Home News ഛായാ​ഗ്രാഹകനും സംവിധായകനുമായ കെവി ആനന്ദ് അന്തരിച്ചു

ഛായാ​ഗ്രാഹകനും സംവിധായകനുമായ കെവി ആനന്ദ് അന്തരിച്ചു

0

സംവിധായകനും ക്യാമറാമാനുമായ കെവി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 53 വയസ്സായിരുന്നു. തേന്മാവിന്‍ കൊമ്പത്ത്, ചന്ദ്രലേഖ, മിന്നാരം തുടങ്ങിയ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചത് കെവി ആനന്ദായിരുന്നു. സൂര്യയെ നായകനാക്കി അയന്‍, കാപ്പാന്‍, മാട്രാന്‍ ഈ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് അദ്ദേഹം. പിസി ശ്രീറാമിന്റെ സഹായിയായി ഛായാഗ്രാഹകനായാണ് ആനന്ദിന്റെ സിനിമാജീവിതം തുടങ്ങിയത്. പ്രിയദര്‍ശന്റെ തേന്‍മാവിന്‍ കൊമ്പത്തിലൂടെയായിരുന്നു സ്വതന്ത്ര്യ ഛായാഗ്രാഹകനായി അരങ്ങേറിയത്.

അരങ്ങേറ്റ ചിത്രമായ തേന്‍മാവിന്‍ കൊമ്പത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരവും കെവി ആനന്ദ് സ്വന്തമാക്കിയിരുന്നു. പ്രിയദര്‍ശനൊപ്പം മിന്നാരത്തിലും ചന്ദ്രലേഖയിലും പ്രവര്‍ത്തിച്ചിരുന്നു. തമിഴിലെ ആദ്യ ചിത്രം കാതല്‍ദേശമായിരുന്നു. ഈ ചിത്രം വന്‍വിജയമായി മാറിയതോടെ കെവി ആനന്ദിനെ ശങ്കറും കൂടെക്കൂട്ടുകയായിരുന്നു. ബോയ്‌സ്, മുതല്‍വന്‍, ശിവാജി തുടങ്ങിയ ചിത്രങ്ങളിലെല്ലാം കെവി ആനന്ദിന്റെ സാന്നിധ്യമുണ്ടായിരുന്നു. തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 14 സിനിമകളിലാണ് അദ്ദേഹം ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചത്.

കനാ കണ്ടേനിലൂടെയായിരുന്നു അദ്ദേഹം സംവിധായകനായത്. ഗോപികയും ശ്രീകാന്തുമായിരുന്നു ഈ ചിത്രത്തിലെ നായികനായകന്‍മാര്‍. സൂര്യയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായ അയനായിരുന്നു കെവി ആനന്ദ് രണ്ടാമതായി സംവിധാനം ചെയ്തത്. തമന്നയായിരുന്നു ചിത്രത്തിലെ നായിക. വന്‍വിജമായിരുന്നു ഈ ചിത്രം. ജീവയെ നായകനാക്കിയായിരുന്നു മൂന്നാമത്തെ ചിത്രം. കോയും വലിയ ഹിറ്റായി മാറിയിരുന്നു. മാട്രാന്‍, അനേകന്‍, കാപ്പാന്‍ ഈ സിനിമകളൊരുക്കിയതും അദ്ദേഹമാണ്. മോഹന്‍ലാല്‍-സൂര്യ കൂട്ടുകെട്ടിനൊപ്പമായെത്തിയ കാപ്പാനാണ് കെവി ആനന്ദിന്റെ അവസാന ചിത്രം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE