Home News സർക്കാരിന്റെ സാമൂഹിക സന്നദ്ധ സേന അംബാസിഡറായി ടൊവിനോ

സർക്കാരിന്റെ സാമൂഹിക സന്നദ്ധ സേന അംബാസിഡറായി ടൊവിനോ

0

സംസ്ഥാനത്ത് സാമൂഹിക സന്നദ്ധ സേന അംബാസിഡറായി ടൊവിനോ തോമസ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ദുരന്തമുഖങ്ങളിൽ ജനങ്ങൾക്ക് സഹായമെത്തിക്കുക, ആവശ്യമായ ശാസ്ത്രീയ പരിശീലനം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച സാമൂഹിക സേനയിൽ 3.6 ലക്ഷം അംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സാമൂഹിക സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡർ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 9 ന് വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭരണ വകുപ്പ് സെക്രട്ടറി കെ. ആർ ജ്യോതിലാൽ,യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, സാമൂഹിക സന്നദ്ധ സേന ഡയറക്ടർ അമിത് മീണ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

സന്നദ്ധ സേന യുടെ ബ്രാൻഡ് അംബാസിഡർ ആകുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തതിൽ ടൊവിനോയോട് നന്ദി പറഞ്ഞ മുഖ്യമന്ത്രി, കഴിഞ്ഞ പ്രളയത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേർന്നു സമൂഹത്തിനു മാതൃകയായ വ്യക്തികളിലൊരാളാണ് ടൊവിനോയെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ഈ ഉത്തരവാദിത്വം ഏൽപ്പിച്ചതിൽ ടൊവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ നന്ദി രേഖപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും തീർത്ത വെല്ലുവിളികൾ ലോകത്തിനു തന്നെ മാതൃകയാകുന്ന വിധത്തിൽ മറികടന്ന ഒരു ജനതയാണ് നമ്മൾ. ഒത്തൊരുമയോടെയും ദൃഢനിശ്ചയത്തോടെയും തങ്ങളുടെ സഹജീവികളുടെ നന്മയ്ക്കും സുരക്ഷയ്ക്കുമായി പ്രവർത്തിക്കാൻ സന്നദ്ധമായി മുന്നോട്ടു വന്ന മനുഷ്യരാണ് ഈ ഘട്ടങ്ങളിലെല്ലാം നമ്മുടെ കാവലായി മാറിയത്. ഈ കോവിഡ് കാലത്തും ആയിരക്കണക്കിനാളുകൾ ഈ നാടിനു വേണ്ടി അണിചേരുകയും സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുകയും ചെയ്തു. അവരെ കൂട്ടിച്ചേർക്കുവാനും, കൂടുതൽ ആളുകൾക്ക് സേവനസന്നദ്ധരായി മുന്നോട്ടു വരാനും പ്രവർത്തിക്കാനുമുള്ള ഒരു സംവിധാനം ഒരുക്കുവാനുമായാണ് സംസ്ഥാന സർക്കാർ സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചത്. ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാൻ ഇത്തരമൊരു സന്നദ്ധ സേന നമുക്ക് വലിയ മുതൽക്കൂട്ടായി മാറും.

സാമൂഹിക സന്നദ്ധ സേനയിലേയ്ക്ക് ഇനിയും ഒരുപാട് യുവാക്കാൾ കടന്നു വരണമെന്നാണ് ആഗ്രഹിക്കുന്നത്. സാമൂഹ്യസേവനത്തിൻ്റെ ഈ മഹത് സന്ദേശം അവരിലേയ്ക്ക് പകരാനും, സന്നദ്ധ സേനയുടെ ഭാഗമാകാൻ അവരെ പ്രചോദിപ്പിക്കാനുമായി മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര നടന്മാരിലൊരാളായ ടൊവിനോ തോമസ് മുന്നോട്ടു വന്നിരിക്കുകയാണ്. സന്നദ്ധ സേനയുടെ ബ്രാൻ്റ് അംബാസഡർ ആകുവാനുള്ള ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തതിൽ നന്ദി പറയുന്നു. കഴിഞ്ഞ പ്രളയ കാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായി പങ്കു ചേർന്ന് സമൂഹത്തിനു മാതൃകയായി മാറിയ വ്യക്തികളിലൊരാളാണ് ടൊവിനോ തോമസ്. അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം കൂടുതൽ ആളുകളിലേയ്ക്ക് സന്നദ്ധ സേനയുടെ സന്ദേശമെത്തികാൻ സഹായകരമാകും. സാമൂഹിക സന്നദ്ധ സേനയ്ക്കും ടൊവിനോ തോമസിനും ഹൃദയപൂർവം ഭാവുകങ്ങൾ നേരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE