Home Reviews ഒരു ടോം ആൻറ് ജെറി കളി പോലെയോ ഒരു വീഡിയോ ഗെയിം പോലെയോ AK vs...

ഒരു ടോം ആൻറ് ജെറി കളി പോലെയോ ഒരു വീഡിയോ ഗെയിം പോലെയോ AK vs AK.

0

ലോകം കൊറോണയിൽ അടച്ചിടപ്പെട്ട 2020 നൊടുവിൽ ബോളിവുഡിൽ നിന്നും ഈ ഡിസംബറിൽ പ്രേക്ഷകരെത്തേടിയെത്തിയ പോസ്റ്റ് മോഡേൺ ചിത്രമാണ് AK vs AK.

The Kapoorട – പേരു മാത്രം മതി എവിടേയും എൻട്രി ലഭിക്കാൻ. ബോളിവുഡിൽ അത്രയും പ്രാധാന്യമുള്ള കുടുംബം. നമുക്കെല്ലാം അറിയാവുന്നതു പോലെ ആ കുടുംബത്തിൽ നിന്നുള്ള സീനിയർ നടനാണ് അനിൽ കപൂർ. Realistic സബ്ജക്ടുകൾ, എന്റർടെയ്ൻമെൻറ് സമം ചേർത്തു ചെയ്യുന്ന സിനിമകളുടെ നിർമ്മാതാവും സംവിധായകനുമാണ് അനുരാഗ് കശ്യപ്. രണ്ടു പേർക്കും പുറമെ ഇവരുടെ കുടുംബാംഗങ്ങളും സിനിമയിൽ വന്നു പോകുന്നു. രണ്ട് AK കളും മറ്റു കഥാപാത്രങ്ങളും സ്വന്തം പേരിൽത്തന്നെയാണ് സിനിമയിലെത്തുന്നത്. 

ഒരു ടെലിവിഷൻ ഷോ-ക്ക് തൊട്ടു മുമ്പ് ചാനലിന്റെ ഗ്രീൻ റുമിൽ വച്ചു നടക്കുന്ന നിസ്സാരമെന്ന് (നമുക്കു) തോന്നാവുന്ന ഒരു ഈഗോ ക്ലാഷിൽ നിന്നാണ് സംഭവങ്ങൾ തുടങ്ങുന്നത്. ഷോ ബിസിനസ്സിൽ നിന്ന് പിന്നോക്കം പോകുമോ എന്ന ഭയം പരസ്പര വൈരത്തിലേക്കും പ്രതികാര ബുദ്ധിയിലേക്കും AK & AKയെ എത്തിക്കുന്നു. അനിലിന്റെ മകളായ സോനം കപൂറിനെ അനുരാഗ് തട്ടിക്കൊണ്ടു പോവുകയും അവരെ കണ്ടെത്താൻ അനിലിന് 10 മണിക്കൂർ സമയം കൊടുക്കുകയും ചെയ്യുന്നു. ഈ 10 മണിക്കൂർ അനിൽ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്ന് ചിത്രീകരിക്കുകയും അത് തന്റെ പുതിയ ചിത്രമായി ഇറക്കുകയും ചെയ്യാനാണ് അനുരാഗിന്റെ പ്ലാൻ. അതിനു വേണ്ടി തന്റെ അസിസ്റ്റന്റിനെ കാമറയുമായി സദാ കൂടെ കൊണ്ടു പോകുകയും അവർ ഓരോ രംഗവും (സീൻ കട്ട് ഇല്ലാതെ എന്നു പറയാനാവില്ല, എങ്കിലും കുറവാണ്.) തന്മയത്വത്തോടെ ചിത്രീകരിക്കുകയും ചെയ്യുന്നു. 10 hours For Sunrise , 4 Hours for sunrise… എന്നിങ്ങനെ സമയത്തെപ്പറ്റി ഉടനീളം ചിത്രം ഓർമ്മിപ്പിക്കുന്നു. ‘അങ്ങനെ പോയി, ക്ലൈമാക്സ് അടുത്തുവെന്നു തോന്നുന്ന ഘട്ടത്തിൽ, തന്റെ സ്ക്രിപ്റ്റിന്റെ ക്ലൈമാക്സ് ഇതല്ല എന്ന Junior AK യുടെ വേവലാതി നമ്മളേയും ആശയക്കുഴപ്പത്തിലാക്കുന്നു. ഒരു ടോം ആൻറ് ജെറി കളി പോലെയോ ഒരു വീഡിയോ ഗെയിം പോലെയോ AKs കളിക്കുകയാണ്. തികച്ചും വ്യത്യസ്തമായ ചുറ്റുപാടുകളിൽ നിന്ന് സിനിമയിലെത്തി വ്യക്തിമുദ്ര പതിച്ചിച്ച, തികച്ചും വ്യത്യസ്തമായ സിനിമാ വീക്ഷണങ്ങളുള്ള രണ്ടു പേരുടെ ആവേശജനകമായ കളിയാണത്. സമാന്തരമായ രണ്ടു കഥകൾ സിനിമ പറയുന്നുണ്ട്- രണ്ടു പ്രശസ്തർ തമ്മിലുള്ള ഈ ഗോ ക്ലാഷിന്റെ കഥയാണ് ഒന്ന് എങ്കിൽ ‘Being പ്രിവിലജ്ഡ്’ എന്നാൽ എന്താണ് എന്നാണ് രണ്ടാമത്തേത്. നമ്മൾ privileged കപൂറിന്റെ വീട് കാണുന്നു, തുടർന്ന് കശ്യപിന്റെ ഫ്ലാറ്റും. വിശദീകരണങ്ങളൊന്നും ആവശ്യമില്ലാത്തത്ര ഭദ്രമായ ഷോട്ടുകൾ. Handheld camera കൊണ്ട് ഷൂട്ട് ചെയ്യുമ്പോൾ ഉള്ള ഷേക്കുകളെല്ലാം സിനിമാറ്റോഗ്രഫിക്ക് മാറ്റേകുന്നതാണ്.

മെത്തേഡ് ആക്ടിങ്ങാണ് സിനിമയിൽ സ്വീകരിച്ചിരിക്കുന്നത്. അത് ബോളിവുഡിന് അത്ര പരിചിതമായ രീതിയല്ല. കഥയാണ് താരം എന്ന് നമ്മൾ, സിനിമാരംഗത്തുള്ളവരിൽ നിന്ന് സ്ഥിരമായി കേൾക്കുന്നതാണ്. ഇവിടെ താരമാകുന്നത് AKs ആണോ കഥയാണോ അതോ രണ്ടിന്റേയും ചടുലമായ ഒത്തുചേരലാണോ എന്നാണ് സംശയം. കഴിഞ്ഞ 40 വർഷങ്ങളായി സിനിമയുടെ വെള്ളിവെളിച്ചത്തിലുള്ള നടനാണ് അനിൽ കപൂർ. ധാരാളം ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ അഭിനയ മികവ് നമ്മൾ കണ്ടിട്ടുള്ളതാണ്. പ്രത്യേകതയുള്ള നൃത്ത, ശരീര ചലനങ്ങളും ഡയലോഗുകളും, വസ്ത്രധാരണവും ഒക്കെ നമ്മൾ ശ്രദ്ധിച്ചിട്ടുമുണ്ട്. പിങ്ക് നിറത്തിലുള്ള ഒരു ജോടി ഷൂ ഈ സിനിമയിലും പഴയ കഥാപാത്രങ്ങളുടെ ഓർമ്മ പുതുക്കാനെന്ന പോലെ അദ്ദേഹം ധരിക്കുന്നുണ്ട്. പക്ഷേ, അഭിനയത്തിന്റെ കാര്യത്തിൽ. വലിയ ഒരു നിഗൂഢത ഉള്ളിൽ ഒളിപ്പിച്ചു വച്ച് മകളെ അന്വേഷിച്ചു നടക്കുന്ന ഒരു അച്ഛന്റെ മന:സംഘർഷങ്ങളിലേക്കുള്ള പകർന്നാട്ടം നടത്തുന്ന കാര്യത്തിൽ, അനിൽ കപൂറിന്റെ പ്രകടനം ഗംഭീരമെന്നു തന്നെ വേണം പറയാൻ. ‘താങ്കളിപ്പോൾ അനിൽ അങ്കിൾ ആയിക്കഴിഞ്ഞു, ഇനി നായക കഥാപാത്രങ്ങളൊന്നും താങ്കൾ പ്രതീക്ഷിച്ചിട്ട് കാര്യമില്ല’ എന്ന് ജൂനിയർ AK പറയുന്നത്, വളരെ ശക്തമായി സീനിയർ AK യുടെ മനസ്സിൽ ചെന്നു തറച്ചോ എന്ന് തോന്നും വിധം ഓരോ രംഗവും അദ്ദേഹം പൂർണ്ണമാക്കിയിട്ടുണ്ട്. ഇതു വരെ നമ്മൾ കണ്ട, വൺ, ടു കാ ഫോർ പാടിയാടുന്ന അനിൽ കപൂറേ അല്ല ഇത്. പ്രായമൊക്കെ വെറും നമ്പർ മാത്രമാണ്, പ്രതിഭയാണ് എല്ലാം.

എന്നും പ്രേക്ഷകർക്ക് പുതുമകൾ സമ്മാനിച്ചിട്ടുള്ള തിരക്കഥാകൃത്തും സംവിധായകനുമാണ് Vikramaditya motwane. മോട്വാനിയുടെ Dev D, Lutera,Trapped എന്നിങ്ങനെയുള്ള ചിത്രങ്ങൾക്കൊപ്പം AK Vs AK യും പുതുമ നിറഞ്ഞ മനോഹരമായ ഒരനുഭവമാണ്. സ്ഥിരം ഫോർമുലകളിൽ നിന്ന് വ്യത്യസ്തമായതു കൊണ്ടു തന്നെ സാഹസികമായ ഒരു പരീക്ഷണം എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. AK ദ്വയത്തിന്റെ മത്സരിച്ചുള്ള അഭിനയം കൊണ്ട് യാഥാർത്ഥ്യമേത്, സിനിമയേത് എന്ന വിഭ്രമത്തിൽ പലപ്പോഴും പ്രേക്ഷകനെത്തുന്നുണ്ട്. സ്ക്രീനിൽ മാത്രം കാണുന്ന ‘താര’ങ്ങളുടെ യഥാർത്ഥ ജീവിതത്തിലേക്ക് പ്രവേശനം കിട്ടിയതായി പലപ്പോഴും പ്രേക്ഷകന് തോന്നുന്നു. അതികഠിനമായ മാനസിക സംഘർഷത്തോടെയുള്ള സീനിയർ AK യുടെ നെട്ടോട്ടത്തിനെ പിന്തുടരുന്ന കാമറ വുമണായി Yogita Bihani എത്തുമ്പോൾ ഓരോ സീനും മാന്ത്രികമായ അനുഭവമാകുന്നു. യഥാർത്ഥ ജീവിതത്തിൽ ഒരു അഭിനേതാവ് എത്രയൊക്കെ മാനസിക സംഘർഷത്തിലാണെന്നാലും പ്രേക്ഷകർക്ക് അതൊരു വിഷയമല്ലെന്ന് സിനിമ പറയുന്നു. തട്ടിക്കൊണ്ടു പോകപ്പെട്ട മകളെ അന്വേഷിച്ച് സഹായം തേടുമ്പോഴൊക്കെയും ആൾക്കൂട്ടങ്ങൾക്ക് അയാൾ ഒരു ‘താരം’ മാത്രമാണ്. മണ്ണിലിറങ്ങിയ ‘താര’ത്തോടൊപ്പം അവർ സെൽഫിയെടുക്കുന്നു, അയാളുടെ മുൻ ചിത്രങ്ങളിലെ ഗാനങ്ങളോടൊപ്പം ചുവടു വക്കാനാവശ്യപ്പെടുന്നു. 

സോനത്തെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ച സ്ഥലം കണ്ടെത്തുന്ന രംഗം ഒന്നുകൂടി ഭംഗിയാക്കാമായിരുന്നു. വളരെ ത്രില്ലിങായി കണ്ടു കൊണ്ടിരുന്ന ചിത്രം അവിടെ ആ നിർണ്ണായക സീനിൽ എത്തിയപ്പോൾ ഒന്നു തണുത്തു പോയതായി തോന്നി. എങ്കിൽത്തന്നെയും പുതുമയേറിയ ചിത്രീകരണവും സ്വാഭാവികമായ ഡയലോഗുകളും മികച്ച പശ്ചാത്തല സംഗീതവും ശ്രദ്ധേയമാണ്. Privileged/Non privileged ജീവിതങ്ങൾ തമ്മിലുള്ള അന്തരം ഒരു യാത്രയലെന്ന പോലെ കാണുന്ന ഈ ചിത്രം ഒരു മികച്ച അനുഭവം തന്നെ ആയിരിക്കുമെന്നുറപ്പാണ്.

യമുന

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE