തന്റെ ശബ്ദമാണ് പലപ്പോഴും സ്ക്രീനിലെ കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്നത് എന്ന പരമാർത്ഥം ഒരു തൊഴിലിടം എന്നതിനും അപ്പുറം ഉൾക്കൊണ്ടിട്ടുണ്ടോ?

ഡബ്ബിങ് ഒരു തൊഴിൽ തന്നെയാണ്. നമ്മളൊക്കെ ജീവിക്കാൻ വേണ്ടിയാണ് ഈ ഒരു തൊഴിൽ സ്വീകരിച്ചതും. അതിലൂടെയാണ് എന്നെ സംബന്ധിച്ചിടത്തോളം ഞാനും എന്റെ കുടുംബവും ജീവിക്കുന്നത്. ഡബ്ബിങ് ഒരു വലിയ കലയാണ്, നമ്മൾ കൂലി വാങ്ങി ജോലി ചെയ്തു എന്നതിലുപരി ഒരു കഥാപാത്രത്തിന് ജീവൻ കൊടുക്കുന്നത് നമ്മുടെ ശബ്ദത്തിലൂടെയും വികാരത്തിലൂടെയും ആയിരിക്കും. ആ കഥാപാത്രം അഭിനയിച്ചതിനേക്കാൾ കൂടുതൽ നമ്മൾ ചിലപ്പോൾ പ്രയത്നിച്ചിട്ടുണ്ടാകും. അങ്ങനെ ഒരു പല കഥാപാത്രങ്ങളും ഉണ്ട്. ചിലപ്പോഴത് സംവിധായകനും സൗണ്ട് എൻജിനീയർസും തിരക്കഥാകൃത്തും സമ്മതിക്കും. ഒരുപാട് കഥാപാത്രങ്ങൾ അങ്ങനെ ഡബ്ബിങ് ആർട്ടിസ്റ്റുകളിലൂടെ ജീവൻ വെച്ചിട്ടുണ്ട്. ചിലപ്പോൾ ആർട്ടിസ്റ്റുകൾ നന്നായി അഭിനയിച്ചിട്ടുണ്ടാകും, അത്തരം അവസരങ്ങളിൽ അവർ കൊടുത്തിരിക്കുന്ന ശക്തമായ അഭിനയത്തെ കുറയ്ക്കാതെ അതിനു വീഴ്ച വരുത്താതെ ഡബ്ബ് ചെയ്യുന്നതും നമ്മുടെ ഒരു കഴിവാണ്. അപ്പോൾ അതിന്റെതായ ഒരു ഗൗരവവും സമർപ്പണവും ആത്മാർത്ഥതയും ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ഒരു കഥാപാത്രം വിലയിരുത്താൻ കഴിയൂ. ഡബ്ബിങ് എന്നത് ഒരു ക്രിയാത്മക മേഖലയാണ്, എന്റെ ഒരു പാഷനായി കണ്ടു കൊണ്ടാണ് ഞാൻ ഈ തൊഴിൽമേഖല സ്വീകരിച്ചത്. അതുകൊണ്ടാവാം ഈ 45 വർഷം എനിക്ക് ഫീൽഡിൽ പിടിച്ചുനിൽക്കാൻ പറ്റിയത് എന്ന് ഞാൻ വിശ്വസിക്കുന്നു, അതു മാത്രമല്ല, ശബ്ദത്തേക്കാൾ ഉപരി ഒരുപാട് ഘടകങ്ങൾ ആ കഥാപാത്രത്തിനു ജീവൻ കൊടുക്കാൻ വേണ്ടി ശ്രദ്ധിക്കേണ്ടതുണ്ട്. അപ്പോൾ അതെല്ലാം ശരിയായി ചെയ്തു എന്നത് കൊണ്ടാവാം എനിക്ക് ഇത്രയും കാലം പിടിച്ചു നിൽക്കാനായത്. ഇതൊരു ദൈവീകമായ ഒരു കലയാണ് അത് എല്ലാവർക്കും കിട്ടുന്നതല്ല, ഒരു അനുഗ്രഹം കൂടിയാണ്. നമുക്ക് നമ്മുടെ ശബ്‌ദത്തിനൊപ്പം ആ കഥാപാത്രത്തോട് നീതി പുലർത്താൻ പറ്റുന്നുണ്ട് എന്നതാണ് എന്റെ വിശ്വാസം.

നാൽപ്പതു വര്ഷങ്ങളോളം മലയാള സിനിമയിൽ നിറഞ്ഞു നിന്നിട്ടും, കുക്കറമ്മയിലൂടെ ആളുകൾ ചർച്ച ചെയ്തു. സ്ക്രീനിനു മുൻപിൽ തന്നെയാണോ യഥാർത്ഥ അംഗീകാരം ലഭിക്കുന്നത്?

സ്ക്രീനിനു മുന്നിൽ തന്നെയാണ് നമുക്ക് അംഗീകാരം ലഭിക്കുന്നത്. കാരണം ഈ 45 വർഷം ഞാൻ ഡബ്ബ് ചെയ്തിട്ടും എന്നെ അറിയാത്തവരുണ്ട്. ഇപ്പോൾ ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ എന്റെ ഫാൻസ് ഞാൻ ഡബ്ബ് ചെയ്ത് വീഡിയോസ് പോസ്റ്റ് ചെയ്യുമ്പോൾ അതിനടിയിൽ വരുന്ന കമന്റ്സിലൂടെയാണ് മനസ്സിലാക്കുന്നത് ഒരുപാട് പേർക്ക് എന്നെ അറിയില്ല എന്നത്. എന്നെ മാത്രമല്ല എന്നെ പോലെ ഈ മേഖലയിലുള്ള ഒരുപാട് കലാകാരന്മാരെ ജനങ്ങൾക്ക് അറിയില്ല. ഒരു അഭിനയതാവിന്റെ പെർഫോമൻസിനൊപ്പമാണ് ഡബ്ബ് ചെയ്യുന്നത്. അങ്ങിനെ ചെയ്തു വരുമ്പോൾ അത് യഥാർത്ഥമായി അവരുടെ ശബ്ദമാണ് എന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്. വേറെയൊരാൾ ഡബ്ബ് ചെയ്തു എന്ന് തോന്നാത്ത സ്ഥിതിക്ക് അതാരാണ് ഡബ്ബ് ചെയ്തത് എന്ന് അന്വേഷിക്കേണ്ട കാര്യം അവരുടെ മനസ്സിലേക്ക് കേറി വരില്ല. അതുകൊണ്ടാണ് നമ്മൾ ഒന്നും അറിയപ്പെടാതെ വരുന്നത്. 1800 ഓളം പടങ്ങൾ ചെയ്ത എനിക്ക്, ഇത്ര ചിത്രങ്ങൾ ചെയ്തതിന്റെ അംഗീകാരം ഒന്നും ലഭിച്ചിട്ടില്ല. എന്നെപ്പോലെ തന്നെയാണ് മറ്റുള്ള ഒരുപാട് ഡബ്ബിങ് ആർട്ടിസ്റ്റുകളും. കുക്കർ അമ്മ എന്ന കഥാപാത്രം സ്ക്രീനിൽ ചെയ്തപ്പോൾ ഒരുപാട് മലയാളികളുടെ ഹൃദയത്തിലേക്ക് ആ കഥാപാത്രം എത്തിയിട്ടുണ്ട്. ഡബ്ബിങിനോട് താല്പര്യമുള്ളവർ, ഡബ്ബിങ്ങിനെക്കുറിച്ച് അറിയുന്നവർ, അത് മനസ്സിലാക്കി, നമ്മളെ അംഗീകരിക്കുന്നത് വളരെ വലിയ കാര്യമാണ്. അഭിനയതാവ് തന്നെ ഡബ്ബ് ചെയ്തതായി തോന്നി എന്നു പറയുന്നതും വലിയ ഒരു അംഗീകാരമാണ്. എന്നാൽ പെട്ടെന്ന് ലഭിക്കുന്ന ഒരു അംഗീകാരം എന്ന് പറയുന്നത് സ്ക്രീനിനു മുന്നിൽ ഉള്ള അംഗീകാരം തന്നെയാണ്.

കുക്കറമ്മയുടെ ശബ്ദം മലയാളി പ്രേക്ഷകരെ വലിയ ആശയകുഴപ്പത്തിലേക്കു തള്ളി വിട്ടു, കാവ്യാ ഉൾപ്പെടെയുള്ള എണ്ണം പറഞ്ഞാൽ തീരാത്ത മലയാളി നടിമാരുടെ ശബ്ദം ആളുകൾ ചർച്ച ചെയ്തു. അതൊരു വലിയ അനുഭവമല്ലേ?

കുക്കർ അമ്മയുടെ ശബ്ദം മലയാളി പ്രേക്ഷകർ ഒരുപാട് ചർച്ച ചെയ്തു എന്നത് സോഷ്യൽ മീഡിയയിലെ കമന്റ്സിലൂടെ ഞാൻ മനസ്സിലാക്കി. അപ്പോൾ അതിൽ ഒരുപാട് പേർ കമന്റ് ചെയ്തിരിക്കുന്നത് കാവ്യാ മാധവനാണ് കുക്കർ അമ്മയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത്, അല്ലെങ്കിൽ കാവ്യാമാധവനെ ഡബ്ബ് ചെയ്തവരാണ് അവർക്ക് ശബ്ദം നൽകിയിരിക്കുന്നത്, എന്തിനാണ് ഇത്രയും നല്ല ശബ്ദം ഒരു ജോലിക്കാരിക്ക് നൽകിയിരിക്കുന്നത് ഇങ്ങനെയുള്ള നെഗറ്റീവ് കമന്റ്സ് ആയിരുന്നു. ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ എന്നത് ആർക്കും അറിയില്ല. ഒരുപാട് നല്ല കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത് കൊണ്ട് എനിക്ക് കിട്ടുന്ന ഒരു അംഗീകാരമായാണ് ഞാൻ ഈ നെഗറ്റീവ് കമന്റ്സ് കാണുന്നത്. എന്റെ ക്യാരക്ടറിനു എനിക്ക് തന്നെ എന്റെ ശബ്ദം ഉപയോഗിക്കാൻ പറ്റാത്ത രീതിയിലായ പോലെ ആയിരിക്കുന്നു. കാവ്യാ മാധവന്റെ ശൈലി വരാത്ത രീതിയിൽ മാറ്റി ചെയ്യാൻ ശ്രമിച്ചതായിരുന്നു. എന്നിട്ടും പ്രേക്ഷകർ അത് കണ്ടുപിടിച്ചു. നിഷ്കളങ്കമായി പറയുന്ന അമ്മയുടെ ശൈലി ആയതുകൊണ്ടാകാം അത് കാവ്യാ മാധവന്റെ ശബ്ദമായും മറ്റു പല നടിമാരുടെ ശബ്ദമായും തോന്നിയത്. അത് വലിയ ഒരു അനുഭവം തന്നെയായിരുന്നു.

ഒരു പക്ഷെ അഭിനയത്തിന്റെ മറ്റൊരു തലമായിരിക്കും ഡബ്ബിങ് മൈക്കിന് മുൻപിൽ ശ്രീജ രവിയെപ്പോലെ ഉള്ളവർ Dubbing Artists കാഴ്ച വെക്കുന്നത്. ഒരു പാട് പേര് ചോദിച്ച ചോദ്യമാകാം, എങ്കിലും ചോദിക്കുന്നു. അർഹിക്കുന്ന ഒരു പരിഗണന ഇങ്ങിനെ ‘രൂപങ്ങൾക്ക് ശബ്ദങ്ങളിലൂടെ പൂർണ്ണത നൽകുന്നവർക്ക്’ കിട്ടുന്നുണ്ടോ?

രൂപങ്ങൾക്ക് ശബ്ദങ്ങളിലൂടെ പൂർണ നൽകുന്നു എന്ന് പറയുന്നത് തന്നെ വലിയ ഒരു അംഗീകാരമാണ്. ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല എന്നത് സത്യമാണ്. ഡബ്ബിങ് എന്ന കലയ്ക്ക് പരിഗണന പോര എന്നതാണ് എന്റെ അഭിപ്രായം. സിനിമയിലുടനീളം ആ കഥാപാത്രത്തിന് ജീവൻ നൽകുന്നതാണ് ശബ്‌ദം. സിനിമാമേഖലയിൽ അഭിനേതാക്കൾക്കും ഗായകർക്കും ലഭിക്കുന്ന അംഗീകാരം കഥാപാത്രത്തിന് ശബ്ദം നൽകിയവർക്ക്‌ എന്ത് കൊണ്ട് അതെ അംഗീകാരം കൊടുക്കുന്നില്ല? സിനിമയുടെ ടൈറ്റിലിൽ കഥാപാത്രത്തിന് ശബ്ദം നൽകിയവരുടെ പേര് പോലും ചിലപ്പോൾ വരാറില്ല. സിനിമയുടെ ഫങ്ഷനും ചിലപ്പോൾ വിളിക്കാറില്ല. ശബ്ദം നൽകിയവരെ വർക്ക് കഴിഞ്ഞതിനു ശേഷം പലരും ഓർക്കാറില്ല എന്നതും ഒരു സങ്കടമാണ്.

മകൾ സജീവ അഭിനയത്തിലൂടെ മുഖ്യധാരയിലേക്ക് എത്തിയിരിക്കുന്നു. എങ്ങിനെ ആണ് രവീണയുടെ പ്രകടനത്തെ വിലയിരുത്തുന്നത്?

മകൾ രവീണ ഡബ്ബിങ് ആർട്ടിസ്റ്റായി നല്ലരീതിയിൽ തന്നെ മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ നാലുവർഷത്തിനുള്ളിൽ എൺപതോളം ചലച്ചിത്രത്തിലെ നായികമാർക്ക് ശബ്ദം നൽകി കഴിഞ്ഞു. മകൾ മുഖ്യധാരയിൽ എത്തി എന്ന് പറയുന്നത് കേൾക്കുമ്പോൾ വളരെയധികം സന്തോഷമുണ്ട്. തമിഴിൽ റിലീസായത് രണ്ടു ചിത്രങ്ങളാണ്. ഇനി രണ്ടു ചലച്ചിത്രങ്ങൾ കൂടി റിലീസ് ആകുവാനുണ്ട്. ഇപ്പോൾ റിലീസ് ആയ കാവൽ തുരെയ് ഉങ്കൾ നൻപൻ കോവിഡ് പശ്ചാത്തലത്തിലും നല്ല പ്രതികരണത്തോടെ 30 ദിവസങ്ങൾ കഴിഞ്ഞു. അതിൽ രവീണ നന്നായി അഭിനയിച്ചിട്ടുണ്ട്. ഒരു അമ്മ എന്നല്ലാതെ ഒരു പ്രേക്ഷക എന്ന രീതിയിൽ ആ ഒരു കാരക്ടർ അതിമനോഹരമായി ഉൾക്കൊണ്ടു ചെയ്തു എന്ന് തോന്നി. കഥകൾ തിരഞ്ഞെടുക്കുകയാണ് അവൾ ചെയ്യുക. അതുകൊണ്ടാണ് ഇത്രയും വർഷങ്ങളായിട്ടും കുറഞ്ഞ സിനിമകൾ.

1983-ൽ ഗൃഹലക്ഷ്മി ഫിലിംസ് ന്റെ ചിത്രത്തിന് 3000 രൂപയും ഒപ്പം ശ്രീ ഗംഗാധരൻ ഒരു സൈക്കിളും നൽകി എന്ന് വായിച്ചു. അന്ന് വളർന്നു വരുന്ന ഒരു ആർട്ടിസ്റ്റിനു സഞ്ചരിക്കാൻ ഒരു സൈക്കിൾ വേണമെന്നുള്ള ഒരു പ്രൊഡ്യൂസറിന്റെ തിരിച്ചറിവാകാം അത്. കാലങ്ങൾക്കിപ്പുറം കാര്യങ്ങൾ അറിഞ്ഞു നൽകുന്ന അത്തരം സിനിമാക്കാർ ഉണ്ടോ?

1983 യിൽ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിൽ ഡബ്ബ് ചെയ്തതിനാണ് ഗൃഹലക്ഷ്മി ഫിലിംസിന്റെ ബാനറിൽ ശ്രീ ചേട്ടൻ എനിക്ക് 3000 രൂപ പ്രതിഫലവും ഒരു സൈക്കിളും തന്നത്. സൈക്കിൾ തന്നത് എനിക്ക് സഞ്ചരിച്ച് പോകാൻ വേണ്ടിയല്ല. അത് ഒരു സന്തോഷത്തിന് തന്നതാണ്. ജോലി ചെയ്യുന്നു എന്നത് മാത്രമല്ലാതെ ആത്മാർത്ഥതയോടും കൂടി ഒരു കുടുംബം പോലെയാണ് ഏതൊരു കമ്പനിയായും ഇടപെടാറുള്ളത്. അതിനൊരു സന്തോഷത്തിലാണ് ഒരു സമ്മാനമായി സൈക്കിൾ തന്നത്. ഇന്ന് അധിക പ്രൊഡ്യൂസർമാരെയും കാണാറുപോലുമില്ല. അറിഞ്ഞു സമ്മാനങ്ങൾ നൽകുന്നവർ ഇന്നില്ല. കാരണം അന്നത്തെ പ്രതിഫലവും ഇന്നത്തെ പ്രതിഫലവും തമ്മിൽ വ്യത്യാസമുണ്ട്.

ഒരു കാലത്തു ചെന്നൈയിൽ മാത്രം സിനിമകൾ സംഭവിക്കുന്നു. ഇപ്പോൾ കൊച്ചിയിലും. കാലങ്ങൾ മാറി, സ്ഥലങ്ങൾ മാറി, സിനിമ മാറിയോ? സിനിമാ സഹൃദങ്ങൾ മാറിയോ?

ഒരുകാലത്ത് ചെന്നൈയിൽ തന്നെയായിരുന്നു സിനിമകൾ ഷൂട്ട് ചെയ്യുന്നതും ഡബ്ബ് ചെയ്യുന്നതുമെല്ലാം. പിന്നീട് അത് തിരുവനന്തപുരത്തേക്ക് മാറി. ഇപ്പോൾ കൊച്ചിയിലാണ് കൂടുതൽ ഡബ്ബിങ് നടക്കുന്നത്. കാലങ്ങളും മാറി, സ്ഥലങ്ങളും മാറി, സിനിമകളും മാറിയിരിക്കുന്നു. പണ്ടത്തെ ശൈലിയിലുള്ള സംഭാഷണങ്ങൾ അല്ല ഇന്ന്. പറയുന്ന രീതിയും മാറിയിരിക്കുന്നു. പണ്ട് കുടുംബവിശേഷങ്ങൾ, കുടുംബത്തിലെ ഒരുപാട് നന്മകൾ, മറ്റുള്ളവരിലേക്ക് നല്ല സന്ദേശങ്ങൾ എത്തിക്കുന്ന സിനിമകളായിരുന്നു കൂടുതൽ. ഇന്നും ഇതുപോലുള്ള സിനിമകൾ ഉണ്ട്. എന്നാൽ ഇന്നത്തെ ജനറേഷന് ഇഷ്ടപ്പെടുന്ന സിനിമകളാണ് കൂടുതലും. സിനിമകൾക്കുള്ളിൽ വയലൻസും കൂടിയിരിക്കുന്നു. സിനിമയിലൂടെ ജനങ്ങളിലേക്ക് ഒരു സന്ദേശം എത്തിക്കണം എന്ന രീതിയിൽ അല്ല ഇന്നത്തെ സിനിമകൾ എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാ സിനിമകളിലും എന്തെങ്കിലും ഒരു സന്ദേശം ജനങ്ങളിലേക്ക് എത്തിക്കണം എന്നാണ് എന്റെ അഭിപ്രായം, കാരണം മീഡിയ വളരെ പവർഫുൾ ആണ്. മീഡിയയിലൂടെ ജനങ്ങളുടെ ഹൃദയത്തിലേക്ക് മനസ്സിലേക്കും പകർത്താൻ കഴിയും. സിനിമയിലെ സൗഹൃദങ്ങളും മാറിയിരിക്കുന്നു. പണ്ട് ഒരു സിനിമയിൽ ഡബ്ബ് ചെയ്യുമ്പോൾ രാവിലെ തൊട്ട് രാത്രി വരെ പന്ത്രണ്ടോളം ആളുകൾ ഒരുമിച്ചു ഉണ്ടാകും. ഒരു സിനിമയിലെ ഡബ്ബിങ് മാസങ്ങളോളം ഉണ്ടാകും. അപ്പോൾ എല്ലാവരെയും അടുത്ത കാണാനും ഇടപഴകാനും ആളുകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും സാധിക്കും. ഒരു ഫാമിലി പോലെ, സ്വന്തം സഹോദരങ്ങളെ പോലെ ആയിരുന്നു അന്ന്. എന്നാൽ ഇന്ന് ഒരാളുടെ മാത്രം ട്രാക്ക് എടുക്കുന്നതിനാൽ രണ്ടുദിവസത്തിനുള്ളിൽ ഡബ്ബിങ് കഴിയുന്നു. ഇന്ന് ബന്ധങ്ങൾ കുറച്ച് അകന്നു പോയി എന്ന് തന്നെ പറയാം. സോഷ്യൽ മീഡിയയിലൂടെയുള്ള ബന്ധം എന്നല്ലാതെ നേരിട്ട് കാണുവാനുള്ള അവസരം വളരെ പരിമിതമാണ്. ഇന്നത്തെ സൗഹൃദങ്ങൾ വേറൊരു രീതിയിലേക്ക് മാറിപ്പോയിരിക്കുന്നു. മുൻപുണ്ടായിരുന്ന ഒരു സൗഹൃദവലയം ഇന്നില്ല.


Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!