Home News ഫെബ്രുവരി ഒന്നു മുതൽ സിനിമ തീയേറ്ററുകളിൽ 100% കാണികളെ അനുവദിക്കും

ഫെബ്രുവരി ഒന്നു മുതൽ സിനിമ തീയേറ്ററുകളിൽ 100% കാണികളെ അനുവദിക്കും

0

ഫെബ്രുവരി ഒന്നു മുതൽ സിനിമ തിയറ്ററുകളിൽ 100% കാണികളെ പ്രവേശിപ്പിക്കുവാൻ കേന്ദ്ര സർക്കാർ അനുമതി. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിലാണ് സിനിമ മൾട്ടിപ്ലക്സുകളുടെ ഓഡിറ്റോറിയത്തിന് ഉള്ളിൽ 100% കാണികളെ അനുവദിക്കുവാനുള്ള അനുമതി നൽകിയത്. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അവിടുത്തെ സ്ഥിതി പരിഗണിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ആകാം എന്ന മുഖവുരയോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം വാർത്താവിതരണ മന്ത്രാലയം മാർഗനിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

കൊറോണ വൈറസിനെതിരെ പോരാടുന്നതിന് സർക്കാർ നിയന്ത്രണങ്ങളും രാജ്യവ്യാപകമായി ലോക്ക് ഡൗണും ഏർപ്പെടുത്തിയപ്പോൾ മാർച്ച് പകുതിയോടെ പതിനായിരത്തോളം തിയറ്ററുകൾ അടച്ചിരുന്നു. ഒരു അടഞ്ഞ സ്ഥലത്ത് വൈറസ് എളുപ്പത്തിൽ പകരാൻ കഴിയുന്ന സാഹചര്യമാണ് സിനിമ തീയേറ്ററുകളിൽ ഉള്ളത്. ഇതുമൂലമാണ് തിയറ്ററുകൾ തുറക്കുവാൻ വൈകിയത്. അൺലോക്ക് 5.0 യുടെ ഭാഗമായി ഒക്ടോബർ 15 മുതലാണ് രാജ്യത്തെ സിനിമ തീയറ്ററുകൾ തുറക്കാൻ കേന്ദ്രസർക്കാർ നേരത്തെ അനുമതി നൽകിയിരുന്നത്. ഈമാസം ആദ്യം പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ തിയേറ്ററുകളിൽ 50% കാണികളെ പ്രവേശിപ്പിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു.

പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടവ

  1. കണ്ടെയ്ന്‍‍മെന്‍റ് സോണുകളില്‍ സിനിമാപ്രദര്‍ശനം പാടില്ല.
  2. തിയറ്റര്‍ ഹാളിനു പുറത്ത് കാണികള്‍ ശാരീരിക അകലം പാലിക്കണം (6 അടി).
  3. മാസ്ക് നിര്‍ബന്ധം
  4. തിയറ്റര്‍ പരിസരത്തും ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളിലും സാനിറ്റൈസര്‍ ലഭ്യമാക്കണം.
  5. കാണികളെയും തിയറ്റര്‍ ജീവനക്കാരെയും തെര്‍മല്‍ സ്ക്രീനിംഗിന് വിധേയരാക്കി, കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ തിയറ്റര്‍ പരിസരത്തേക്ക് പ്രവേശിപ്പിക്കാവൂ.
  6. തിയറ്റര്‍ ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വഴികളില്‍ കാണികള്‍ക്ക് ക്യൂ നില്‍ക്കാനുള്ള സ്ഥലങ്ങള്‍ ശാരീരിക അകലം പാലിക്കാവുന്ന തരത്തില്‍ രേഖപ്പെടുത്തിയിരിക്കണം.
  7. പ്രദര്‍ശനം കഴിഞ്ഞാല്‍, തിരക്കൊഴിവാക്കാനായി ഓരോ വരിയിലുള്ള കാണികളെ വീതം പുറത്തേക്ക് പോകാന്‍ അനുവദിക്കണം
  8. തിയറ്ററുകളിലെ 100 ശതമാനം സീറ്റുകളിലേക്കും പ്രവേശനം അനുവദിക്കാവുന്നതാണ്.
  9. എലിവേറ്ററുകളിലും ശാരീരിക അകലം പാലിക്കാന്‍ ഉതകുന്ന തരത്തിലേ പ്രവേശനം പാടുള്ളൂ.
  10. പ്രദര്‍ശനത്തിനിടയിലുള്ള ഇടവേളയില്‍ ഹാളിനു പുറത്ത് ആള്‍ക്കൂട്ടം ഉണ്ടാവാതെ സൂക്ഷിക്കണം. ഇതിനായി ഇടവേളയുടെ സമയം ദീര്‍ഘിപ്പിക്കാവുന്നതാണ്.
  11. ശീതീകരണ സംവിധാനം ഉപയോഗിക്കുമ്പോള്‍ താപനില 24-30 ഡിഗ്രിയില്‍ നിലനിര്‍ത്തണം.
  12. തിരക്കുണ്ടാവാത്ത തരത്തില്‍ മള്‍ട്ടിപ്ലെക്സുകളിക്രമീകരിക്കണം.
  13. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കാണിയുടെ കോണ്ടാക്ട് നമ്പര്‍ ലഭ്യമാക്കണം.
  14. തിയറ്ററുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ ദിവസം മുഴുവന്‍ തുറന്നുപ്രവര്‍ത്തിക്കണം, അഡ്വാന്‍സ് ബുക്കിംഗിനുള്ള സൗകര്യവും ലഭ്യമാക്കണം (തിരക്ക് ഒഴിവാക്കുന്നതിന്).
  15. ടിക്കറ്റ് വില്‍ക്കുന്നിടത്ത് കാണികള്‍ക്ക് ശാരീരിക അകലം പാലിക്കാവുന്ന തരത്തില്‍ ആവശ്യത്തിന് കൗണ്ടറുകള്‍ ഉണ്ടായിരിക്കണം.
  16. ഓരോ പ്രദര്‍ശനത്തിനു ശേഷവും സിനിമാഹാള്‍ അണുവിമുക്തമാക്കണം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE