീഡിയയോ എന്തിന് ശ്വസനവായു പോലും നമുക്ക് അവിടെ കൂട്ടായ് ഇല്ല. അവിടെ നമുക്ക് ആകെ കൂട്ട് പൊക്കിൾ കൊടിയും അത് നൽകിയ അമ്മയും മാത്രമാണ്. അമ്മയുടെ ചിന്തകളും ചലനങ്ങളും സംരക്ഷണവും സ്നേഹവും ആണ് ഒൻപത് മാസം നമുക്ക് കൂട്ട്. പക്ഷേ ആ അമ്മയെ ജീവിത തിരക്കുകൾക്കിടയിൽ നമ്മൾ ഏകാന്തതയിലേക്ക് തള്ളിവിടുന്നു. തളച്ചിടുന്നു. തള്ളിക്കളയുന്നു. അമ്മ നൽകിയത് ഒന്നും തിരിച്ച് നൽകാൻ നമ്മുടെ തിരക്കുകൾ നമ്മളെ അനുവദിക്കുന്നില്ല എന്ന് പറഞ്ഞ് നമ്മുടെ മനസ്സിനെ നമ്മൾ തന്നെ പറ്റിക്കുന്നു. സ്വയം ന്യായീകരിക്കുന്നു. ഓർക്കുക കാലം മുന്നോട്ടേ പോകൂ. നമ്മൾ ഓരോരുത്തരും ഇതേ അവസ്ഥയിൽ എത്തിച്ചേരും. അന്ന് ഏകാന്തത എന്ന വാക്ക് പോലും നമുക്ക് കൂട്ടായ് ഉണ്ടാവില്ല. ഇന്നത്തെ അണുകുടുംബ സംസ്കാരത്തിന്റേയും ഉപഭോക്തൃ സംസ്കാരത്തിന്റേയും സാമൂഹ്യ മാധ്യമ അടിമപെടൽ സംസ്കാരത്തിന്റെയും പരിഛേദമാണ് ‘ഏകാന്തം’ എന്ന ഈ ഷോർട്ട് ഫിലിം . ഇത് ഒരു അമ്മയുടെ മാത്രം കഥ അല്ല. ഒരായിരം അമ്മമാരുടെ മാതാപിതാക്കളുടെ വയോജനങ്ങളുടെ കഥയാണ്. യഥാർത്ഥ്യമാണ്. ചലച്ചിത്രത്തിന് ചലിക്കാനേ കഴിയൂ. ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതും മാറേണ്ടതും മാറ്റപ്പെടേണ്ടതും നമ്മൾ ഓരോരുത്തരും ആണ്.

ദി കോമ്പറ്റിഷൻ, അനന്തസൗഹൃദം, സാക്ഷ്യം എന്നീ ഹ്രസ്വചിത്രങ്ങൾക്കുശേഷം അനിൽ കെ സി സംവിധാനം ചെയ്ത ലഘുചിത്രമാണ് ഏകാന്തം. ദേശീയവും അന്തർദേശീയവുമായ ഒട്ടനവധി ചലച്ചിത്രമേളകളിൽ പങ്കെടുക്കുകയും ഇതിനകം 20 അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്ത ഈ ചിത്രത്തിന്റെ കഥ മലയാളത്തിന്റെ പ്രിയ കഥാകാരൻ അഷ്ടമൂർത്തിയുടേതാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പാണ് അദ്ദേഹം ‘അമ്മ ഉറങ്ങുന്ന രാത്രി’ എന്ന ചെറുകഥ എഴുതിയത്. അതുകൊണ്ടുതന്നെ കാലികമായ ചില മാറ്റങ്ങൾ തിരക്കഥയിൽ വരുത്തേണ്ടിവന്നിട്ടുണ്ട്. യഥാർത്ഥ കഥയിൽ നായകൻ പത്രപാരായണത്തിൽ മുഴുകുന്ന രംഗങ്ങളാണെങ്കിൽ, സിനിമയിൽ പത്രത്തിന്റെ സ്ഥാനം ലാപ്ടോപ്പും മൊബൈലും ഏറ്റെടുത്തു. പിന്നെ ജി.എസ്.റ്റി-യെ കുറിച്ചുള്ള പരാമർശമുണ്ട്. ഇത്തരം സംജ്ഞകളൊന്നും ഒറിജിനൽ കഥയിൽ ഉണ്ടായിരുന്നില്ല.

ചിത്രത്തിന്റെ മേയ്ക്കിങ് സ്റ്റൈലിനെ കുറിച്ച് പ്രതിപാദിക്കുകയാണെങ്കിൽ സംവിധായകൻ നമ്മളോട് പറയാതെ പറഞ്ഞ ഒരു പുസ്തകത്തെയും നോവലിസ്റ്റിനെയും കടം കൊള്ളേണ്ടതുണ്ട്. മഹാനായ കൊളംബിയൻ എഴുത്തുകാരൻ ഗബ്രിയേൽ ഗർസിയ മാർക്വേസും അദ്ദേഹത്തിന്റെ അതിപ്രശസ്തമായ ഏകാന്തതയുടെ നൂറ് വർഷങ്ങൾ (One Hundred years of Solitude) എന്ന നോവലും . യഥാർത്ഥമായ ഒരു കഥാസാഹചര്യത്തിൽ മായാകഥാപാത്രങ്ങൾ കടന്നുവരുന്ന കലാശാഖയാണ് പൊതുവെ മാജിക്കൽ റിയലിസം. മാർക്വേസ് നോവലിൽ പ്രതിപാദിച്ച അതെ ശൈലിയാണ് ചിത്രത്തിലും അമ്മയുടെ മരണശേഷം ഏകാന്തത മകനോട് സംസാരിക്കുന്ന ഭാഗത്തിൽ അവലംബിച്ചിട്ടുള്ളത്.

ധനീഷ് തെക്കേമാലിയുടെ സിനിമാട്ടോഗ്രഫിയും രതീഷ് റോയിയുടെ പശ്ചാത്തലസംഗീതവും മികച്ച നിലവാരം പുലർത്തി. പ്രശസ്ത മാധ്യമപ്രവർത്തകനും മുൻ റേഡിയോ ജോക്കിയുമായ ക്രിസ് വേണുഗോപാലാണ് ചിത്രത്തിലെ അദൃശ്യകഥാപാത്രത്തിന് ശബ്ദം നൽകിയത്. അതോടൊപ്പം അഭിനേതാക്കളായ റിജോ ജോസിന്റേയും സത്യ എസ്സ്. നായരുടേയും ചിട്ടയാർന്ന പ്രകടനം എടുത്തുപറയേണ്ടതാണ്. രണദേവ് മറ്റത്തോളിയുടെ കവിതക്ക് സംഗീതം കൊടുത്തത് വി.പി. ചന്ദ്രൻ, ആലാപനം രാജേഷ് മാധവ്. മറ്റ് അണിയറപ്രവർത്തകർ, സഹസംവിധായകർ സിറാജ് തളിക്കുളം, രൂപേഷ് നന്ദൻ, കലാസംവിധാനം രാജീവ് ലാൽ, പ്രൊഡക്ഷൻ കണ്ട്രോളർ കിഷോർ ശ്രീകുമാർ.
ടൈനിലാൻട് ക്രിയേഷന്റെ ബാനറിൽ വിഷ്ണു നന്ദകിഷോർ നിർമ്മിച്ച ‘ഏകാന്തം’ ടൈനിലാൻട് ക്രിയേഷന്റെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE