Home News ഐ.എഫ്.എഫ്.കെ ആദ്യമായി കൊച്ചിയിൽ

ഐ.എഫ്.എഫ്.കെ ആദ്യമായി കൊച്ചിയിൽ

0

ചലച്ചിത്ര അക്കാദമി സംസ്ഥാനത്തെ നാലു മേഖലകളായി സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത് ഐ.എഫ്.എഫ്.കെ തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പാലക്കാടുമാണ് നടത്തുന്നത്. സാധാരണയായി തിരുവനന്തപുരത്ത് മാത്രം നടക്കാറുള്ള ചലച്ചിത്രമേള കോവിഡ് പശ്ചാത്തലത്തിൽ ആദ്യമായാണ് നാലു മേഖലകളിലായി നടത്തുന്നത്.

ജോജു ജോർജ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, സ്വാസിക വിജയ് എന്നിവർ കൊച്ചിയിലെ മേള കാണാനെത്തും. സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഫെബ്രുവരി 17 മുതൽ 21 വരെയാണ് കൊച്ചിയിൽ ചലച്ചിത്ര മേള നടക്കുക. കൊച്ചിയിൽ 2500 പാസ് ആണ് വിതരണം ചെയ്യുക. മേള നടക്കുന്ന എല്ലാ മേഖലകളിലും ഡെലിഗേറ്റ് പാസ് വാങ്ങുന്നതിനുമുമ്പ് കോവിഡ് ടെസ്റ്റ് നടത്താനുള്ള സജ്ജീകരണം ആരോഗ്യ വകുപ്പുമായി ചേർന്ന് ചലച്ചിത്ര അക്കാദമി ഒരുക്കും.

48 മണിക്കൂർ മുമ്പ് ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നാവർക്ക് പാസ് നൽകും. തീയറ്ററുകളിലേക്ക് ഉള്ള പ്രവേശനം പൂർണമായും റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് ഒന്നുമുതൽ അഞ്ചുവരെയുമാണ് മേള.മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കും.

എല്ലായിടങ്ങളിലും ഒരേ സിനിമകൾ തന്നെയാണ് പ്രദർശിപ്പിക്കുക. വിവിധ വിഭാഗങ്ങളിലായി 80 ചിത്രങ്ങൾ പ്രദർശിപ്പിക്കും. തിയേറ്ററുകളിൽ മൊത്തം സീറ്റുകളുടെ പകുതി എണ്ണത്തിൽ മാത്രമേ പ്രവേശനം അനുവദിക്കൂ. കൊച്ചിയിൽ സരിത സവിത, സംഗീത, ശ്രീധർ, കവിത, പദ്മ സ്‌ക്രീൻ-1 എന്നീ തിയേറ്ററുകളിലുമാണ് മേള നടക്കുന്നത്.

ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാർഥികൾക്ക് 400 രൂപയുമായി കുറച്ചിട്ടുണ്ട്. തങ്ങളുടെ സ്വദേശം ഉൾപ്പെടുന്ന മേഖലയിൽ സംഘടിപ്പിക്കുന്ന മേളയിൽത്തന്നെ പ്രതിനിധികൾ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്തണം. തിരുവനന്തപുരം (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട), കൊച്ചി (ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ), പാലക്കാട് (പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂർ), തലശ്ശേരി (കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട്) എന്നിങ്ങനെ ആയിരിക്കും മേഖലകൾ.

ആലപ്പുഴ ജില്ലയിലുള്ളവർക്ക് തിരുവനന്തപുരത്തും കൊച്ചിയിലും തൃശ്ശൂർ ജില്ലയിൽ ഉള്ളവർക്ക് കൊച്ചിയിലും പാലക്കാട്ടും വയനാട് ജില്ലയിൽ ഉള്ളവർക്ക് പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലും രജിസ്റ്റർ ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കും. registration.iffk.in എന്ന വെബ്‌സൈറ്റിൽ മുൻവർഷങ്ങളിൽ രജിസ്റ്റർചെയ്ത പ്രതിനിധികൾക്ക് അവരുടെ ലോഗിൻ ഐ.ഡി. ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE