Home Cinema Pedia മറക്കാനാവാത്ത ഒരുപിടി കഥാപാത്രങ്ങൾ; ഓർമ്മകളിൽ കൊച്ചിൻ ഹനീഫ

മറക്കാനാവാത്ത ഒരുപിടി കഥാപാത്രങ്ങൾ; ഓർമ്മകളിൽ കൊച്ചിൻ ഹനീഫ

0

കിരീടത്തിലെ ഹൈദ്രോസും മാന്നാർ മത്തായിലെ എൽദോയും ഹിറ്റ്ലറിലെ ജബ്ബാറും പഞ്ചാബി ഹൗസിലെ ഗംഗാധരൻ മുതലാളിയുമൊക്കെ കൊച്ചിൻ ഹനീഫ അനശ്വരമാക്കിയ ചില കഥാപാത്രങ്ങളാണ്. തെന്നിന്ത്യൻ സിനിമാലോകത്ത് തിരക്കഥാകൃത്തായും സംവിധായകനായും നടനായും നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു കൊച്ചിൻ ഹനീഫ. അദ്ദേഹം വിട പറഞ്ഞിട്ട് 11 വർഷം പിന്നിടുകയാണ്.

ചെറുപ്പം മുതൽ നാടകങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു ഹനീഫ. നാടകങ്ങളിലൂടെ പിന്നീട് മിമിക്രി ലോകത്തെത്തി. കൊച്ചിൻ കലാഭവനിലൂടെ അറിയപ്പെട്ടുതുടങ്ങി. 1972 ൽ അഴിമുഖം എന്ന സിനിമയിലൂടെ സിനിമാലോകത്ത് എത്തി. വില്ലൻ കഥാപാത്രങ്ങളിലൂടെ ആയിരുന്നു സിനിമയിൽ തുടക്കം.

പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമായി അദ്ദേഹം. കൊച്ചിൻ കലാഭവനിലൂടെ സിനിമയിലേക്കെത്തിയ അദ്ദേഹം കൊച്ചിൻ ഹനീഫ എന്ന് അറിയപ്പെട്ടു തുടങ്ങി.

നിരവധി ശ്രദ്ധേയമായ സിനിമകൾ എഴുതുകയും സംവിധാനം ചെയ്തിട്ടുള്ളയാളാണ് കൊച്ചിൻ ഹനീഫ. ഇതിഹാസം, ആരംഭം, സന്ദർഭം, പിരിയില്ല നാം, ലാൽ അമേരിക്കയിൽ, കടത്തനാടൻ അമ്പാടി തുടങ്ങിയ സിനിമകൾക്ക് തിരക്കഥ ഒരുക്കിയ അദ്ദേഹം മൂന്ന് മാസങ്ങൾക്കു മുമ്പ്, ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക്, ആൺകിളിയുടെ താരാട്ട്, വാൽസല്യം, ഭീഷ്മാചാര്യ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്.

മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറിലേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മാന്നാർ മത്തായി സ്പീക്കിംഗ്, പഞ്ചാബി ഹൗസ്, മഴത്തുള്ളികിലുക്കം, ചക്കരമുത്ത്, അരയന്നങ്ങളുടെവീട്, സൂത്രധാരൻ, കസ്തൂരിമാൻ തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകഹൃദയം കവർന്നിട്ടുണ്ട് അദ്ദേഹം. കമലഹാസനൊപ്പമുള്ള മഹാനദിയിലെ പ്രകടനം ഏറെ ചർച്ചയായിരുന്നു.

മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പം തമിഴിൽ രജനീകാന്ത്, വിജയ്, വിക്രം, അജിത് എന്നിവരോടൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഫാസിലയാണ് അദ്ദേഹത്തിന്റെ ഭാര്യ. സഫ, മാർവ എന്നീ പേരുകളിൽ ഇരട്ട പെൺകുട്ടികളുമുണ്ട്. ഇരുവരും കീർത്തി സുരേഷ് നായികയായെത്തിയ ഗീതാഞ്ജലിയിൽ അഭിനയിച്ചിരുന്നു.

2010 ഫെബ്രുവരി രണ്ടിന് ആയിരുന്നു അദ്ദേഹത്തിന്റെ മരണം. മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങൾ ഉൾപ്പെടെ കൊച്ചിൻ ഹനീഫയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് അദ്ദേഹത്തെ അനുസ്മരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE