Home Interviews പുല്ലൂരിൽ നിന്ന് ചെന്നൈയിലെത്തി വർണ്ണങ്ങൾ കൊണ്ട് ചരിത്രം കുറിക്കുന്ന നവയുഗ പോസ്റ്ററുകളുടെ കൂട്ടുകാരൻ.

പുല്ലൂരിൽ നിന്ന് ചെന്നൈയിലെത്തി വർണ്ണങ്ങൾ കൊണ്ട് ചരിത്രം കുറിക്കുന്ന നവയുഗ പോസ്റ്ററുകളുടെ കൂട്ടുകാരൻ.

0

തൃശൂർ ഇറങ്ങാലക്കുടക്ക് അടുത്ത് പുല്ലൂർ എന്ന നാട്ടിൽ നിന്നും പ്രതൂൽ എന്ന ഒരു ചെറുപ്പക്കാരൻ ചെന്നൈയിലെത്തി തമിഴിലും മലയാളത്തിലുമായി ഒട്ടേറെ സിനിമകളുടെ പബ്ലിസിറ്റി ഡിസൈനർ ആയി മാറിയത് വെറും യാദൃശ്ചികത ആയിരുന്നില്ല. തീയേറ്റർ മൂവ്മെന്റുകളുമായി കലാരംഗത്തു തുടർന്ന് പിന്നീട് കൊച്ചി ഇന്ത്യൻ സ്കൂൾ ഓഫ് ആർട്സിൽ ഫൈൻ ആർട്സ് സെര്ടിഫിക്കറ്റുമായി നാട്ടിൽ നിന്നും അകന്ന് ചില ശ്രമങ്ങൾ, നിരന്തരം കലാ​ രംഗത്തു നടത്തിയ പരീക്ഷണങ്ങൾ, ചിത്ര രചനകൾ… പ്രതൂൽ ശ്രദ്ധിക്കപ്പെട്ടു. ശ്രദ്ധേയമായ, വേറിട്ട പോസ്റ്റർ മേക്കിങ്ങിലൂടെ ഇന്ന് മുൻനിരയിലാണ് ഇന്ന് പ്രതൂൽ… സിനിമാവാർത്തകൾ പ്രതൂലുമായി ചിലവഴിച്ച ചില നിമിഷങ്ങൾ. കുറച്ചു ചോദ്യങ്ങൾ.

സാധാരണ നാട്ടിൻപുറങ്ങളിലെ കലാകാരന്മാർ അവിടെ തന്നെ ഒതുങ്ങി പോകാറാണ് പതിവ്. എങ്ങിനെയാണ് ഇത്ര ഉയർന്നു പറന്നത്?

നാട്ടിൻപുറങ്ങളിലെ കലാകാരന്മാർ ആയിട്ടുള്ളവർക്ക് അവിടെ തന്നെ വളരെ സംതൃപ്തിയും സന്തോഷവും കണ്ടെത്താൻ സാധിക്കുന്ന പരിസരങ്ങളായിരിക്കും. അത്തരത്തിലുള്ള അന്തരീക്ഷത്തിൽ നിന്നും പുതിയ മേച്ചിൽപുറങ്ങൾ തേടി പോകാൻ ഒരു വൈമുഖ്യമുണ്ടാകും. കലാകാരന്മാർ പൊതുവെ അലസരും മടിയന്മാരുമാണെന്നാണ് എന്റെ അറിവ്‌. നമ്മുക്ക് ചെയ്യാനുള്ളത് നമ്മുടെ ചുറ്റുവട്ടത്തിൽ തന്നെ ചെയ്യാറാണ് പതിവ്. അവിടെയുള്ള നാടകസംഘങ്ങളുമായി, ചെറിയ പ്രോഗ്രാമുകളുമായി, ചിത്രരചനകളുമായി അങ്ങനെയുള്ള ജോലികളുമായി ഒതുങ്ങി കൂടുകയാണ് പതിവ്. പക്ഷെ എല്ലാവരുടെയും ജീവിതത്തിൽ ഒരു വഴിത്തിരുവുണ്ടാകുന്ന ഒരു സമയമുണ്ട്, ആ വഴിത്തിരുവിലേക്ക് എത്തിപ്പെട്ടു കഴിഞ്ഞാൽ അവിടെവെച്ച് നമ്മുടെ അലസതയും മടിയും നഷ്ടപെടുകയും പുതിയ ചിന്തകൾ വരുകയും ചെയ്യും. എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു വഴിത്തിരുവുണ്ടായി. എന്റെ നാട്ടിൽനിന്നും ബാംഗ്ലൂരിലേക്ക് പോകേണ്ടിവരികയും ആ ജോലി സ്വീകരിച്ചതുകൊണ്ട് പുതിയ ചിന്തകളും ധൈര്യവുമൊക്കെ വരികയും മടിയൊക്കെ പോകുകയും വലിയ ക്യാൻവാസിലുള്ള ചിന്തകൾ ഓക്കേ വന്നു തുടങ്ങിയത്. ഇപ്പോഴും മടിയും അലസതയും ഉണ്ടെങ്കിൽപോലും ഇപ്പോഴും ശ്രമിക്കുന്നുണ്ട്.  ഉയർന്നു പറന്നുകൊണ്ടിക്കുകയാണ് എന്ന് പറയുന്നില്ല, ആ ഒരു ഫീൽഡിൽ നമ്മൾ വന്നുപെട്ടു എന്ന ഭാഗ്യവും, ആത്മാർത്ഥമായി ശ്രദ്ധിച്ചും സന്തോഷത്തോടെയും നമ്മൾ ചെയ്യുന്ന ജോലിയായത് കൊണ്ടാണ് നന്നായി പോകുന്നതെന്നു തോന്നുന്നു.

നന്നായി കാരക്ടർ സ്കെച്ച് ചെയ്യുന്ന പ്രതുലിനെ ആണ് ഫേസ്ബുക്കിൽ ആദ്യം കണ്ടത്. പിന്നീട് ഒരു പോസ്റ്റർ മേക്കർ ആയിട്ട്, സിനിമയിലേക്ക് വഴി കാട്ടിയതു ആരായിരുന്നു? എന്തായിരുന്നു? 

സിനിമയിലേക്ക് വഴി കാട്ടിയത് പറയുകയാണെങ്കിൽ, ഒരു വ്യക്തി എന്ന് പറയാൻ സാധിക്കുകയില്ല പല ഘടകങ്ങൾ ചേർന്നാണ് ഞാൻ സിനിമയിലേക്കു എത്തിച്ചേർന്നത്. നാട്ടിൽ അച്ഛൻ ഒരു സാധരണ തീയേറ്ററിലായിരുന്നു ജോലിചെയ്തിരുന്നത്, അപ്പോൾ അവിടെവച്ച് ധാരാളം സിനിമകൾ മറ്റുകാര്യങ്ങളൊക്കെയായിട്ട് സിനിമ പോസ്റ്ററും, സിനിമയുമൊക്കെ തന്നെയായിരുന്നു കൂടുതൽ ഞങ്ങളുടെ ലോകം. അപ്പോൾ അത് എങ്ങനെ പ്രതിഫലിപ്പിക്കാം എന്നതിലൂടെയാണ് ചിത്രങ്ങളൊക്കെ വരച്ച് തുടങ്ങിയതെന്ന് തോന്നുന്നു. കണ്ടിട്ടുള്ള കാഴ്ചകൾ എങ്ങനെ പ്രതിഫലിപ്പിക്കാം എന്നതിലൂടെയാണ് ചിത്രരചനയിലേക്ക് കടക്കുന്നത് എന്ന് തോന്നുന്നു. സിനിമ തന്നെയാണ് ഓരോ കാര്യങ്ങൾ ചെയ്യുന്നതിനുള്ള പ്രചോദനം ആയിട്ടുള്ളത് സിനിമയിലേക്കുള്ള പ്രവേശനം എന്നു പറഞ്ഞു കഴിഞ്ഞാൽ മദ്രാസ് എന്നുള്ളത് ചെറുപ്പം മുതൽ കേൾക്കുന്നതാണ്. സിനിമ സംബന്ധമായ പലരുടെയും അഭിമുഖത്തിൽ, അവിടേക്ക് എത്തിച്ചേരുക എന്നുള്ളതു ചെറുപ്പം മുതലുള്ള ഒരു ആഗ്രഹമായിരുന്നു. അത്തരത്തിൽ ആലോചിച്ച് സിനിമ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് വർക്ക് ചെയ്തു തുടങ്ങാനാണ് ശ്രമിച്ചത്. അങ്ങനെ ലാൽ ജോസ് ആദ്യമായി ഫേസ്ബുക്ക് വഴി സംസാരിച്ചു, അദ്ദേഹം എന്റെ വർക്ക് കണ്ടിട്ടുണ്ട്. എന്റെ ഡിസൈനിങ് സെൻസ്  ഇഷ്ടപ്പെട്ടു. ഞാൻ ഒരു ദിവസം വന്നു കണ്ടോട്ടെ എന്ന് ചോദിച്ചപ്പോൾ വന്നോളൂ എന്ന് പറഞ്ഞു. പുള്ളി പ്രതീക്ഷിച്ചത് ഞാൻ വല്ല പോസ്റ്റർ ഡിസൈനിങ്ങും ചോദിക്കും എന്നായിരുന്നു. പക്ഷേ ഞാൻ പറഞ്ഞത് എനിക്ക് അസിസ്റ്റന്റ് ഡയറക്ടർ ആകണമെന്നായിരുന്നു. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന മേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതല്ലേ നല്ലത് എന്നദ്ദേഹം ഉപദേശിച്ചു. ആർട്ട് ഡയറക്ടർ ഗോകുൽദാസ് സിനിമ ചെയ്യാൻ പോകുന്നുണ്ട് അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്തു നോക്കാൻ പറഞ്ഞു. ഇനിയും ചെയ്യാമല്ലോ എന്നിങ്ങനെയെല്ലാം ഉപദേശിച്ചു. ആദ്യം നിരാശ ഉണ്ടാക്കിയെങ്കിലും പിന്നീട് കൺവെൻസ് ചെയ്തു. പിന്നീട് മറ്റൊരു ജോലിസംബന്ധമായി ചെന്നൈയിലേക്ക് എത്തി അവിടെനിന്ന് ആ ജോലി ഉപേക്ഷിച്ചിട്ട് പോസ്റ്റർ ഡിസൈനിങ് ചെയ്യുന്ന സ്ഥാപനം ഉണ്ടായിരുന്നു, മിത്ര മീഡിയ അത്യാവശ്യം നല്ലൊരു ലീഡിങ് ഏജൻസി ആയിരുന്നു. ഞാൻ കണ്ട ചില സിനിമകളുടെ പോസ്റ്ററുകൾ ക്രിയാത്മകമായി ഡിസൈൻ ചെയ്ത് അവിടെ കാണിക്കുകയും അവർക്ക് ഇഷ്ടപ്പെടുകയും അവിടെ ജോയിൻ ചെയ്യുകയും ചെയ്തു. അങ്ങനെയാണ് സിനിമയിലേക്ക് പോസ്റ്റർ ഡിസൈനർ ആയിട്ടുള്ള പ്രവേശനം.

ചെയ്ത സിനിമകൾ ഒന്ന് പറയാമോ. മലയാളത്തിലും തമിഴിലും.

ഞാൻ മലയാളത്തിൽ വളരെ കുറച്ചു സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളു. തമിഴ് സിനിമ മേഖലയിൽ ആണ് ഞാൻ അധികവും വർക്ക് ചെയ്തിട്ടുള്ളത്. മിത്ര മീഡിയയിൽ ആയിരിക്കുമ്പോൾ, ഏഴാം അറിവ്, നൻപൻ തുടങ്ങിയ സിനിമകളിൽ ഈ കമ്പനിക്കുവേണ്ടി വർക്ക് ചെയ്തിട്ടുണ്ട്. 24 AM കമ്പനിക്ക് വേണ്ടി വർക്ക്‌ ചെയ്യുമ്പോൾ വളരെ നല്ല കുറേ സിനിമകളുടെ ഭാഗമായി. പിസ്സ, ബില്ല, നേരം, കാവി തലൈവൻ തുടങ്ങിയവയുടെ ഭാഗമായി. വ്യത്യസ്തമായ സാധ്യതയുള്ള വർക്കുകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഇമൈക്ക നോടികൾ, കാപ്പാൻ, കവൻ, കടമ്പൻ, ഭൂമി, തുടങ്ങിയ തമിഴ് സിനിമകൾ; പടയോട്ടം, വീരം, സഖാവ്, ആക്ഷൻ ഹീറോ ബിജു, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, അരവിന്ദന്റെ  അതിഥികൾ, ആനന്ദം തുടങ്ങിയ സിനിമകൾ മലയാളത്തിലും ചെയ്തിട്ടുണ്ട്. തമിഴിലാണ് കൂടുതൽ വർക്കുകൾ ചെയ്തിട്ടുള്ളത്.

മലയാളത്തിൽ ഒരു വിജയാഘോഷ വേദികളിലോ ഒരവാർഡ്‌ ദാനസമയത്തോ അധികമാരും  പോസ്റ്റർ ഡിസൈനേഴ്സ് നെ എടുത്തു പറയുന്നത് സാധാരണ കേട്ടിട്ടില്ല, അത് തമിഴിലും അങ്ങിനെ തന്നെയാണോ ?

സിനിമയ്ക്ക് വളരെ പ്രാധാന്യമുള്ള ഒരു ഘടകം ആയിരിക്കേ ഇത്തരം മേഖലയിൽ നമുക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല എന്ന് തന്നെയാണ് ഞാൻ മുൻപേയും  സൂചിപ്പിച്ചിരുന്നത്. അതിന് എന്ത് തരത്തിലുള്ള മാറ്റമാണ് ഉണ്ടാക്കാൻ പറ്റുക എന്നുള്ളത്,  ഇപ്പോൾ പുതിയ തലമുറയിൽ ലിജോ ജോസ് പെല്ലിശ്ശേരി പോലെയുള്ള ആകർഷിക്കപ്പെടുന്ന നല്ല സംവിധായകരുണ്ട്, അവരുടെ വ്യത്യസ്തമായ സിനിമകൾ വരുമ്പോൾ അതിനനുസരിച്ചുള്ള പോസ്റ്ററുകൾ ഉണ്ടാകുന്നുണ്ട്,  അതിനുള്ള ഒരു സ്വാതന്ത്ര്യവും അംഗീകാരവും  ലഭിക്കുന്നുണ്ട്. എന്നാൽ വേണ്ടവിധമുള്ള ഒരു അവാർഡുകളോ അംഗീകാരമോ ലഭിക്കുന്നില്ല, ശരിക്കും പറഞ്ഞു കഴിഞ്ഞാൽ ഇത് അനിവാര്യമാണ്. അത്തരത്തിലുള്ള ഒരു പൊതുവായ അംഗീകാരം വരുമ്പോഴാണ് സിനിമയിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധ്യമാവുകയുള്ളൂ, സിനിമയുടെ തന്നെ ചില വ്യാകരണങ്ങൾ മാറ്റുന്നവയാണ് പോസ്റ്റേഴ്സ്. സിനിമയിലെ പോസ്റ്ററുകളിലെ വ്യാകാരണങ്ങൾ തന്നെ മാറ്റി മറിച്ചിട്ടുള്ള  ഇപ്പോഴത്തെ ചില രീതികൾ,  അതിന് ആർട്ടും ആയിട്ട് വളരെ സാമ്യമായ സാധനങ്ങൾ ആണ് നമ്മൾ ഇപ്പോൾ കൊടുക്കുന്നത്. ഇത് രണ്ടും കമ്പയർ ചെയ്ത് കൊളാബറേറ്റ് ചെയ്തു കൊണ്ടുവരുന്ന ഔട്ട് പുട്ടുകൾ ജനങ്ങൾക്ക് കൂടുതൽ സന്തോഷമാവുകയേ  ഉണ്ടാവുകയുള്ളൂ അല്ലാതെ ചെറിയ ഒരു കാര്യത്തിലേക്ക് ഒതുങ്ങാതെ കൂടുതൽ ചിന്തകളും മറ്റുകാര്യങ്ങളും എല്ലാം സാധിക്കുന്ന ഒരു ആർട്ട് മീഡിയ ആയിട്ട് തന്നെ പോസ്റ്റേഴ്സ് മാറുന്നുണ്ട്. അപ്പോൾ പോസ്റ്റേഴ്സിന്  വേണ്ടത്ര പിന്തുണയും അംഗീകാരവും കൊടുക്കേണ്ടത് ആവശ്യവുമാണ്. സിനിമാപ്രവർത്തകരും ഇതിനെ  പ്രോത്സാഹിപ്പിക്കേണ്ടതായിട്ട് കാണേണ്ടതാണ്.

അത്തരത്തിൽ ആഘോഷിക്കപ്പെടാറില്ല പോസ്റ്റർ ഡിസൈനിങ്. സോഷ്യൽ മീഡിയയിലും,ഇത്തരം ഫ്ലാറ്റ് ഫോമുകളിലും മറ്റും ഇതിനു നല്ല സാധ്യതകളുണ്ട്. നമുക്ക് എക്സിബിറ്റ് ചെയ്യാൻ ഏറ്റവും എളുപ്പം ഓൺലൈൻ മീഡിയ ആയതുകൊണ്ടു തന്നെ അതിനെ കുറിച്ച് ചർച്ചയും നടക്കുന്നുണ്ടെങ്കിലും അവാർഡ് വേദികളിലോ വിജയാഘോഷ വേദികളിലോ വേണ്ടത്ര പരിഗണന കിട്ടാറില്ല. ഇതിനെക്കുറിച്ച് അറിയുന്നവർ പറയുന്നത് സിനിമ എന്നുള്ളത് ഒരു ഒറ്റ ഘടകത്തിൽ നിന്നുള്ളതല്ലല്ലോ. സിനിമയെ പബ്ലിസിറ്റി ചെയ്യുന്ന മാർക്കറ്റിംഗ് ചെയ്യുന്ന ഒരു ഘടകം മാത്രമാണ് പലരും അതിനെ വേണ്ടത്ര രീതിയിൽ നോക്കി കാണാത്തത്. പക്ഷേ പോസ്റ്റർ ഡിസൈനിങ് വളരെ പ്രധാനപ്പെട്ട ഘടകമാണ് എന്നാണ് എന്റെ അഭിപ്രായം. കാരണം ഒരു സിനിമ പോസ്റ്ററിലൂടെ ആളുകളെ ചിന്തിപ്പിക്കുകയാണ്, ആകാംഷഭരിതരാക്കുകയാണ്. സിനിമ പറയാൻ ഉദ്ദേശിക്കുന്നത് ഇതാണ് എന്നത് മനസിലാക്കിത്തരുന്നതും പോസ്റ്റർ ആണ്. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ജോലി ചെയ്യുന്ന ഒരു ടെക്‌നിഷ്യൻസാണ് പോസ്റ്റർ ഡിസൈനിങ്. സിനിമയെ കുറിച്ചുള്ള വിളംബരം എന്നുവേണമെങ്കിൽ പറയാം. സിനിമയുടെ എല്ലാ ഡീറ്റെയിൽസ് അവസാനം വരെ പറയുന്നതും ജനങ്ങളിലേക്കെത്തിക്കുന്നതും പോസ്റ്ററാണ്. വേണ്ട സമയത്തു വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല. പൊതുവായി ഇന്ത്യൻ ഇൻഡസ്ട്രിയിലും ഇങ്ങനെ തന്നെയാണ്. തമിഴിലും മലയാളത്തിലും ചെറിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലരൊക്കെ മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ചില അവാർഡ് വേദികളിൽ നമ്മളെ പരിഗണിച്ചിരുന്നു. അത് ഒരു വലിയ അത്ഭുതവും സന്തോഷവുമൊക്കെയാണ്. നല്ല പോസ്റ്റേഴ്സ് ചെയ്യന്നുള്ള ഒരു പ്രേരണ അതിൽനിന്നുണ്ടാകും. എല്ലാതരത്തിലും ശ്രദ്ധിക്കുന്നത് എല്ലാ മനുഷ്യരെ പോലെയും നമ്മളും ആഗ്രഹിക്കുന്ന ഒന്നാണ്.

താങ്കൾ ഉൾപ്പെടെയുള്ളവർ ചെയ്യുന്ന സേവനം ഒരു മുഖ്യധാരാ സിനിമയെ സംബന്ധിച്ച് വളരെ നിർണായകമായിരിക്കെ, എത്ര മാത്രം പ്രാധാന്യം മറ്റുള്ള ഡിപ്പാർട്മെന്റുകളെ വെച്ച് പബ്ലിസിറ്റി ഡിസൈൻ ഡിപ്പാർട്ടമെന്റിനു ലഭിക്കുന്നുണ്ട്? പ്രതുലിന്റെ കല സൃഷ്ടികളെ സാധാരണ ജനങ്ങൾക്ക് അല്ലെങ്കിൽ സിനിമ പ്രവർത്തകർക്ക് പ്രിയമുള്ളവയാക്കുന്നതു എന്താണ്. സ്വയം ഒന്ന് വിലയിരുത്തിയാൽ?

എന്റെ കലാസൃഷ്ടികളെ സാധാരണജനങ്ങൾക്ക് അല്ലെങ്കിൽ സിനിമാ പ്രവർത്തകർക്ക് പ്രിയമുള്ളവയാക്കുന്നു എന്ന് ചോദിച്ചു കഴിഞ്ഞാൽ; എ.ആർ റഹ്മാൻ, ഇളയരാജ പോലുള്ളവരുടെ മ്യൂസിക് കേൾക്കുമ്പോൾ അതിൽ ചെറിയ ചില മ്യൂസിക് ബിറ്റുകൾ, ഇത് നമ്മുടെ മനസ്സിനുള്ളിൽ കിടന്നിരുന്ന ഒരു ട്യൂൺ ആണല്ലോ എന്നും അത് നമ്മൾ എവിടെയോ കേട്ട പോലെയും തോന്നും. അത് നമ്മളെ പ്രിയമുള്ളത് ആക്കി മാറ്റുകയാണ് ചെയ്യുന്നത്. അത് നമ്മുടെ ഉള്ളിൽ കിടക്കുന്ന സംഗീതമായാണ് നമുക്ക് തോന്നുക. ആ സംഗീതം അവർ നമുക്ക് തരുമ്പോൾ നമ്മൾ അതിൽ വളരെയധികം സന്തോഷിക്കുന്നു, അങ്ങനെയാണ് നമ്മൾ അവരെ ഇഷ്ടപ്പെടുന്നത്. എനിക്ക് തോന്നുന്നു, എനിക്ക് ഇഷ്ടപ്പെടുന്നത് മറ്റുള്ളവർക്കും ഇഷ്ടപ്പെടണം എന്ന് വിചാരിച്ച് ആത്മാർത്ഥമായി ചെയ്യുന്നതാണ് എന്റെ വർക്കുകൾ. മറ്റുള്ളവർ ചെയ്യുന്നതിനേക്കാൾ നന്നായിരിക്കണം എന്നൊരു നിർബന്ധബുദ്ധിയിലാണ് ഞാൻ വർക്കുകൾ ചെയ്യുക. അതിനുവേണ്ടി കൂടുതൽ സമയം ചെലവഴിക്കും. എപ്പോഴും മറ്റുള്ളവരിൽനിന്ന് എന്റെത് വ്യത്യസ്തമാക്കണം എന്ന ഒരു ആഗ്രഹം ഉണ്ട്. നമുക്ക് ചില പരിമിതികൾ ഉണ്ടെങ്കിലും നമ്മൾ അതിൽ നിന്നുകൊണ്ട് തന്നെയാണ് നമ്മൾക്ക് കഴിയാവുന്ന രീതിയിൽ തന്നെയാണ് അത് ചെയ്യുന്നത്. വളരെയധികം സ്നേഹിച്ചുകൊണ്ട് ചെയ്യേണ്ട ഒരു വർക്കാണ് ഇത്. 

ഒരു സിനിമയുടെ ബ്രീഫ് കിട്ടിക്കഴിയുന്പോൾ ഏതൊക്കെ ഘടകങ്ങളാണ് അതിന്റെ പോസ്റ്റർ ട്രീറ്റ്മെന്റിന് പരിഗണിക്കുക? 

ഒരു സിനിമയുടെ ബ്രീഫ് കിട്ടിക്കഴിയുമ്പോൾ അത് ഏതുതരത്തിലുള്ള സിനിമയാണെന്ന് കണ്ടുപിടിക്കാൻ സാധിച്ചാൽ അത് പാതി വിജയിച്ചു. സിനിമയെ കുറിച്ച് നമ്മൾക്ക് പറഞ്ഞു തരുന്ന ആൾക്ക് വ്യക്തമായ ധാരണകളോ തന്റെ സിനിമ എങ്ങനെയായിരിക്കണമെന്ന് ഐഡിയ ഉള്ള ഒരു ഡയറക്ടറുടെ സിനിമയാണെങ്കിൽ വളരെ എളുപ്പത്തിൽ നമ്മുക്ക് അത് ക്യാച്ച് ചെയ്യാൻ പറ്റും. ആ സിനിമയുടെ മൂഡ് എന്തായിരിക്കണം, ഏതുതരത്തിലുള്ള പോസ്റ്റർ ആയിരിക്കും അതിന് അഭികാമ്യം എന്നത് നമ്മൾ ചിന്തിക്കും. ഡാർക്ക്‌ മൂഡിൽ ഉള്ളതാണോ, പ്ലയിൻ ആണോ, ഫാന്റസി ആയിട്ടാണോ, കോമ്പ്ലിക്കേറ്റഡ് ആണോ, മനോഹരമായ വർണ്ണങ്ങൾ നിറഞ്ഞ പോസ്റ്റർ ആണോ, ഹാഫ് ടോൺ ആണോ, പോസ്റ്റർ കാണുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേക്ക് വരേണ്ട ചിന്തകൾ എന്തൊക്കെയാണെന്നെല്ലാം നമ്മൾ ചിന്തിക്കേണ്ടതുണ്ട്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പോസ്റ്ററിനെക്കുറിച്ചും  ചിത്രങ്ങളെക്കുറിച്ചും ഇല്ലുസ്ട്രേഷൻസിനെക്കുറിച്ചും സിനിമകളും എല്ലാം നമ്മുടെ മനസ്സിലേക്ക് ഓടിയെത്തണം. അങ്ങനെ എത്തി കഴിയുമ്പോഴാണ് ഇത്തരം ട്രീറ്റ്മെന്റ്  ആയിരിക്കും ഇതിന് നല്ലത് എന്നുതോന്നുക. ചിലപ്പോൾ ഡയറക്ടഴ്‌സ്  നമുക്ക് പറഞ്ഞു തരും, ഇത്തരം ട്രീറ്റ്മെന്റ് ആണ് ഞാൻ ആഗ്രഹിക്കുന്നത്. ചിലപ്പോൾ ഞാൻ തന്നെ സജസ്റ്റ് ചെയ്യും ഇത്തരം ഐഡിയ ഇതിൽ ചെയ്താൽ നന്നായിരിക്കുമെന്ന്. എപ്പോഴും സിനിമ  എന്താണ് ഡിമാൻഡ് ചെയ്യുന്നത് എന്ന് അറിഞ്ഞിരുന്നാൽ മാത്രമേ ഒരു പോസ്റ്റർ ഡിസൈൻ ചെയ്യാൻ കഴിയുകയുള്ളൂ. 

താങ്കൾ തീരെ ചെറുപ്പമാണ്, വിശാലമായ സാദ്ധ്യതകൾ നിറഞ്ഞതാണീ മേഖല. സിനിമ വാർത്തകളുടെ ആശംസകൾ. ഒപ്പം ഈ രംഗത്തു വരേണ്ടതായ മാറ്റങ്ങൾ അങ്ങിനെ എന്തെങ്കിലും നിർദേശങ്ങൾ?

നന്ദി. സിനിമയുടെ ഐഡന്റിറ്റി നഷ്ടപ്പെട്ടുപോകുന്ന തരത്തിലുള്ള ഒരുപാടു ഡിസൈൻസ് ഡിമാൻഡ് ചെയ്യപ്പെടാറുണ്ട്. പൊതുവായിട്ടുള്ള ഒരു രീതി മാറേണ്ടതാണ്. ഐകോണിക്ക് ആയിട്ടുള്ള ചില ആർട്ടുകൾ മാത്രമാണ് സിനിമയ്ക്ക് വേണ്ടത്. സിനിമയുടെ രൂപം നമ്മൾ മറന്നു പോകാതിരിക്കാൻ ആവശ്യത്തിലേറെ വ്യത്യസ്ത തരത്തിലുള്ള പോസ്റ്ററുകൾ ആവശ്യമില്ല എന്ന് എനിക്ക് തോന്നാറുണ്ട്. അതിന്റെ എണ്ണം കുറയ്ക്കേണ്ടതും, സിനിമയുടെ സെൻസിലേക്കുള്ള പോസ്റ്ററുകൾ മാത്രമായി ഒതുങ്ങണം. കൂടുതൽ കലാപരമായി പോസ്റ്റുറുകളെ കാണേണ്ടതുണ്ട്. പോസ്റ്റർ ഡിസൈനിങ്ങിനും, സിനിമ എന്ന കലാരൂപത്തിനും ചേരുന്നത് ആയിരിക്കും ഈ മാറ്റം എന്ന് ഞാൻ വിശ്വസിക്കുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE