മലയാളിയുടെ ഒരു ദിവസം ഭക്ഷണപാനീയങ്ങളില്ലാതെയും കടന്നുപോയേക്കാം. എന്നാൽ, യേശുദാസിന്റെ ആലാപനശ്രുതിയില്ലാത്ത ഒരു ദിവസമുണ്ടെങ്കിൽ, അന്ന് സൂര്യൻ ഉദിച്ചിട്ടുണ്ടാവില്ല. അത്രയ്ക്ക് അടുപ്പത്തിൽ ആരുടേയും വീട്ടിലെ ഒരംഗത്തെപ്പോലെയാണ് കോടി മനുഷ്യർക്ക് ആ സുഖദസ്വരാമൃതം. വിവിധ ഭാഷകളിൽ ഇഷ്ടമേറെയുള്ള അനേകം ഗായകരും സംഗീതകാരന്മാരും നമുക്കുണ്ടെങ്കിൽപ്പോലും, യേശുദാസിന്റെ ശബ്ദവീചികൾ സൃഷ്ടിക്കുന്ന അനിർവ്വചനീയമായ ഇന്ദ്രജാലം മലയാള സംഗീത-സിനിമ ആസ്വാദകരെ ചൂറ്റിപ്പറ്റി ആറ് പതിറ്റാണ്ടുകളായി നിലനിൽക്കുന്നുണ്ട്. 

കേരളത്തിലെ സാമൂഹ്യ നവോത്ഥാനത്തിന്റെയും സംഗീത നവോത്ഥാനത്തിന്റെയും രണ്ട് അനുഭവങ്ങൾക്ക് ശ്രീനാരായണഗുരുവിന്റെ ഏറ്റവും പ്രകമ്പനം സൃഷ്ടിച്ച വിപ്ലവസന്ദേശം കാരണമായിട്ടുണ്ട്. ‘അരുവിപ്പുറം പ്രതിഷ്ഠ’ നിർവ്വഹിച്ച ശേഷം ഗുരു കുറിച്ചിട്ട “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” എന്ന പ്രഖ്യാപനം തന്നെയാണ് സിനിമാപ്പാട്ടിലേക്കുള്ള യേശുദാസിന്റെ ആദ്യ ചുവടുവെപ്പായി മാറിയത്. രണ്ടും, ഫലത്തിൽ വിപ്ലവം തന്നെയായിരുന്നു.

ആദ്യത്തേത് കേരളത്തെ ഇളക്കിമറിച്ച  സാമൂഹ്യവിപ്ലവമെങ്കിൽ, രണ്ടാമത്തേത് പരമ്പരാഗതമായിരുന്ന ചട്ടപ്പടി ആലാപനരീതികളെയും ശബ്ദലക്ഷണങ്ങളെയും തിരുത്തിക്കുറിച്ച വിപ്ലവസമാനമായ സംഭവമായിരുന്നു. അതിന് കരണക്കാരനായത്, ജീവിതം ഒരു വിപ്ലവമാക്കി, സംഗീതത്തെ സമർപ്പണമാക്കിയ എം ബി ശ്രീനിവാസനും. ‘കാല്പാ‍ടുകള്‍’എന്ന ചലച്ചിത്രത്തിനുവേണ്ടിയാണ്, അന്നോളം അവഗണനയുടെ കയ്പ്പ് ആവോളം രുചിച്ച മട്ടാഞ്ചേരിക്കാരൻ ദാസപ്പൻ ആദ്യമായി പാടിയത്.

ആയിരം ഇതളുള്ള സംഗീതപുഷ്‌പം വിടരുന്നപോലെ അസാധാരണ ആലാപനങ്ങളായി പിന്നീട് ദാസിന്റെ യുഗം പിറക്കുകയായിരുന്നു. ആര്‍ദ്ര-തരളമായ ആ ശബ്ദം, ഒരേസമയം ഉന്മാദത്തെയും യാഥാർഥ്യത്തെയും അനുഭവിപ്പിക്കാൻ നമ്മളെ നിരന്തരം തേടിവന്നു. പാട്ടുപെട്ടികളുടെയും ഉയരക്കോളാമ്പികളുടെയും കാലത്തുനിന്ന് ബഹുദൂരം സഞ്ചരിച്ച് ഇന്നത് ഗിഗാബൈറ്റുകളായി നമ്മുടെ സ്മാർട്ട് ഫോണുകളിൽ നിറഞ്ഞുനിൽക്കുന്നു. ആ ശബ്ദമൊഴിഞ്ഞ രാവോ പകലോ നമുക്കില്ല. ഉണരാനും ഉറങ്ങാനും പോലും ആ ഔഷധം വേണമെന്ന അവസ്ഥ.

തുടർച്ചയായ കഷ്ടപ്പാടുകളുടെയും ഇല്ലായ്മകളുടെയും വൈതരണികൾ മുറിച്ചുകടന്നിട്ടാണ് യേശുദാസ് ഇന്നത്തെ ഉയരത്തിൽ എത്തിപ്പെട്ടത്. യേശുദാസിന്റെ സ്വരം കൊള്ളില്ലെന്ന് പറഞ്ഞ ‘കാല്പാടുകളു’ടെ ശബ്ദലേഖകന്‍, സ്വരം പ്രക്ഷേപണയോഗ്യമല്ലെന്ന് വിധിച്ച ആകാശവാണി, ‘നസ്രാണിക്ക് സംഗീതം വഴങ്ങുമോ?’ എന്ന് ചോദിച്ച സംഗീത അധ്യാപകന്‍…. ഇവരൊക്കെ പാശ്ചാത്തപിച്ചിട്ടുണ്ടാവും. മലയാളിക്ക് അവന്റെ (അവളുടെ) ഹൃദയവികാരങ്ങൾ പറയാനും കേൾക്കാനും ഏറ്ററ്വും ഇമ്പമുള്ള ശബ്ദമായി അയാൾ വളർന്നു.

മഹാകവി ജി ശങ്കരക്കുറുപ്പാണ് യേശുദാസിനെ ആദ്യമായി ‘ഗാനഗന്ധര്‍വന്‍’ എന്ന് വിശേഷിപ്പിച്ചത്. ഒരു കാവ്യഭാഷയ്ക്കുപരിയായി ആ വിശേഷണം പുഷ്പിച്ചുലഞ്ഞു. രാജശില്പിയായ സംഗീതജ്ഞൻ ജി. ദേവരാജന്‍റെ അഭിപ്രായത്തിൽ, “മലയാളത്തിലെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ഗായകന്‍ യേശുദാസാണ്. അതു കഴിഞ്ഞു മാത്രമേ മറ്റു ഗായകരുള്ളു”. ഇതിൽപ്പരം എന്ത് വിലയിരുത്തലാണ് വേണ്ടത്. 

കടുത്ത നിയമവ്യവസ്ഥകൾ കാരണം ശാസ്ത്രീയ സംഗീതത്തോട് അകലം സൂക്ഷിച്ച സംഗീതാസ്വാദകരെപ്പോലും സിനിമാപ്പാട്ടുകളിലൂടെ മെല്ലെയെങ്കിലും കർണ്ണാടക സംഗീതത്തിന്റെ പാതയിലേക്ക് കൊണ്ടുവരാൻ ദാസിന്റെ പാട്ടുകൾക്ക് സാധിച്ചു എന്ന് പറയാം. എം ഡി രാമനാഥൻ, ചെമ്പൈ വൈദ്യനാഥൻ, നെയ്യാറ്റിൻകര വാസുദേവൻ തുടങ്ങിയ സംഗീതജ്ഞരെപ്പോലെ മഹാജ്ഞാനിയായില്ലെങ്കിൽപ്പോലും, മലയാളത്തിന്റെ  ജനകീയ  ഗായകനായി മാറിയ അദ്ദേഹം ഇനിയും എത്രയെത്ര തലമുറകളുടെ സംഗീതവീക്ഷണങ്ങളെ സ്വാധീനിക്കുമെന്ന് പ്രവചിക്കുക സാധ്യമല്ല. മറ്റെല്ലാ വേർതിരിവുകൾക്കും വിഭാഗീയതകള്‍ക്കും തൊടാനാവാത്ത ഹൃദയസംഗീതത്തിന്റെ ഋതുഭേദങ്ങളായി മലയാളികളെ വിസ്മയിപ്പിക്കുന്ന അപൂർവ്വമായ പ്രതിഭകൾ യേശുദാസിനെപ്പോലെ അധികമില്ല. 

യേശുദാസിന്റെ മികച്ചപാട്ടുകൾ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ ആരായാലും കുഴങ്ങിപ്പോകും. എങ്കിലും ഒരു ശ്രമം എന്ന നിലയിൽ പതിനഞ്ച് പാട്ടുകൾ പെട്ടെന്ന് ഓർത്തെടുക്കുന്നു.

 1. “ശ്രാന്തമംബരം…”  (സൃഷ്‌ടി)  ദക്ഷിണാമൂർത്തി
 2. “കായാമ്പൂ കണ്ണിൽ വിടരും” (നദി) ദേവരാജൻ
 3. “ശ്യാമസുന്ദര പുഷ്പമേ…”  (യുദ്ധകാണ്ഡം)  കെ. രാഘവൻ
 4. “താമസമെന്തേ വരുവാൻ” (ഭാർഗ്ഗവീനിലയം) ബാബുരാജ് 
 5. “ഹൃദയത്തിൻ രോമാഞ്ചം…” (ഉത്തരായണം) എം ബി ശ്രീനിവാസൻ
 6. “ഒരു ദലം മാത്രം” (ജാലകം) എം ജി രാധാകൃഷ്ണൻ
 7. “കിളി ചിലച്ചു” (സമസ്യ) കെ പി ഉദയഭാനു
 8. “ആരെയും ഭാവഗായകനാക്കും”  (നഖക്ഷതങ്ങൾ) ബോംബെ രവി
 9. “പാടുവാനായ് വന്നു…” (എഴുതാപ്പുറങ്ങൾ) വിദ്യാധരൻ
 10. “പ്രമദവനം വീണ്ടും…”  (ഹിസ്‌ഹൈനസ് അബ്ദുള്ള) രവീന്ദ്രൻ
 11. “ദേവാങ്കണങ്ങൾ  കൈയൊഴിഞ്ഞ താരകം” (ഞാൻ ഗന്ധർവ്വൻ) ജോൺസൺ
 12. “അരികിൽ നീയുണ്ടായിരുന്നെങ്കിൽ…” (നീയെത്ര ധന്യ)  ദേവരാജൻ
 13. “രാപ്പാടീ… കേഴുന്നുവോ?” (ആകാശദൂത് ) ഔസേപ്പച്ചൻ
 14. “വേഴാമ്പൽ കേഴും…” (ഓളങ്ങൾ) ഇളയരാജ
 15. “മുത്തുമണിത്തൂവൽ തരാം..” (കൗരവർ) എസ് പി വെങ്കടേഷ് 

– പി. ശിവപ്രസാദ്


Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!