Home Reviews ബോധ മനസ്സിൽ ചാർലി നിൽപ്പുള്ളതുകൊണ്ട് കാഴ്ചയിൽ ഉടനീളം തർക്കം നടന്നു കൊണ്ടിരിക്കും, എങ്കിലും മാരാ ഒരു...

ബോധ മനസ്സിൽ ചാർലി നിൽപ്പുള്ളതുകൊണ്ട് കാഴ്ചയിൽ ഉടനീളം തർക്കം നടന്നു കൊണ്ടിരിക്കും, എങ്കിലും മാരാ ഒരു പുതിയ സിനിമയാണ്

0

ഞാനിതെഴുതുന്നത് തമിഴ് പ്രേക്ഷകനായിട്ടാണ്. ഒരു പക്ഷേ ചാർലി കണ്ടിട്ടില്ലായിരുന്നെങ്കിൽ എങ്ങിനെയായിരിക്കും ഈ സിനിമ ആദ്യ കാഴ്ചയിൽ എനിക്ക് അനുഭവപ്പെടുക എന്നതിൽ നിന്നുമാണ് ഈ നിരൂപണം.

പാരമ്പര്യ തമിഴ് സിനിമയുടെ ചുറ്റുവട്ടങ്ങൾ ഒന്നും തന്നെയില്ലാതെ,, തികച്ചും വർണാഭവും പുതിയതുമായ കാഴ്ചകളിലൂടെയാണ് സിനിമയുടെ ആരംഭം. കൗതുകമുണർത്തുന്ന വിത്യസ്ത കാഴ്ചപ്പാടുള്ള കലാകാരനായ നായകനെ തേടുന്ന നായികയുടെ കഥാപാത്ര വികസനവും കഥാഗതിയും രസകരമായി സിനിമയെ മുന്നോട്ടു കൊണ്ടു പോകുന്നു.

ഈ യാത്രയിൽ പുതിയ കഥാപാത്രങ്ങളിലൂടെ നായകനെ അടുത്തറിയുകയും ആ അറിവുകൾ സ്നേഹത്തിലേക്ക് വഴിമാറുകയും അവന്റെ ചുമതലകൾ, കരുതലുകൾ എല്ലാം പതിയെ അവളിലേക്കും സന്നിവേശിക്കുന്നു, നായകനും നായികയിൽ നിന്നും മറ്റൊരു പ്രധാന കഥാപാത്രമായ വെള്ളയ്യയുടെയും മീനാക്ഷിയുടെയും കഥയിലേക്കാണ് പിന്നീട് കഥയുടെ ശ്രദ്ധ മുഴുവനും. കഥയിൽ സംഭവിച്ച ഈ ഒരു ചുവടുമാറ്റം വൈകാരികമായി കാണികളെ തൃപ്തിപെടുത്തുന്നു എങ്കിലും അതുവരെ പിന്തുടർന്നു വന്ന രസചരട് ചെറുതായി മുറിയുന്നുമുണ്ട്.

ബോധ മനസ്സിൽ ചാർലി നിൽപ്പുള്ളതുകൊണ്ട് കാഴ്ചയിൽ ഉടനീളം തർക്കം നടന്നു കൊണ്ടിരിക്കും ,അത് ഒരു ബാധ്യതയാണ് എങ്കിലും മാരാ ഒരു പുതിയ സിനിമയാണ് . മാരാ എന്ന കേന്ദ്ര കഥാപാത്രത്തെ കാഴ്ച്ചക്കാരുടെ മന്സ്സിൽ അടയാളപ്പെടുത്താൻ പരാജയപ്പെട്ടു എന്ന് തോന്നി. മാധവൻ എന്ന നടന്റെ മാസ്മരികത ,കുറച്ച് അധികം ക്ലോസപ്പ് ഷോട്ടുകളിലൂടെ കൊണ്ടു പോയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു . അതേ സമയം നായികാ കഥാപ്രാത്രങ്ങളെ വേണ്ടത്ര അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്, ആ കാഴ്ചപ്പാടിലൂന്നിയാണ് സിനിമ സഞ്ചരിക്കുന്നതും.

ചാർലിയുമായി തുലനം ചെയ്താൽ, നഷ്ടപ്പെടുന്നത് ചടുലതയും നിഗൂഢതയും ആണെങ്കിൽ, നേട്ടം കഥാപാത്രങ്ങളുടെ ഉദ്ദേശം വ്യക്തമായി അടയാളപ്പെടുത്തുന്ന, സ്പർശിക്കാൻ കഴിയുന്ന കഥാന്ത്യവുമാണ്. ശ്രദ്ധ, ശിവദ, വെള്ളയ്യയെ അവതരിപ്പിച്ച T.S.B.K.Moulee യും, മറ്റു ചെറിയ കഥാപാത്രങ്ങളും നല്ല പ്രകടനം കാഴ്ചവച്ചു.

കലാസംവിധാനവും (അജയൻ ചാലിശ്ശേരി-വലിയ കയ്യടി) നിറങ്ങളും വെളിച്ചവും മാസ്മരികമായ ചായാഗ്രഹണവും, സംഗീതവും ചിത്രത്തിന്റെ നട്ടെല്ലാണ്. കഥാഗതിയിലെ ഉദ്വേഗം / പിരിമുറുക്കം എന്നത് പലയിടത്തും നഷ്ടപെടുന്നു എന്നുള്ളതാണ് പോരായ്മയായി അനുഭവപ്പെട്ടതെങ്കിലും ആദ്യ ചിത്രം നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ സംവിധായൻ വിജയിച്ചു. മൊത്തത്തിൽ നല്ല അനുഭവം തന്നെ. മാരാ ചാർളിയല്ല
-prathool.nt

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE